ആര്‍എസ്എസിന്റെ ക്രിസ്ത്യാനി സ്നേഹം കുറുക്കനോട് കോഴിയോടുള്ളത് പോലെ; എം എ ബേബി

Keralam News

ആര്‍എസ്എസിനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. കേരള രാഷ്ട്രീയത്തിന്റെ പുറമ്പോക്കില്‍ സ്ഥാനമുള്ള ആര്‍എസ്എസ് നടത്തുന്ന വര്‍ഗീയ വിഭജന ശ്രമം ക്രിസ്ത്യാനികള്‍ക്കിടയില്‍ നടക്കില്ലെന്ന് എംഎ ബേബി തുറന്നടിച്ചു. ആര്‍എസ്എസുകാരുടെ ക്രിസ്ത്യാനി സ്നേഹം കുറുക്കന് കോഴിയോടുള്ള സ്നേഹം പോലെയാണ്. കേരളത്തില്‍ അവരുടെ ഒരു ശ്രമവും വിജയിക്കില്ല. അത്തരമൊരു സാഹചര്യത്തില്‍ എങ്ങനെ പിടിച്ചുനില്‍ക്കാം എന്ന ചിന്തയില്‍ നിന്നാണ് കേരളത്തിലെ ക്രിസ്ത്യാനികളില്‍ മുസ്ലിം വിരോധം കുത്തിവെച്ച് അവരെ പാട്ടിലാക്കാമോ എന്ന് ആര്‍എസ്എസ് ചിന്തിക്കുന്നതെന്ന് എംഎ ബേബി വിമര്‍ശിച്ചു. ക്രിസ്തുവിന്റെ സന്ദേശങ്ങളിലെ സ്നേഹം എല്ലാ വിഭാഗം മലയാളികളുടെയും മനസിലുണ്ട്. അതുകൊണ്ട് നാലഞ്ച് ക്രിസ്ത്യന്‍ വര്‍ഗീയവാദികളെ കണ്ട് ആര്‍എസ്എസ് മനപ്പായസമുണ്ണെണ്ട എന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പില്‍ നിന്ന്;

ആര്‍ എസ് എസ് മാലാഖാവേഷത്തില്‍ വന്നാലും കാക്കി നിക്കറും പരമതവിദ്വേഷം ബലം നല്കുന്ന മുളവടിയും അവര്‍ക്ക് കാണാനാവും. നിങ്ങളുടെ പുസ്തകങ്ങളില്‍ ക്രിസ്ത്യാനികളെ എങ്ങനെ കൈകാര്യം ചെയ്യണം എന്ന് എഴുതിയിരിക്കുന്നു എന്നു വായിച്ചു മനസ്സിലാക്കാന്‍ ശേഷിയുള്ള ക്രിസ്ത്യാനികള്‍ ഇപ്പോഴും ഈ നാട്ടില്‍ ഉണ്ട്. നിലയ്ക്കല്‍ പ്രശ്നത്തിന്റെ കാലം മുതല്‍ കേരളത്തിലെ ക്രിസ്ത്യാനികളോട് ആര്‍ എസ് എസ് എടുത്ത സമീപനവും ഈ മതവിശ്വാസികള്‍ക്ക് അറിയാം. മറ്റു സംസ്ഥാനങ്ങളില്‍
ആര്‍ എസ് എസ് ക്രിസ്തീയപുരോഹിതരോടും കന്യാസ്ത്രീകളോടും കാണിക്കുന്ന അക്രമവും ഇവിടെ എല്ലാവര്‍ക്കും നല്ലവണ്ണം അറിയാം. നഞ്ചെന്തിന് നന്നാഴി എന്നാണല്ലോ, വിരലിലെണ്ണാവുന്നവരാണെങ്കിലും ക്രിസ്ത്യന്‍ വര്‍ഗീയവാദവുമായി രംഗത്തുവന്നിട്ടുള്ള അപക്വമതികളെ ക്രിസ്തീയവിശ്വാസികള്‍ വീട്ടുമുറ്റത്തുപോലും കയറ്റില്ല എന്നെനിക്ക് ഉറപ്പുണ്ട്. വിദ്വേഷമല്ല, സ്നേഹമാണ് ക്രിസ്തു പഠിപ്പിച്ചത്. അപരനെ സ്നേഹിക്കാന്‍. നാരായണഗുരു ചിന്തകള്‍ കേരളീയ മനസ്സില്‍ നിറഞ്ഞിരിക്കുന്നതുപോലെ ക്രിസ്തുവിന്റെ സന്ദേശങ്ങളിലെ ഈ സ്നേഹവും എല്ലാ വിഭാഗം മലയാളികളുടെയും മനസ്സിനെ നിറച്ചതാണ്. അതുകൊണ്ട്
നാലഞ്ച് ക്രിസ്ത്യന്‍ വര്‍ഗീയവാദികളെക്കണ്ട് ആര്‍ എസ് എസ് മനപ്പായസമുണ്ണണ്ട.
പക്ഷേ, നീര്‍ക്കോലി കടിച്ചാലും അത്താഴം മുടങ്ങുമല്ലോ. അതിനാല്‍ ക്രിസ്ത്യാനികളെ ആര്‍ എസ് എസ് പക്ഷത്തു ചേര്‍ക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്കെതിരെ എല്ലാ മതേതരവാദികളും കരുതലോടെ ഇരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Leave a Reply

Your email address will not be published.