’17 സ്ത്രീകള്‍ ലൈംഗികാരോപണം ഉന്നയിച്ചയാള്‍’; വൈരമുത്തുവിനെതിരെ റിമ കല്ലിങ്കല്‍

News

മീ ടൂ ആരോപിതനായ തമിഴ് കവിയും ഗാനരചിയിതാവുമായ വൈരമുത്തുവിന് ഒ.എന്‍.വി. പുരസ്‌കാരം നല്‍കിയതില്‍ പ്രതിഷേധം അറിയിച്ച് നടി റിമ കല്ലിങ്കല്‍. പുരസ്‌കാരം നല്‍കിയ ഒ.എന്‍.വി. കള്‍ച്ചറല്‍ അക്കാദമിയുടെ ഔദ്യോഗിക പ്രഖ്യാപനത്തിന്റെ ചിത്രം പങ്കിട്ടുകൊണ്ടാണ് റിമയുടെ പോസ്റ്റ്.

17 സ്ത്രീകള്‍ വൈരമുത്തുവിനെതിരെ ലൈംഗിക അതിക്രമ ആരോപണം ഉയര്‍ത്തിയതിനെ ഓര്‍മപ്പെടുത്തിക്കൊണ്ടായിരുന്നു റിമയുടെ വിമര്‍ശനം. ഒറ്റ വരി ട്വീറ്റിലൂടെയുള്ള താരത്തിന്റെ പ്രതികരണം ചുരുങ്ങിയ സമയത്തിനകം വൈറലായി. ഒരുപാട് പേര്‍ പിന്തുണ പ്രഖ്യാപിച്ച് എത്തുകയും ചെയ്തു.

ഇന്നലെയാണ് ഒ.എന്‍.വി. സാഹിത്യ പുരസ്‌കാരത്തിന് വൈരമുത്തു അര്‍ഹനായതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്. പിന്നാലെ ഗായിക ചിന്മയി ശ്രീപദ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. വൈരമുത്തുവിനു പുരസ്‌കാരം കൊടുത്തതു കണ്ട് അന്തരിച്ച ശ്രീ ഒ.എന്‍.വി. അഭിമാനിക്കുന്നുണ്ടാകും എന്നായിരുന്നു ഗായികയുടെ പരിഹാസം.

2018ലാണ് വൈരമുത്തുവിനെതിരെ ലൈഗിംക അതിക്രമ ആരോപണം ഉയര്‍ന്നത്. പേരുവെളിപ്പെടുത്താനാഗ്രഹിക്കാത്ത യുവതിയാണ് വൈരമുത്തുവിനെതിരെ ആദ്യമായി ആരോപണം ഉന്നയിച്ചത്. വൈരമുത്തുവിന്റെ കോടമ്പാക്കത്തുള്ള വീട്ടില്‍ വച്ച് കടന്നുപിടിച്ചു ചുംബിച്ചു എന്നായിരുന്നു യുവതിയുടെ ആരോപണം. പിന്നാലെ ചിന്മയി ശ്രീപദയും ആരോപണവുമായി രംഗത്തെത്തുകയായിരുന്നു. തുടര്‍ന്ന് വൈരമുത്തുവിനെതിരെ നിരവധി ആരോപണങ്ങളാണു മീ ടൂവിന്റെ ഭാഗമായി എത്തിയത്.

Leave a Reply

Your email address will not be published.