ജാനുവിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ലീഗ് ആലോചിച്ചു, പിന്നീടാണ് ബിജെപിയിലേക്ക് പോയതെന്ന് പ്രസീത അഴീക്കോട്

Keralam News Politics

കല്‍പ്പറ്റ: മാനന്തവാടി മണ്ഡലത്തില്‍ സികെ ജാനുവിനെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി നിര്‍ത്താന്‍ മുസ്ലിംലീഗ് ആലോചിച്ചിരുന്നതായി ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി സംസ്ഥാന ട്രഷറര്‍ പ്രസീത അഴീക്കോട്. ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നിരുന്നതായും ലീഗുമായുള്ള ചര്‍ച്ചകള്‍ ഫലപ്രദമാകാതെ വന്നപ്പോഴാണ് ജാനു ബിജെപിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് സമ്മതിച്ചത് എന്നും പ്രസീത പറഞ്ഞു. മാധ്യമം പത്രത്തോട് സംസാരിക്കവെ ആയയിരുന്നു പ്രതികരണം. സികെ ജാനുവും കെ സുരേന്ദ്രനും തമ്മിലുള്ള ആദ്യത്തെ കൂടിക്കാഴ്ച നടന്നത് കോട്ടയത്തെ നേതാവിന്റെ വീട്ടിലായിരുന്നുവെന്നും പ്രസീത വെളിപ്പെടുത്തി. നഗരഹൃദയത്തിലെ വീട്ടില്‍ മാര്‍ച്ച് രണ്ടിന് രാത്രി 12നായിരുന്നു ആദ്യകൂടിക്കാഴ്ച. ഒരു മണിക്കൂര്‍ നീണ്ട ഈ ചര്‍ച്ചയിലാണ് എന്‍.ഡി.എയില്‍ ചേരാന്‍ ജാനു 10 കോടി രൂപ ആവശ്യപ്പെട്ടത്. നേതാവിന്റെ വസതിയില്‍ നടന്ന ചര്‍ച്ചയില്‍ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടിയുടെ രണ്ട് സെക്രട്ടറിമാര്‍, സി.കെ. ജാനു, കോട്ടയത്തെ നേതാവ്, ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ എന്നിവര്‍ ഉണ്ടായിരുന്നതായി അവര്‍ വിശദ്ധമാക്കി.

ആദ്യം ആലപ്പുഴയില്‍ ചര്‍ച്ച നടത്താനായിരുന്നു സുരേന്ദ്രന്റെ തീരുമാനം. എന്നാല്‍, വിജയയാത്ര കോട്ടയത്ത് എത്തുന്നതിനാല്‍ ചര്‍ച്ച ഇവിടെയാക്കി. കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍ വരാനായിരുന്നു ആദ്യനിര്‍ദേശം. കോട്ടയത്തെത്തിയപ്പോള്‍ വീടിന്റെ ലൊക്കേഷന്‍ അയച്ചുകൊടുത്തു. 11.30നുശേഷം അവിടെയെത്തി. സുരേന്ദ്രന്‍ പ്രൈവറ്റ് സെക്രട്ടറിക്കൊപ്പമാണ് എത്തിയത്. ജാനു വയനാട്ടില്‍നിന്ന് ബി.ഡി.ജെ.എസ് നേതാവിനൊപ്പവും. ഒരുമണിക്ക് ചര്‍ച്ച കഴിഞ്ഞ് പുറത്തിറങ്ങുകയും ചെയ്തു. ആ ചര്‍ച്ചക്കിടെ മുന്‍ ധാരണയില്ലാതെ ജാനു 10 കോടിയും സുല്‍ത്താന്‍ബത്തേരി സീറ്റും കാബിനറ്റ് പദവിയും ആവശ്യപ്പെടുകയായിരുന്നു. ആവശ്യം സുരേന്ദ്രന് സ്വീകാര്യമായില്ല. ബത്തേരി സീറ്റ് തരാം. കാബിനറ്റ് പദവി പറ്റില്ല. മറ്റൊരു പദവി നല്‍കാം. ആലോചിക്കൂ എന്നുപറഞ്ഞാണ് ചര്‍ച്ച അവസാനിപ്പിച്ചത്. പിന്നീട് തനിക്ക് 30 ലക്ഷത്തിന്റെ സാമ്പത്തിക ബാധ്യതയുണ്ട്. എല്‍.ഡി.എഫില്‍ ഉള്ള സമയത്ത് പലരില്‍നിന്നായി കടം വാങ്ങിയിരുന്നു. അത് തിരിച്ചുകൊടുക്കാതെ എന്‍.ഡി.എയിലേക്ക് വരാന്‍ കഴിയില്ലെന്ന് ജാനു പറഞ്ഞു. തല്‍ക്കാലത്തേക്ക് എത്ര വേണം എന്ന് ചോദിച്ചപ്പോഴാണ് 10 ലക്ഷം എന്ന് പറഞ്ഞത്. ആ തുക ഏഴിന് തിരുവനന്തപുരത്തുവെച്ച് പണമായിത്തന്നെ കൈമാറി. യാത്രയുടെ ഭാഗമായി പാലക്കാട്ടുനടന്ന യോഗത്തിലാണ് ജെ.ആര്‍.പി എന്‍.ഡി.എയുമായി സഹകരിക്കാമെന്ന ധാരണയുണ്ടായത്- പ്രസീത കൂട്ടിച്ചേര്‍ത്തു.