ഓൺലൈൻ ക്ലാസുകൾ ആരോഗ്യ പ്രശ്‍നങ്ങൾക്ക് കാരണമാവുന്നു; വിദ്യാലയങ്ങൾ തുറക്കാനൊരുങ്ങി സർക്കാർ

Education Keralam News

ഓണ്‍ലൈന്‍ വിദ്യാഭ്യാസം കുട്ടികളിൽ മാരകമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കുന്നതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നിയമസഭയിൽ പറഞ്ഞു. സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളും ഘട്ടം ഘട്ടമായി തുറക്കുന്നതിനെക്കുറിച്ച് ആലോചനകൾ നടത്തുന്നതിനെ കുറിച്ച് വ്യക്തമാക്കിയാണ് കുട്ടികൾ നേരിടുന്ന ആരോഗ്യപരമായ പ്രശ്‍നങ്ങൾ കൃത്യമായ കണക്കുകൾ കാണിച്ച് മന്ത്രി വിശദീകരിച്ചത്.

ഓണ്‍ലൈന്‍ രീതിയിലുള്ള പുതിയ പഠനം കുട്ടികൾക്ക് ശാശ്വതമല്ലെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. സർക്കാർ ഘട്ടം ഘട്ടമായി വിദ്യാലയങ്ങൾ തുറക്കാൻ ശ്രമിക്കുന്നുണ്ടെന്നും ഇതിന് കേന്ദ്ര സർക്കാരിന്റെയും കൊവിഡ് നിയന്ത്രണ അതോറിറ്റിയുടെയും അനുമതി ലഭിക്കണം. അത് കിട്ടിയാലുടൻ എല്ലാ കുട്ടികൾക്കും വാക്സിൻ നൽകി വിദ്യാലയങ്ങൾ തുറക്കും.

ഓണ്‍ലൈന്‍ ക്ലാസുകൾ കാരണം 36% വിദ്യാര്‍ഥികള്‍ക്ക് തലവേദനയും 28 ശതമാനം പേർക്ക് കണ്ണുവേദനയും, അത്രതന്നെ ശതമാനം കുട്ടികള്‍ക്ക് കഴുത്തുവേദനയും ഉണ്ടാകുന്നതായി എസ്‌സിആര്‍ടി നടത്തിയ പഠനത്തെ അടിസ്ഥാനമാക്കി അദ്ദേഹം പറഞ്ഞു. കുട്ടികളിൽ ഉണ്ടാവുന്ന മാനസികവും ശാരീരികവുമായ പ്രശ്‍നങ്ങൾ ഇല്ലാതാക്കാൻ രക്ഷകര്‍ത്താക്കള്‍ കുട്ടികളുമായി കൂടുതൽ സംസാരിക്കണമെന്നും വിദ്യാഭ്യാസ മന്ത്രി നിർദേശിച്ചു.

ആദ്യ ഘട്ടത്തിൽ മുതിര്‍ന്ന കുട്ടികളുടെ ക്ലാസുകള്‍ തുറക്കാമെന്നും, ചെറിയ ക്ലാസില്‍ നിന്നും തുടങ്ങുന്നതാണ് നല്ലതെന്നുമുള്ള രണ്ട് സാധ്യതകളെ കുറിച്ചും വകുപ്പ് പരിശോധിക്കുകയാണ്. ഒന്നാം ക്ലാസ് മുതല്‍ മൂന്നാം ക്ലാസ്സുവരെയുള്ള കുട്ടികളിൽ പ്രതിരോധ ശേഷി കൂടുതലാണെന്ന പഠനങ്ങളും മന്ത്രി എടുത്ത് പറഞ്ഞിട്ടുണ്ട്. വിദ്യാലയങ്ങൾ തുറക്കാനൊരുങ്ങുന്ന മറ്റു സംസ്ഥാനങ്ങളുടെ മാതൃകകളും പ്രോട്ടോക്കോളുകളും വിലയിരുത്തിയ ശേഷമേ അവസാന തീരുമാനം എടുക്കൂവെന്നും അദ്ദേഹം പറഞ്ഞു.

ഡിജിറ്റല്‍ ക്ലാസുകൾ കുട്ടികളിൽ പുസ്തകവുമായി അകൽച്ച വാര്ത്തതാണ് കാരണമായിട്ടുണ്ട്. വിദ്യാലയങ്ങൾ തുറന്നു പ്രവർത്തിക്കണമെന്നാണ് കൂടുതൽ ആദ്യപരുടെയും ആവശ്യമെന്നും അതിലേക്ക് തന്നെ കൂടുതൽ ചർച്ചകൾ നടത്തി തീരുമാനം എടുക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.