99.04% വിജയവുമായി സിബിഎസ്‌ഇ പത്താം ക്ലാസ് പരീക്ഷഫലം

Education India News

ന്യൂഡല്‍ഹി : സിബിഎസ്‌ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 99.04 ശതമാനമാണ് ഈ വർഷത്തെ വിജയം. കഴിഞ്ഞ വർഷം ഇത് 91.46 ശതമാനം ആയിരുന്നു. cbseresults.nic.in, cbse.gov.in എന്നി വെബ്‌സൈറ്റുകളിലൂടെയും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ ഡിജിലോക്കര്‍ വെബ്‌സൈറ്റ് digilocker.gov.in , Results.gov.in എന്നിവയിലൂടെയും പരീക്ഷ ഫലം ലഭ്യമാകും.

90 ശതമാനത്തിനും മുകളിൽ മാർക്ക് നേടിയ വിദ്യാർത്ഥികളുടെ എണ്ണത്തിൽ വലിയ വർധനവുണ്ട്. 2,00,962 വിദ്യാർത്ഥികൾ 90% ൽ കൂടുതൽ മാർക്ക് നേടിയിട്ടുണ്ട്. സിബിഎസ്ഇ പത്താം ഫലം 2021 ൽ 57,824 വിദ്യാർത്ഥികൾ 95% ഉം അതിനുമുകളിലും മാർക്ക് നേടി. റീജിയൻ അനുസരിച്ച് ഈ വട്ടവും തിരുവന്തപുരമാണ് ഏറ്റവും കൂടുതൽ വിജയശതമാനം നേടിയത്. 99 .99 ശതമാനമാണ് തിരുവനന്തപുരം നേടിയത്. . 99.96% വിജയശതമാനമുള്ള ബെംഗളൂരുവാണ് തൊട്ടുപിന്നിൽ.

കോവിഡ് വ്യാപനം കണക്കിലെടുത്ത് ഈ വർഷത്തെ സിബിഎസ്‌ഇ പത്താം ക്ലാസ് പരീക്ഷകൾ നടത്തിയിരുന്നില്ല. ഇന്റേണല്‍ അസസ്മെന്റ്, വിവിധ ഘട്ടങ്ങളില്‍ നടത്തിയ പരീക്ഷകള്‍ എന്നിവ അടിസ്ഥാനമാക്കിയാണ് ഈ പ്രാവശ്യം മൂല്യനിര്‍ണയം നടത്തിയത്. അതിനാൽ തന്നെ ഇപ്പോഴത്തെ മൂല്യനിര്‍ണയത്തില്‍ അതൃപ്തിയുള്ള വിദ്യാർത്ഥികൾക്ക് കോവിഡ് കേസുകൾ കുറയുന്ന സാഹചര്യത്തിൽ വീണ്ടും പരീക്ഷ എഴുതുവാനുള്ള അവസരം ഒരുക്കുമെന്ന് സിബിഎസ്‌ഇ അറിയിച്ചിട്ടുണ്ട്.

കോവിഡ് വ്യാപനം കണക്കിലെടുത്ത് പരീക്ഷ ഒഴിവാക്കണെമെന്ന നിരവധി സംസ്ഥാനങ്ങളുടെ ആവശ്യം മുൻനിർത്തി ഈ കഴിഞ്ഞ ഏപ്രിലിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേർന്ന യോഗം പരീക്ഷ റദ്ദാക്കിയത്. സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ജൂലൈ 30 ന് പ്രഖ്യാപിച്ചിരുന്നു.