പുകയില വിരുദ്ധ ദിനാചരണം മേയ് 31ന്

International News

സംസ്ഥാനത്ത് കൊവിഡ് പടരുന്ന സാഹചര്യത്തില്‍ പുകവലിയും പുകയില ഉപയോഗവും ഉപേക്ഷിക്കേണ്ട ആവശ്യകത വര്‍ധിച്ചതായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. ‘പുകയില ഉപേക്ഷിക്കുവാന്‍ പ്രതിജ്ഞാബദ്ധരാണ്’ (commit to quit) എന്നതാണ് ഈ വര്‍ഷത്തെ പുകയില വിരുദ്ധ ദിന സന്ദേശമെന്നും മന്ത്രി പറഞ്ഞു. നാളെയാണ് ലോക പുകയില വിരുദ്ധ ദിനം.
പുകവലിക്കുന്നവരില്‍ കൊറോണ വൈറസ് വളരെ പെട്ടെന്ന് പിടിപെടാന്‍ സാധ്യതയുണ്ട്. ഇത്തരം രോഗികളില്‍ വൈറസ് തീവ്രമായ അവസ്ഥയില്‍ എത്തുന്നുണ്ടെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

പുകയില ഉപയോഗം നിര്‍ത്തുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ടെലി കണ്‍സള്‍ട്ടേഷന്‍ വഴി കൗണ്‍സിലിംഗും മാര്‍ഗനിര്‍ദ്ദേശങ്ങളും സഹായങ്ങളും നല്‍കുന്നതിന് ഒരു ക്വിറ്റ് ലൈന്‍ (QUIT LINE) സംസ്ഥാന ആരോഗ്യ വകുപ്പ് സജ്ജമാക്കിയിട്ടുണ്ട്. മേയ് 31 ന് ലോകപുകയില വിരുദ്ധ ദിനത്തില്‍ ക്വിറ്റ് ലൈന്‍ ആരോഗ്യ വകുപ്പ് മന്ത്രി ജനങ്ങള്‍ക്കായി സമര്‍പ്പിക്കും. ആരോഗ്യ വകുപ്പിന് കീഴിലുള്ള ദിശ 1056, 104 വഴിയാണ് ഈ ക്വിറ്റ് ലൈന്‍ സജ്ജീകരിച്ചിരിക്കുന്നത്.

പുകയില ഉപയോഗം നിര്‍ത്താന്‍ ആഗ്രഹിക്കുന്ന എല്ലാ വ്യക്തികള്‍ക്കും ഈ ക്വിറ്റ് ലൈനിലൂടെ ഡോക്ടര്‍മാരുടെയും സൈക്ക്യാട്രിസ്റ്റിന്റെയും സൈക്കോളജിസ്റ്റിന്റെയും കൗണ്‍സിലര്‍മാരുടെയും സേവനങ്ങള്‍ ഉറപ്പു വരുത്തുന്നു. ആവശ്യമായ രോഗികള്‍ക്ക് ഫാര്‍മക്കോതെറാപ്പിയും ഈയൊരു പരിപാടിയിലൂടെ ഉറപ്പു വരുത്തുന്നുണ്ട്. രജിസ്റ്റര്‍ ചെയ്യപ്പെടുന്ന ഓരോ വ്യക്തിയെയും തുടര്‍ച്ചയായി ഫോളോ അപ്പ് ചെയ്യുകയും ഒരു വര്‍ഷത്തിനകം 1000 പേരെയെങ്കിലും പുകയില ഉപയോഗത്തില്‍ നിന്നും മോചിപ്പിക്കുന്നതിനാണ് ആരോഗ്യ വകുപ്പ് ലക്ഷ്യമിടുന്നത്. ഇതുകൂടാതെ ഇ-സഞ്ജീവനി പദ്ധതി വഴി പുകയില നിര്‍ത്തുന്നതിന് ടെലി കണ്‍സള്‍ട്ടേഷന്‍ സൗകര്യവും ആരംഭിക്കുന്നതാണ്. ദേശീയ പുകയില നിയന്ത്രണ പദ്ധതി, സംസ്ഥാന ആരോഗ്യ വകുപ്പിന് കീഴിലുള്ള മാനസിക ആരോഗ്യ പദ്ധതി, ജീവിതശൈലീ രോഗനിര്‍ണയ പദ്ധതി, തിരുവനന്തപുരം ആര്‍സിസി, സന്നദ്ധസംഘടനകള്‍ എന്നിവയുടെ സഹകരണത്തോടു കൂടിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

Leave a Reply

Your email address will not be published.