പൃഥ്വിരാജിന്റെ ജനനം മലപ്പുറം ജില്ലയിലെ എടപ്പാളിലാണ്…’ സംഘപരിവാറിനെ പരിഹസിച്ച് അബ്ദുറബ്ബ്

Keralam News

ലക്ഷദ്വീപ് ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതിന്റെ പേരില്‍ നടന്‍ പൃഥ്വിരാജിനെതിരെ നടക്കുന്ന സംഘപരിവാര്‍ സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ മുസ്ലിം ലീഗ് നേതാവും മുന്‍ വിദ്യാഭ്യാസ മന്ത്രിയുമായ അബ്ദുറബ്ബ് രംഗത്ത്. സംഘപരിവാറിനെ പരിഹസിച്ചുകൊണ്ടാണ് അബ്ദുറബ്ബ് പൃഥ്വിരാജിനുള്ള പിന്തുണ ഫേസ്ബുക്കിലൂടെ അറിയിച്ചത്. പഴയ ‘എടപ്പാള്‍ ഓട്ടം’ ഓര്‍മ്മിപ്പിച്ചുകൊണ്ടായിരുന്നു അബ്ദുറബ്ബിന്റെ ഫേസ്ബുക് കുറിപ്പ്. ലക്ഷദ്വീപിലെ കേന്ദ്ര അധിനിവേശ നീക്കത്തെ വിമര്‍ശിച്ച പൃഥ്വിരാജിന്റെ ഫേസ്ബുക് പോസ്റ്റിനെ അധിക്ഷേപിച്ച് ജനം ടി വി എഡിറ്റര്‍ ലേഖനം എഴുതിയിരുന്നു. പിന്നീട് സോഷ്യല്‍ മീഡിയയിലുണ്ടായ വ്യാപക പ്രതിഷേധത്തെ തുടര്‍ന്ന് പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു. ഈ സംഭവം കൂടി ഉള്‍പ്പെടുത്തിയാണ് അബ്ദുറബ്ബിന്റെ പരിഹാസം കലര്‍ന്ന ഫേസ്ബുക് പോസ്റ്റ്.

ലക്ഷദ്വീപിലെ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ പുതിയ നിയമപരിഷ്‌കാരങ്ങള്‍ക്കെതിരെ ആദ്യം വിമര്‍ശനവുമായി എത്തിയ താരങ്ങളില്‍ ഒരാളാണ് പൃഥ്വിരാജ്. ഇതിനുപിന്നാലെ സംഘപരിവാര്‍ പ്രൊഫൈലുകള്‍ സൈബര്‍ സ്‌പേസില്‍ വലിയ തരത്തിലുള്ള ആക്രമണമാണ് താരത്തിനെതിരെ നിലനില്‍ക്കുന്നത്. നേരത്തെ വിടി ബല്‍റാം, നടന്മാരായ അജു വര്‍ഗ്ഗീസ്, ആന്റണി വര്‍ഗ്ഗീസ് സംവിധായകരായ മിഥുന്‍ മാനുവല്‍ തോമസ്, ജൂഡ് ആന്റണി അടക്കമുള്ള പ്രമുഖരും പൃഥ്വിരാജിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.

Leave a Reply

Your email address will not be published.