പി.വിആര്‍ നാച്വറോ റിസോര്‍ട്ടിലെ അനധികൃത തടയണകള്‍ക്കെതിരെ നടപടിയെടുത്തില്ല; കോഴിക്കോട് കളക്ടര്‍ക്കെതിരെ കോടതി അലക്ഷ്യത്തിന് ഹര്‍ജി

Keralam News

കോഴിക്കോട്: പി.വി അന്‍വര്‍ എം.എല്‍.എയുടെ ടൂറിസം പദ്ധതിയുടെ ഭാഗമായ കക്കാടംപൊയിലിലെ പി.വി ആര്‍ നാച്വറോ റിസോര്‍ട്ടില്‍ സ്വാഭാവിക നീരൊഴുക്ക് തടഞ്ഞ് നിര്‍മ്മിച്ച നാലു തടയണകള്‍ക്കും അനധികൃത നിര്‍മ്മാണങ്ങള്‍ക്കുമെതിരെ നടപടിയെടുക്കാത്തതിന് കോഴിക്കോട് കളക്ടര്‍ സീറാം സാംബശിവറാവുവിനെതിരെ നടപടിയാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ കോടതി അലക്ഷ്യഹര്‍ജി. കേരള നദീസംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി ടി.വി രാജനാണ് ഹൈക്കോടതിയെ സമീപിച്ചത്. സമുദ്രനിരപ്പില്‍ നിന്നും 3000 അടി ഉയരത്തില്‍ നിയമം ലംഘിച്ച് നിര്‍മ്മിച്ച തടയണകളും വില്ലകളും പൊളിച്ചുനീക്കണമെന്ന രാജന്റെ ഹര്‍ജി പരിഗണിച്ച് രണ്ടു മാസത്തിനകം കോഴിക്കോട് കളക്ടര്‍ തീരുമാനമെടുക്കാന്‍ ഹൈക്കോടതി കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 22ന് ഉത്തരവിട്ടിരുന്നു. സ്വാഭാവിക നീരൊഴുക്ക് തടഞ്ഞ് അനുമതിയില്ലാതെയാണ് തടയണ കെട്ടിയതെന്ന കൂടരഞ്ഞി വില്ലേജ് ഓഫീസറുടെയും കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെയും റിപ്പോര്‍ട്ട് പരിഗണിച്ചുവേണം കളക്്ടര്‍ നടപടിയെടുക്കണ്ടതെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.
ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഇക്കഴിഞ്ഞ ജനുവരി 25ന് ജില്ലാ കളക്ടര്‍ വിചാരണ നടത്തി റിസോര്‍ട്ടിലെ തടയണകളും അനധികൃത നിര്‍മ്മാണങ്ങളും പരിശോധിക്കാന്‍ മൂന്നംഗ വിദഗ്സമിതിയെ നിയോഗിച്ച് രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് തേടുകയുമായിരുന്നു. എന്നാല്‍ വിദഗ്ദ സമിതിയെ നിയോഗിക്കുകയല്ലാകെ ഹൈക്കോടതി ഉത്തരവ് വന്ന് അഞ്ചുമാസമായിട്ടും കളക്ടര്‍ അനധികൃത തടയണകള്‍ക്കും നിര്‍മ്മാണങ്ങള്‍ക്കുമെതിരെ ഒരു നടപടിയും സ്വീകരിച്ചില്ല. ഇതോടെയാണ് രാജന്‍ കളക്ടര്‍ക്കെതിരെ കോടതി അലക്ഷ്യത്തിന് നടപടിയാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. നിയമവിരുദ്ധമായി നിര്‍മ്മിച്ച തടയണകള്‍ക്കും നിര്‍മ്മാണങ്ങള്‍ക്കുമെതിരെ ദുരന്തനിവാരണ നിയമപ്രകാരം നടപടിയാവശ്യപ്പെട്ട് മുരുഗേഷ് നരേന്ദ്രന്‍, കെ.വി ജിജു എന്നിവര്‍ നല്‍കിയപരാതിയില്‍ രണ്ടര വര്‍ഷമായിട്ടും കോഴിക്കോട് കളക്ടര്‍ യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല.
ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് 2018ല്‍ കോഴിക്കോട് ജില്ലാ കളക്ടര്‍ അടച്ചുപൂട്ടിയ കക്കാടംപൊയിലിലെ പി.വി അന്‍വര്‍ എം.എല്‍.എയുടെ വാട്ടര്‍തീം പാര്‍ക്കുമായി ബന്ധപ്പെട്ട ടൂറിസം പദ്ധതിയുടെ ഭാഗമാണ് പീവീആര്‍ നാച്വറോ റിസോര്‍ട്ട്.
ഇരുവഴഞ്ഞി പുഴയിലേക്ക് വെള്ളമെത്തുന്ന സ്വാഭാവിക തോട് തടഞ്ഞ് ചെങ്കുത്തായ സ്ഥലത്താണ് യാതൊരു അനുമതിയില്ലാതെ 4 തടയണകള്‍കെട്ടി വെള്ളം സംഭരിച്ചിട്ടുള്ളതെന്നാണ് കൂടരഞ്ഞി വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. നീരുറവക്ക് കുറുകെ റോഡ്പണിതാണ് റിസോര്‍ട്ടിലേക്ക് വഴിയൊരുക്കിയിരിക്കുന്നത്.
സ്വാഭാവിക നീരൊഴുക്ക് തടസപ്പെടുത്തിയാണ് തടയണകള്‍ നിര്‍മ്മിച്ചിരിക്കുന്നതെന്ന് കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും കളക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
ഈ തടയണകള്‍ക്കുതാഴെയാണ് നൂറോളം വീടുകളും ആയിരത്തിലേറെ കുട്ടികള്‍ പഠിക്കുന്ന സെന്റ് മേരീസ് ഹൈസ്‌ക്കൂളും ഇന്‍ഫന്റ് ജീസസ് ഇംഗ്ലീഷ്മീഡിയം സ്‌കൂളുമുള്ളത്.
ഇവിടെ നിന്നും ഒന്നര കിലോ മീറ്റര്‍ അകലെ മലപ്പുറം ജില്ലയിലെ ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ ചീങ്കണ്ണിപ്പാലിയില്‍ പി.വി അന്‍വര്‍ നിര്‍മ്മിച്ച തടയണപൊളിച്ചു മാറ്റി വെള്ളം തുറന്നുവിടാന്‍ മലപ്പുറം കളക്ടര്‍ ഉത്തരവിട്ടിരുന്നു. തന്റെ ഭാഗംകേള്‍ക്കാതെയാണ് മലപ്പുറം കളക്ടറുടെ ഉത്തരവെന്നു ചൂണ്ടികാട്ടി പി.വി അന്‍വറിന്റെ ഭാര്യാപിതാവ് നേടിയ സ്റ്റേ ഉത്തരവ് റദ്ദാക്കിയ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തടയണപൊളിക്കാനുള്ള മലപ്പുറം കളക്ടറുടെ ഉത്തരവ് ശരിവെക്കുകയായിരുന്നു. ഹൈക്കോടതി ഉത്തരവുപ്രകാരം ചീങ്കണ്ണിപ്പാലിയിലെ തടയണഭാഗികമായി പൊളിച്ച് വെള്ളം ഒഴുക്കിവിട്ടിരുന്നു. എന്നാല്‍ കോഴിക്കോട് കളക്ടര്‍ പീവീആര്‍ നാച്വറോ പാര്‍ക്കിലെ അനധികൃത തടയണകള്‍ക്കും വില്ലകള്‍ക്കുമെതിരെ ഉയര്‍ന്ന പരാതികളില്‍ നടപടിയെടുക്കാന്‍ തയ്യാറായിരുന്നില്ല.

Leave a Reply

Your email address will not be published.