ന്യൂനപക്ഷ ക്ഷേമ പദ്ധതിയില്‍ കോടതി വിധി ന്യായം: പി ജെ ജോസഫ്

Keralam News

ന്യൂനപക്ഷ വിദ്യാഭ്യാസ, ക്ഷേമ പദ്ധതി സംബന്ധിച്ച 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി ന്യായമെന്ന് കേരള കോണ്‍ഗ്രസ് നേതാവ് പി ജെ ജോസഫ്. ഹൈക്കോടതി ഉത്തരവ് സര്‍ക്കാര്‍ നടപ്പാക്കണം. പിന്നോക്കാവസ്ഥയെ പറ്റി കൂടുതല്‍ പഠനം പിന്നീട് നടത്താം. ജനസംഖ്യാ ആനുപാതികമായാണ് നടപ്പാക്കേണ്ടത്. സമുദായങ്ങള്‍ പറയുന്നത് പോലെ അല്ലല്ലോ കാര്യങ്ങള്‍ നടപ്പാക്കേണ്ടതെന്നും പി ജെ ജോസഫ് പറഞ്ഞു. അതേസമയം മുസ്‌ലിം ലീഗ് എതിര്‍പ്പുമായി രംഗത്തെത്തി. സംസ്ഥാന സര്‍ക്കാര്‍ പുനപ്പരിശോധനാ ഹരജി നല്‍കണം. അല്ലെങ്കില്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ പോകണമെന്ന് ലീഗ് ആവശ്യപ്പെട്ടു.

ന്യൂനപക്ഷ ക്ഷേമ പദ്ധതിയില്‍ 80:20 അനുപാതം നിശ്ചയിച്ചത് പാലോളി കമ്മീഷനാണെന്ന് ലീഗ് നേതാക്കളായ പി കെ കുഞ്ഞാലിക്കുട്ടിയും ഇ ടി മുഹമ്മദ് ബഷീറും പറഞ്ഞു. ഉത്തരവ് ഇറക്കിയത് 2011ല്‍ വിഎസ് സര്‍ക്കാരിന്റെ കാലത്താണ്. 80:20 എന്ന സ്‌കീം അന്നത്തെ സര്‍ക്കാറിന് പറ്റിയ അബദ്ധമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്തും ഇത് ചര്‍ച്ചയായിരുന്നു. 80:20 യുഡിഎഫിന്റെ പണിയാണെന്ന പ്രചാരണം നടത്തി. പഴി മുഴുവന്‍ യുഡിഎഫിന്റെ തലയിലിട്ടെന്നും കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി. ഇനി എന്ത് ചെയ്യണമെന്ന് സര്‍ക്കാര്‍ തീരുമാനിക്കണം. മുസ്‌ലിം ന്യൂനപക്ഷത്തിന്റെ പിന്നാക്കാവസ്ഥ പരിഹരിക്കാനുള്ള പദ്ധതിയാണിത്. മറ്റ് ന്യൂനപക്ഷങ്ങള്‍ക്കായി വേറെ പദ്ധതി കൊണ്ടുവരണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. ന്യൂനപക്ഷ ക്ഷേമ പദ്ധതിയിലെ ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ പോകുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കണമെന്ന് മുതിര്‍ന്ന സിപിഎം നേതാവ് പാലോളി മുഹമ്മദ്കുട്ടി ആവശ്യപ്പെട്ടു. ജനസംഖ്യാടിസ്ഥാനത്തില്‍ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നതിനോട് യോജിപ്പില്ല. സാമൂഹ്യ, സാമ്പത്തിക സാഹചര്യം പരിഗണിച്ച് തീരുമാനമെടുക്കണം.

Leave a Reply

Your email address will not be published.