ലക്ഷദ്വീപ് – ചരിത്രവും വര്‍ത്തമാനവും

News Writers Blog

.

അഡ്വ. കെ.കെ സമദ്,
സംസ്ഥാന എക്‌സിക്കൂട്ടീവ് കമ്മറ്റി അംഗം, എ.ഐ.വൈ.എഫ്

സംസ്കാരം കൊണ്ടും ജീവിതം കൊണ്ടും സാമീപ്യം കൊണ്ടും കേരളത്തിന്റെ സ്വന്തമെന്ന് കരുതാവുന്ന ലക്ഷദ്വീപിലും സംഘപരിവാരം അസ്വസ്ഥതയുടെ മഴു എറിഞ്ഞിരിക്കുകയാണ്. മൂലധന ഫാസിസ്റ്റ് താൽപര്യങ്ങൾ അടിച്ചേൽപ്പിക്കുന്നതിന്നായി ഭരണകൂടം ഒരുങ്ങി നിൽക്കുമ്പോൾ സ്വാസ്ഥ്യം നഷ്ടപ്പെടുന്ന ആ മനോഹര ദേശത്തിന്റെ വർത്തമാനങ്ങൾ നാം ഏറെ ഉറക്കെ പറയേണ്ടതുണ്ട്. ഇന്ത്യൻ കരയിൽ നിന്നും കിഴക്ക് പടിഞ്ഞാറായി 280 മുതൽ 450 കി.മി വരെ ദൂരത്തായി 32 കൊച്ചു ദ്വീപുകൾ ഉൾപ്പെടുന്നതാണ് ലക്ഷദ്വീപ് സമൂഹം. ജനങ്ങൾ സ്ഥിര താമസം ഉള്ള 10 ദ്വീപുകളും, ടൂറിസ്റ്റ് കേന്ദ്രമായി അറിയപ്പെടുന്ന ബങ്കാരം ഉൾപ്പെടുന്ന 11 ദ്വീപുകളിലാണ് മനുഷ്യ സഹവാസം ഉള്ളത്. എല്ലാ ദ്വീപുകളും കൂടി ചേർന്ന് ആകെ 32 sq.km ആണ് കരഭൂമി. കേന്ദ്ര ഗവൺമെന്റിന്റെ കോർപ്പറേറ്റ് ഫാസിസ്റ്റ് നയങ്ങൾ നടപ്പിലാക്കാനുള്ള തീവ ശ്രമത്തിൽ നൂറ്റാണ്ടുകളായി സമാധാനത്തോടെ കഴിഞ്ഞ് വരുന്ന ലക്ഷദ്വീപ് നിവാസികളുടെ ജീവിതം അസ്വസ്ഥ ഭരിതമായിക്കൊണ്ടിരിക്കുകയാണ്. 37-ാമത് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററായി കേന്ദ്ര ഗവൺമെന്റ് നിയോഗിച്ച് ബി.ജെ.പി നേതാവായ പ്രഫുൽ ഖോഡ് പട്ടേൽ ലക്ഷദ്വീപിൽ നടപ്പിലാക്കാൻ ശ്രമിക്കുന്ന പരിഷ്കാരങ്ങൾ എത്രമാത്രം ആ ജനതയെ ദുരിതത്തിലാക്കുമെന്ന് മനസ്സിലാക്കണമെങ്കിൽ ലക്ഷദ്വീപിന്റെ ചരിത്രവും സാംസ്കാരികവുമായ പ്രത്യേകതകൾ കൂടി നാം അറിയേണ്ടതുണ്ട്.

ദ്വീപിന്റെ ലഘു ചരിത്രം

ചേരമാൻ പെരുമാൾ രാജാവ് മക്കയിലേക്ക് പോയ സമയത്ത് ആ യാത്രാ സംഘം ലക്ഷദ്വീപിൽ ജനവാസം കണ്ടതായി ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 1924 ൽ ആർ.എച്ച് എലിസ് ആണ് ദ്വീപ് സമൂഹത്തിന്റെ ആദ്യ ചരിത്രം ആധികാരികമായി രേഖപ്പെടുത്തിയത്. ദ്വീപിനോട് ചേർന്ന് പോവുന്ന നാവിക സംഘങ്ങൾ ദ്വീപ് നിവാസികളെ കൊള്ളയടിക്കുകയും സ്വത്തുക്കൾ കവർന്നെടുക്കുകയും ചെയ്യുക പതിവായിരുന്നു എന്ന് ചരിത്ര രേഖകളിൽ കാണാം. പറങ്കികളുടെ കൊള്ളസംഘങ്ങളോട് ദ്വീപ് നിവാസികൾ നടത്തിയ ചെറുത്തു നിൽപ്പുകളും ദ്വീപ് ചരിത്രത്തിന്റെ ഭാഗമാണ്. ചിറക്കൽ വംശവും അറക്കൽ ബീവിയും ടിപ്പു സുൽത്താനും ദ്വീപ് ഭരണം രാജ നടത്തിയിട്ടുണ്ട്. പിന്നീട് ബ്രിട്ടീഷ് ആധിപത്യത്തിലേക്ക് മാറിയ ലക്ഷദ്വീപ് ഇന്ത്യ സ്വാതന്ത്ര്യം നേടുമ്പോൾ മദ്രാസ് പ്രൊവിൻസിന്റെ ഭാഗമായിരുന്നു. 1956 നവംബർ 1 ന് ലക്ഷദ്വീപ് കേന്ദ്ര ഭരണ പ്രദേശമായി പ്രഖ്യാപിക്കുകയുണ്ടായി.

എ.ഡി 662 ൽ അറേബ്യയിൽ നിന്നും മുഹമ്മദ് നബിയുടെ അനുയായി ആയ ഉബൈദുള്ള ഇബ്നു മുഹമ്മദ് ഇബ്നു അബൂബക്കർ ഹസ്രത്ത് ഉബൈദുള്ള) എന്ന സൂഫി വര്യൻ പേരടങ്ങുന്ന സംഘവുമായി ദ്വീപിലെത്തുകയും അദ്ദേഹത്തിന്റെ 14 സ്വാധീനത്തിൽ ദ്വീപ് നിവാസികൾ ഇസ്ലാം മത വിശ്വാസികളായി മാറി എന്നുമാണ് പ്രബല ചരിത്രം. അത്രോത്ത് ദ്വീപിലാണ് ഹ്രസ് ഉബൈദുള്ളയുടെ മൃതദേഹം അടക്കം ചെയ്തിട്ടുള്ളത്. “ഫത്താൽ ജസാഇ’ എന്ന ഹസ്രത്ത് ഉബൈദുള്ളയുടെ പുരാതന അറബി എഴുത്തും ദ്വീപിന്റെ അതിപുരാതനമായ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നുണ്ട്. വിവാഹത്തിലും മരണാനന്തര ചടങ്ങുകളിലും മറ്റു ജീവിത രീതികളിലും എല്ലാം കേരളീയ സമൂഹത്തിൽ നിന്നും പല പ്രകടമായ വ്യത്യാസങ്ങളും പ്രത്യേകതകളും നിവാസികൾക്കുണ്ട്. സ്വന്തമായി അധ്വാനിച്ച് സമ്പാദിക്കുന്ന സ്വത്തുക്കളെ “തിങ്കളാഴ്ച സ്വത്തുക്കൾ എന്നും പാരമ്പര്യമായി ലഭിക്കുന്ന സ്വത്തുക്കളെ “വെള്ളിയാഴ്ച സ്വത്തുക്കൾ എന്നുമാണ് ദ്വീപിൽ അറിയപ്പെടുക. വെള്ളിയാഴ്ച സ്വത്തുക്കൾ പഴയ കാല മരുമക്കത്തായ സംവിധാനപ്രകാരമാണ് ഇപ്പോഴും ദ്വീപിൽ വിഭജിച്ച് പോവുന്നത്. ചുരുക്കത്തിൽ നൂറ്റാണ്ടുകളുടെ പഴക്കമുള്ള പ്രത്യേക ഗോത്ര വർഗ്ഗ സംസ്കാരം നിലനിൽക്കുന്ന ഒരു പ്രദേശമാണ് ലക്ഷദ്വീപ്. ദ്വീപിന്റെ സാംസ്കാരികവും ഭൂമി ശാസ്ത്രപരവുമായ പ്രത്യേകതകൾ സംരക്ഷിക്കുന്നതിന്നും ദ്വീപ് നിവാസികളെ തനിമയോടെ നിലനിർത്തുന്നതിന്നും ഉൾപ്പെടുത്തിയിട്ടുള്ളത്. അവരെ പട്ടിക വർഗ വിഭാഗത്തിലാണ് പ്രഫുൽ ഖാഡയുടെ പരിഷ്കാരങ്ങളും സംഘപരിവാർ അജണ്ടയും.

നരേന്ദ്ര മോദി ഗവൺമെന്റ് അധികാരത്തിൽ വന്നതിൽ പിന്നെ ഇന്ത്യയിലെ ഇതര പ്രദേശങ്ങളിലെല്ലാം നടപ്പിലാക്കാൻ ശ്രമിക്കുന്ന കോർപ്പറേറ്റ് ഫാസിസ്റ്റ് അജണ്ടകൾ ലക്ഷദ്വീപിലും നടപ്പിലാക്കാൻ ശ്രമിക്കുകയാണ്. കേന്ദ്ര ഭരണ പ്രദേശമായി പ്രഖ്യാപിച്ചതിൽ പിന്നെ പ്രഫുൽ ഖോഡ് ഉൾപ്പെടെ 37 അഡ്മിനിസ്ട്രേറ്റർമാരാണ് പല കാലങ്ങളിലായി ലക്ഷദ്വീപിലേക്ക് നിയോഗിച്ചിട്ടുള്ളത്. ബി.ജെ.പി കേന്ദ്രത്തിൽ അധികാരത്തിൽ വരുന്നത് വരെ നിയോഗിക്കപ്പെട്ട അഡ്മിനിസ്ട്രേറ്റർമാരെല്ലാം പ്രഗൽഭരായ സിവിൽ സർവീസ് ഉദ്യോഗസ്ഥന്മാരായിരുന്നു. എന്നാൽ കേന്ദ്ര ഭരണം സംഘപരിവാറിന്റെ കൈകളിൽ എത്തിയതിൽ പിന്നെ ലക്ഷദ്വീപിലേക്ക് നിയമിച്ച അഡ്മിനിസ്ട്രേറ്റർമാർ സംഘപരിവാർ ആശയങ്ങളോട് അടുത്ത് നിൽക്കുന്ന രാഷ്ട്രീയ സ്വഭാവമുള്ളവരായിരുന്നു. ലക്ഷദ്വീപിനെ തങ്ങളുടെ കോർപ്പറേറ്റ് വൽക്കരണത്തിന്റെ പാതയിലേക്ക് കൊണ്ടുവരുന്നതിന്നും അവിടുത്തെ ജനതയുടെ സാംസ്കാരികവും വിശ്വാസപരവുമായ സ്വസ്ഥ ജീവിതം നശിപ്പിച്ച് സംഘപരിവാർ അജണ്ടകൾ നടപ്പിലാക്കുന്നതിന്നും വേണ്ടിയുള്ള ശ്രമങ്ങളാണ് പ്രഫുൽ ഖാഡയിലൂടെ ബി.ജെ.പിയും ആർ.എസ്.എസും നടത്തുന്നത്.
ഭരണഘടനയുടെ 239-ാം ആർട്ടിക്കിൾ അനുസരിച്ച് ഇന്ത്യൻ പ്രസിഡന്റിന്റെ അംഗീകാരത്തോടെയാണ് കേന്ദ്ര ഭരണ പ്രദേശമായ ലക്ഷദ്വീപിലേക്ക് അഡ്മിനിസ്ട്രേറ്റർമാരെ നിയോഗിക്കുന്നത്. ഭരണഘടനയുടെ 240-ാം ആർട്ടിക്കിൾ പ്രകാരം സമാധാനവും പുരോഗതിയും ക്ഷേമ ഭരണവും കൊണ്ടുവരുന്നതിന് ആവശ്യായ റഗുലേഷൻസ് നടപ്പിലാക്കാൻ ഭരണാധികാരികൾക്ക് ഭരണഘടന അനുമതി നൽകുന്നുണ്ട്. ലക്ഷദ്വീപിന്റെ സംസ്കാരവും ചരിത്രവും ഭൂമിശാസ്ത്ര പരമായ പ്രത്യേകതകളും സംരക്ഷിക്കുന്ന തരത്തിൽ നിലവിലുള്ള Laksadweep Land Tenancy Regulation, Lakshadweep Entry Prohibition Regulation തുടങ്ങിയ സുപ്രധാന റഗുലേഷനുകളെല്ലാം പൊളിച്ചെഴുതും വിധത്തിൽ പുതിയ നാല് റഗുലേഷനുകൾ നടപ്പിലാക്കാനാണ് പുതിയ അഡ്മിനിസ്ട്രേറ്റർ ലക്ഷദ്വീപിൽ ശ്രമിക്കുന്നത്.

യാതൊരു വിധ നിബന്ധനകളും നടപടിക്രമങ്ങളും പാലിക്കാതെ ലക്ഷദ്വീപ് നിവാസുകളുടെ കയ്യിൽ നിന്നും ഭൂമി ഏകപക്ഷീയമായി പിടിച്ചെടുക്കാൻ ഭരണാധികാരികൾക്ക് അവകാശം നൽകും വിധത്തിലുള്ള വകുപ്പുകൾ കൂട്ടിച്ചേർത്ത് തയ്യാറാക്കിയിട്ടുള്ള ലക്ഷദ്വീപ് ഡെവലപ്പ്മെന്റ് അതോറിറ്റി റഗുലേഷനാണ് (Lakshadweep Development Authority Regulation) അവയിൽ ഒന്ന്. 2011 ലെ സെൻസസ് പ്രകാരം 66000 ആണ് ലക്ഷദ്വീപിലെ ജനസംഖ്യ. എന്നാൽ ക്രൈം റൈറ്റിൽ ഇന്ത്യയിൽ തന്നെ ഏറ്റവും അവസാനം നിൽക്കുന്ന ഭൂ പ്രദേശമാണ് ലക്ഷദ്വീപ്, നാളിതവരെയുള്ള ദ്വീപിന്റെ ചരിത്രത്തിൽ ആകെ രജിസ്റ്റർ ചെയ്യപ്പെട്ട കൊലപാതക കേസുകളുടെ എണ്ണം വെറും 3 മാത്രമാണ്. അതിൽ 2 കേസുകളിലെയും പ്രതികൾ മാനസിക വിഭ്രാന്തിയുള്ളവരാണ് എന്ന് കൂടി അറിയുമ്പോൾ തന്നെ എത്ര മാത്രം ശാന്തമായ സാഹചര്യത്തിലൂടെയാണ് ദ്വീപ് വാസികൾ ജീവിച്ച് വരുന്നത് എന്ന് നമുക്ക് ബോധ്യപ്പെടും. ഇത്രത്തോളം കുറ്റകൃത്യങ്ങൾ കുറഞ്ഞ ഒരു പ്രദേശത്ത് പുതിയ അഡ്മിനിസ്ട്രേറ്റർ ഗുണ്ടാ ആക്റ്റിന് സമാനമായ ലക്ഷദ്വീപ് ആന്റി സോഷ്യൽ ആക്റ്റിവിറ്റീസ് റെഗുലേഷൻ (Lakshadweep Anti Social Activities Regulation) നടപ്പിലാക്കാനാണ് ശ്രമിക്കുന്നത്. തന്റെ തൃപ്തിക്ക് (Satisfaction) അനുസൃതമായി ഏതൊരു വ്യക്തിയെയും 12 മാസക്കാലം വരെ കരുതൽ തടങ്കലിൽ വെക്കുവാൻ ഈ റഗുലേഷനിൽ അഡ്മിനിസ്ട്രേറ്റർക്ക് അധികാരം നൽകുന്നു. മാത്രമല്ല, അഡ്വൈസറി ബോർഡ് മുമ്പാകെ ഹാജരാക്കുന്ന വ്യക്തിക്ക് അഭിഭാഷക സേവനം പോലും ഈ റഗുലേഷൻ പ്രകാരം നിഷേധിക്കപ്പെടുകയാണ്. ലക്ഷദ്വീപിൽ നിലവിൽ ജനാധിപത്യ രീതിയിലുള്ള ഗ്രാമ – ജില്ലാ പഞ്ചായത്ത് സംവിധാനങ്ങൾ നിലവിലുണ്ട്. എന്നാൽ ലക്ഷദ്വീപ് ജനതയെ സംബന്ധിച്ച് അടിസ്ഥാന പരമായ അറിവ് പോലും ഇല്ലാത്ത തരത്തിലാണ് പുതിയ അഡ്മിനിസ്ട്രേറ്റർ ലക്ഷദ്വീപ് പഞ്ചായത്ത് റഗുലേഷൻ.(Lakshadweep Panchayath Regulation) എന്ന തരത്തിൽ പുതിയ റഗുലേഷൻ കൊണ്ടുവരുന്നത്. രാജ്യത്ത് എവിടെയും നിലവിലില്ലാത്ത വിചിത്രമായ നിബന്ധനകളാണ് ഈ റഗുലേഷനിൽ എഴുതിവെക്കപ്പെട്ടിട്ടുള്ളത്. രണ്ട് കുട്ടികളിൽ കൂടുതൽ ഉള്ളവർക്ക് പഞ്ചായത്ത് അംഗങ്ങളായി മത്സരിക്കാൻ ഈ റഗുലേഷൻ പ്രകാരം സാധിക്കില്ല. ദ്വീപ് നിവാസികൾ എല്ലാവരും പട്ടിക വർഗ വിഭാഗത്തിൽ പെട്ടവരാണ് എന്നിരിക്കെ പട്ടിക വർഗക്കാർപ്പ് പഞ്ചായത്തിൽ സീറ്റ് സംവരണം ചെയ്തിരിക്കുന്നു. തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികളിൽ നിന്ന് പഞ്ചായത്തിന്റെ സാമ്പത്തികവും നയപരവുമായ അധികാരങ്ങൾ ഉദ്യോഗസ്ഥരുടെ കൈകളിലേക്ക് നൽകുന്ന തരത്തിലാണ് ഈ റഗുലേഷനിലെ വകുപ്പുകൾ എഴുതിവെക്കപ്പെട്ടിട്ടുള്ളത്. ഭരണഘടനയുടെ അധികാരവികേന്ദ്രീകരണ തത്വത്തിന് തികച്ചും ഘടകവിരുദ്ധമാണ് ഈ റഗുലേഷൻ. ലക്ഷദ്വീപ് നിവാസികളുടെ മതപരമായ വിശ്വാസങ്ങളെയും ആചാര അനുഷ്ടാനങ്ങളെയും
ഹനിക്കും വിധത്തിൽ കൊണ്ടുവന്നിട്ടുള്ള മറ്റൊരു റഗുലേഷനാണ് ലക്ഷദ്വീപ് അനിമൽ പ്രിസർവേഷൻ റഗുലേഷൻ (Lakshadweep Animal Preservation Regulation). ദ്വ്വീപ്‌ നിവാസികളുടെ ഭക്ഷണ സ്വാതന്ത്രത്തിന്മേൽ പോലും സംഘപരിവാർ ഭരണകൂടം ഈ റഗുലേഷൻ വഴി കൈ വെക്കുകയാണ്. ഭരണകൂടത്തിന്റെ പ്രത്യേക അനുമതിയില്ലാതെ മതപരമായ വിശ്വാസത്തിന്റെ ഭാഗമായി പോലും വയസ്സ് 15 പൂർത്തീകരിക്കാത്ത ഒരു മൃഗത്തെയും കൊല്ലുന്നതും ഭക്ഷിക്കുന്നതുമെല്ലാം ഈ റഗുലേഷൻ വഴി നിരോധിച്ചിട്ടുണ്ട്. ഈ നിയമം ലംഘിച്ചാൽ അത് ജാമ്യമില്ലാ കുറ്റമായി കണക്കാക്കുന്നു. മാത്രമല്ല, കുറ്റവാളികൾക്ക് ജീവപര്യന്തം തടവുശിക്ഷ വരെ നൽകുവാനുള്ള വകുപ്പുകൾ ഈ റഗുലേഷനിൽ കൂട്ടിച്ചേർത്തിരിക്കുന്നു. നൂറ് ശതമാനം മുസ്ലിം മത വിശ്വാസികൾ താമസിക്കുന്ന ലക്ഷദ്വീപിൽ തികച്ചും വർഗീയമായ അജണ്ടകൾ നടപ്പിലാക്കുന്നതിലൂടെ പുതിയ അഡ്മിനിസ്ട്രേറ്ററും സംഘ പരിവാറും ദക്ഷിണേന്ത്യയിലും അസ്വസ്ഥതയുടെ പുതിയ തുരുത്തുകൾ സൃഷ്ടിക്കാൻ ശ്രമിക്കുകയാണ് ചെയ്യുന്നത്.

പരിഷ്കാരങ്ങളുടെ പിന്നിലെ കോർപ്പറേറ്റ് ലക്ഷ്യങ്ങൾ

വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ ആക്റ്റ് പ്രകാരം സംരക്ഷിക്കപ്പെട്ടിട്ടുള്ള പവിഴ പുറ്റുകളുടെ വലിയ ശേഖരമുള്ള പ്രദേശമാണ് ലക്ഷദ്വീപ്. ഇന്ത്യയിൽ തന്നെ ലക്ഷദ്വീപിനെ പോലെ ക്വാറൽ ഐലന്റ് (Coral Island) വേറെയില്ല എന്നാണ് പറയപ്പെടുന്നത്. മാത്രമല്ല, 4200 km ലഗൂൺ (ആഴക്കടലിൽ നിന്നും ദ്വീപുകളെ തരം തിരിക്കുന്ന മനോഹരമായ കടൽ പരപ്പ് പ്രദേശമുള്ള ദ്വീപുകളാണ് ലക്ഷദ്വീപ് സമൂഹത്തിലുള്ളത്. അനന്തമായ ടൂറിസ്റ്റ് നിക്ഷേപ സാധ്യതയാണ് ദ്വീപിന്റെ ഭൂവ്യവസ്ഥതിയുടെ മുകളിലും സാംസ്കാരിക തനിമയുടെ മുകളിലും കൈ വെക്കാൻ സംഘ പരിവാർ ശക്തികളെ പ്രലോഭിക്കുന്നത്. സ്വകാര്യ നിക്ഷേപകർക്ക് ലക്ഷദ്വീപിലെ ടൂറിസ്റ്റ് സാധ്യതകളെ നിർബാധം തുറന്നുകൊടുക്കാനുള്ള ശ്രമങ്ങളാണ് ഈ നടപടികളിലൂടെ നടത്തുന്നത്. ലക്ഷദ്വീപ് നിവാസിയുടെ ഭൂമി സർക്കാർ പാട്ടത്തിന് ഏറ്റെടുക്കുമ്പോൾ സ്ക്വയർമീറ്ററിന് 34 രൂപ നിശ്ചിത വാടക നൽകണമായിരുന്നു. എന്നാൽ പുതിയ അഡ്മിനിസ്ട്രേറ്റർ ചുമതല ഏറ്റെടുത്തതിൽ പിന്നെ ഈ സംഖ്യ ഏകപക്ഷീയമായി 16 രൂപ മാത്രമായി ചുരുക്കുകയുണ്ടായി. ഇതിൽ നിന്ന് തന്നെ അഡ്മിനിസ്ട്രേറ്ററുടെ ലക്ഷ്യം വ്യക്തമാണ്.

മാത്രമല്ല, അമൂൽ കമ്പനിയുടെ ഉത്തരവാദിത്വപ്പെട്ട സ്ഥാനത്ത് ഇരിക്കുന്ന പുതിയ അഡ്മിനിസ്ട്രേറ്റർ തന്റെ കമ്പനിയുടെ ഉൽപന്നങ്ങൾ ലക്ഷദ്വീപ് നിവാസികൾക്കിടയിൽ വിൽപ്പന നടത്തുവാനും ശ്രമം നടത്തി വരുന്നുണ്ട്. അമൂൽ ഉൽപന്നങ്ങൾ ദ്വീപിലെ സഹകരണ സംഘങ്ങൾ വഴിയും പൊതു വിതരണ കേന്ദ്രങ്ങൾ വഴിയും വിൽപ്പന നടത്താൻ ഉതകും വിധത്തിൽ ലക്ഷദ്വീപ് കോ-ഓപ്പറേറ്റീവ് രംഗത്തും, സൊസൈറ്റീസ് രജിസ്ട്രേഷൻ നിയമത്തിലും പുതിയ റഗുലേഷനുകൾ കൊണ്ടുവരാൻ ഇദ്ദേഹം ശ്രമിക്കുന്നുണ്ട്. ഇതിനെല്ലാം പുറമെ, തന്റെ ലക്ഷ്യങ്ങൾ പൂർത്തീകരിക്കാൻ സഹായിക്കും വിധത്തിൽ തദ്ദേശീയരായ സർക്കാർ ജീവനക്കാരെ വിവിധ വകുപ്പുകളിൽ നിന്ന് അകാരണമായി പിരിച്ച് വിടുന്നതും അവിടങ്ങളിൽ പുറമെയുള്ള ഉദ്യോഗസ്ഥരെ നിയമിക്കുന്നതും പുതിയ അഡ്മിനിസ്ട്രേറ്റർ നയമായി സ്വീകരിച്ചിരിക്കുന്നു.

കോവിഡ് പ്രോട്ടോകോളിൽ വരുത്തിയ മാറ്റം.

പുതിയ അഡ്മിനിസ്ട്രേറ്റർ ചാർജ് എടുക്കുന്നത് വരെ ലക്ഷദ്വീപിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നില്ല. അന്ന് ഉണ്ടായിരുന്ന കോവിഡ് പ്രോട്ടോകോൾ പ്രകാരം കരയിൽ നിന്നും ദ്വീപിലേക്ക് പോവുന്നയാൾ നെഗറ്റീവ് റിസൽറ്റ് സഹിതം ഏഴ് ദിവസം ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന് കീഴിലുള്ള ക്വാറന്റൈൻ കേന്ദ്രത്തിൽ കഴിയുകയും തുടർന്ന് ദ്വീപിൽ എത്തിയതിന് ശേഷം വീണ്ടും 7 ദിവസം ക്വാറന്റൈനിൽ ഇരിക്കുകയും ചെയ്യേണ്ടതുണ്ടായിരുന്നു. എന്നാൽ പുതിയ അഡ്മിനിസ്ട്രേറ്റർ ഈ പ്രോട്ടോകോളിൽ മാറ്റം വരുത്തുകയും 48 മണിക്കൂർ മുമ്പ് എടുത്ത് RTPCR നെഗറ്റീവ് സർട്ടിഫിക്കറ്റ് മാത്രം ഉണ്ടെങ്കിൽ ആർക്കും ദ്വീപിലേക്ക് വരാം എന്ന നിലപാട് സ്വീകരിക്കുകയുമുണ്ടായി. ഇപ്പോൾ കോവിഡ് രോഗികളുടെ എണ്ണവും മരണവും ലക്ഷദ്വീപിൽ പെരുകിക്കൊണ്ടിരിക്കുകയാണ്. ഇത് ജനകീയ പ്രക്ഷേഭങ്ങൾക്ക് പോലും തടസ്സമായി നിൽക്കുന്നു.

മഹാമാരികളുടെ കാലക്ക് ഏകാധിപതികളും ഫാസിസ്റ്റുകളും അധികാര കേന്ദ്രീകരണത്തിന് ശ്രമിച്ചത്. ലോക ചരിത്രത്തിന്റെ ഭാഗമാണ്. ഈ ദുരിത കാലത്ത് ലക്ഷദ്വീപ് നിവാസികളായ സാധാരണ മനുഷ്യരുടെ മേൽ സംഘപരിവാരം നടത്തുന്ന

സാംസ്കാരിക-സാമ്പത്തിക അധിനിവേശത്തെ സർവ്വ ശക്തിയും എടുത്ത് എതിർത്ത് തോൽപ്പിക്കേണ്ടത് ജനാധിപത്യ-മതേതര ബോധമുള്ള സർവ്വരുടെയും വർത്തമാനകാല ഉത്തരവാദിത്വമാണ്.

Leave a Reply

Your email address will not be published.