അന്ന് നായനാര്‍ പുറത്തുതട്ടി പറഞ്ഞു, സൂക്ഷിക്കണം, മ്മടെ പാര്‍ട്ടിയാ; കെ സുധാകരന്‍

News Politics

ജനാധിപത്യരീതിയില്‍ തെരഞ്ഞെടുപ്പ് നടത്തി കോണ്‍ഗ്രസ് നേതൃത്വം പുനഃസംഘടിപ്പിക്കണം എന്നാണ് ആഗ്രഹമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. പ്രസിഡണ്ടു പദം ഇത്തവണ ആഗ്രഹിച്ചില്ല എന്നും പ്രവര്‍ത്തകരുടെ വികാരവും പിന്തുണയുമാണ് പുതിയ നിയോഗത്തിന് പിന്നിലെന്നും അദ്ദേഹം വ്യക്തമാക്കി. ആടിനെ പട്ടിയാക്കി പിന്നീട് അതിനെ അടിച്ചുകൊല്ലുന്നതാണ് സിപിഎമ്മിന്റെ ശൈലിയെന്ന് സുധാകരന്‍ ആരോപിച്ചു.

മൂന്നാംവട്ടം ഒരു വധശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ട ശേഷം നിയമസഭയില്‍ ഞാന്‍ മുഖ്യമന്ത്രി നായനാരോട് ഞാന്‍ പറഞ്ഞു. നിങ്ങളുടെ പാര്‍ട്ടിക്കോടതി എന്നെ വധശിക്ഷയ്ക്ക് വിധിച്ചിട്ടുണ്ട്. ഇന്നല്ലെങ്കില്‍ നാളെ നിങ്ങളത് പ്രാവര്‍ത്തികമാക്കും എന്ന് എനിക്കറിയാം. കെ സുധാരകരന്‍ ഇരിക്കുന്ന സീറ്റ് ഒരു ദിവസം ഒഴിവുവരും. ഞാനില്ലാത്ത ഒരു അസംബ്ലിയുണ്ടാകും. പക്ഷേ, നമ്മുടെ രാജ്യത്ത് ഏതു കുറ്റവാളിക്കും ഭരണഘടന കൊടുക്കുന്ന ഒരു സ്വാതന്ത്ര്യമുണ്ട്. ആ അവകാശം അവന്റെ അന്ത്യാഭിലാഷം നിറവേറ്റുക എന്നതാണ്. സര്‍, ഇന്ന് കേരളത്തിലുള്ള എന്റെ മുഖം ഒരു ക്രിമിനലിന്റെ മുഖമാണ്. ഒരു ഗുണ്ടയുടെ മുഖമാണ്. ആ മുഖം എന്റെ മുഖമല്ല. അത് നിങ്ങള്‍ കള്ളപ്രചരണത്തിലൂടെ ഉണ്ടാക്കിവച്ച മുഖമാണ്. എന്നെ അറിയാവുന്ന പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികളും അധ്യാപകരും ഉണ്ട്. അവരെല്ലാം അതിശയത്തോടെയാണ് ആ വിശേഷണം കേള്‍ക്കുന്നത്. അവരുടെ മനസ്സില്‍ ഞാന്‍ സഹൃദയനായ പാര്‍ട്ടി പ്രവര്‍ത്തകനാണ്. അവര്‍ക്കിത് ഉള്‍ക്കൊള്ളുന്നില്ല. നിങ്ങളീ വധശ്രമത്തിന് എന്നെ വിധിച്ച സ്ഥിതിക്ക് അവസാനത്തെ കുറ്റവാളിയുടെ ആഗ്രഹം പോലെ എനിക്കൊരു ആഗ്രഹമുണ്ട്. ആ ആഗ്രഹം സാധിച്ചു തരണം. 20 ദിവസത്തേക്ക് എങ്കിലും കെ സുധാകരന്റെ പഴയ മുഖമൊന്ന് തിരിച്ചുനല്‍കാന്‍ മുഖ്യമന്ത്രിക്ക് കഴിവുണ്ടാകണം. അത് നന്നായി നായനാരുടെ മനസ്സില്‍ തട്ടി. പത്തു പതിനാല് ദിവസം കഴിഞ്ഞ് ഞാന്‍ ഡല്‍ഹിയിലേക്ക് പോകുമ്പോള്‍ വിമാനത്തില്‍ അദ്ദേഹം മുന്‍സീറ്റില്‍ ഇരിക്കുകയാണ്. അദ്ദേഹം തിരുവനന്തപുരത്തു നിന്നും ഞാന്‍ കോഴിക്കോട്ടു നിന്നുമാണ് കയറിയത്. എന്നെ കണ്ടപ്പോള്‍, ഇരിക്കെടോ അവിടെ എന്നു പറഞ്ഞു. എന്തു പറഞ്ഞാലും, താനന്ന് പറഞ്ഞത് എന്റെ മനസ്സില്‍ കൊണ്ടെടോ എന്നു പറഞ്ഞു.. എന്റെ പുറത്തു തട്ടീട്ട് പറഞ്ഞു. സൂക്ഷിക്കണം. മ്മടെ പാര്‍ട്ടിയാ… ഒരു നല്ല മനുഷ്യസ്നേഹിയായ കമ്യൂണിസ്റ്റുകാരന്‍… അങ്ങനെയുള്ള നേതാക്കളും കണ്ണൂരുണ്ടായിട്ടുണ്ട്. ആടിനെ പട്ടിയാക്കുക, പട്ടിയെ ഭ്രാന്തന്‍ പട്ടിയാക്കുക എന്നിട്ട് അതിനെ അടിച്ചു കൊല്ലുക. അതാണ് സിപിഎമ്മിന്റെ ശൈലി. എനിക്കെതിരെയും ചെയ്തത് അതാണ്. സാമൂഹ്യവിരുദ്ധന്‍, ക്രിമിനല്‍ എന്നെല്ലാം പറഞ്ഞത് എന്നെ കൊല്ലാനാണ്. അതിനെതിരെയുള്ള പോരാട്ടവുമായി നടക്കുമ്പോള്‍ സഹൃദയത്വമുള്ള ഒരു മുഖവുമായി നടക്കാന്‍ പറ്റുമോ? എനിക്ക് കാര്‍ക്കശ്യത്തിന്റെ മുഖമല്ലാതെ പറ്റുമോ?

  • കെ സുധാകരന്റെ വാക്കുകള്‍.