സുന്ദരയ്ക്ക് കോഴ: സുരേന്ദ്രനെതിരായ കേസില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം

Keralam News Politics

സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് പിന്‍മാറാന്‍ കോഴ നല്‍കിയെന്ന ആരോപണത്തില്‍ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനെ പ്രതിചേര്‍ത്ത് രജിസ്റ്റര്‍ ചെയ്ത കേസില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. കാസര്‍കോട് ജില്ലാ ക്രൈംബ്രാഞ്ച് സംഘമാണ് കേസ് അന്വേഷിക്കുന്നത്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന കുറ്റം മാത്രമാണ് നിലവില്‍ കെ. സുരേന്ദ്രനെതിരെ ഉള്ളത്. കാസര്‍കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ അനുമതിയോടെ ബദിയടുക്ക പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ഇന്നലെയാണ് ക്രൈം ബ്രാഞ്ചിന് കൈമാറിയത്. സ്ഥാനാര്‍ഥിത്വത്തില്‍നിന്ന് പിന്‍മാറാന്‍ ബി.ജെ.പി നേതാക്കള്‍ രണ്ടര ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും നല്‍കിയെന്ന മഞ്ചേശ്വരത്തെ ബി.എസ് പി സ്ഥാനാര്‍ഥി കെ. സുന്ദരയുടെ വെളിപ്പെടുത്തലിലാണ് അന്വേഷണം. നിലവില്‍ കെ. സുരേന്ദ്രനെതിരെ 171 b, e വകുപ്പുകളില്‍ മാത്രമാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

പണം നല്‍കുന്നതിന് മുന്‍പ് ബി.ജെ.പി. നേതാക്കള്‍ തന്നെ തടങ്കലില്‍ വച്ചെന്നും ഭീഷണിപ്പെടുത്തിയെന്നം കെ.സുന്ദര ആരോപിക്കുന്നു. സുന്ദരയുടെ മൊഴി ക്രൈംബ്രാഞ്ച് സംഘം വീണ്ടും രേഖപ്പെടുത്തും കേസില്‍ മറ്റ് വകുപ്പുകള്‍ കൂടി ചുമത്തണമോ എന്ന കാര്യം മൊഴി രേഖപ്പെടുത്തിയ ശേഷമാവും ക്രൈബ്രാഞ്ച് തീരുമാനിക്കുക. പണം കൈമാറുമ്പോള്‍ കൂടെയുണ്ടായിരുന്ന ബി.ജെ.പി നേതാക്കളെ ക്രൈംബ്രാഞ്ച് സംഘം ഉടന്‍ ചോദ്യം ചെയ്തതേക്കുമെന്നാണ് സൂചന.