13 ലക്ഷത്തിലേറെ ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും വാക്‌സിന്‍; വിപുലമായ പദ്ധതിയുമായി റിലയന്‍സ്

India News

രാജ്യത്തെ ഏറ്റവും വലിയ കോര്‍പ്പറേറ്റ് വാക്‌സിനേഷന്‍ ഡ്രൈവുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ്. 880 നഗരങ്ങളിലായി 13 ലക്ഷത്തിലധികം ജീവനക്കാര്‍ക്കും അസോസിയേറ്റുകള്‍ക്കും പങ്കാളികള്‍ക്കും (ബിപി, ഗൂഗിള്‍ മുതലായവ) അവരുടെ കുടുംബാംഗങ്ങള്‍ക്കും വാക്‌സിനേഷന്‍ നല്‍കാനുള്ള വിപുലമായ പദ്ധതിയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ഒരുക്കിയിരിക്കുന്നത്. രാജ്യത്ത് കമ്പനി വിതരണം ചെയ്യുന്ന വാക്‌സിന്‍ പൂര്‍ണ്ണമായും സൗജന്യമാണ്.

ജീവനക്കാരുടെ ജീവിതപങ്കാളി, മാതാപിതാക്കള്‍, മുത്തശ്ശി, മുത്തശ്ശന്‍, യോഗ്യതയുള്ള കുട്ടികള്‍, സഹോദരങ്ങള്‍ എന്നിവര്‍ ഉള്‍പ്പെടുന്ന കുടുംബത്തിന് വാക്‌സിനേഷന്‍ ലഭിക്കും. നിലവിലെ ജീവനക്കാര്‍ക്ക് മാത്രമല്ല, വിരമിച്ച ജീവനക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും പ്രതിരോധ കുത്തിവയ്പ്പ് ലഭ്യമാക്കുമെന്ന് കമ്പനി അറിയിച്ചു.

വാക്‌സിന്‍ ലഭിക്കുന്നതിനായി യോഗ്യതയുള്ള എല്ലാ ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും കോവിന്‍ പ്ലാറ്റ്ഫോമില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതായുണ്ട്. അതിനുശേഷം അവര്‍ക്ക് തെരഞ്ഞെടുക്കുന്ന സ്ഥലങ്ങളില്‍ റിലയന്‍സിന്റെ ഓണ്‍ലൈന്‍ ഹെല്‍ത്ത് കെയര്‍ പ്ലാറ്റ്‌ഫോം അല്ലെങ്കില്‍ ജിയോ ഹെല്‍ത്ത്ഹബ് സ്ലോട്ട് എന്നിവിടങ്ങളില്‍ ബുക്ക് ചെയ്യാം. ഗവണ്‍മെന്റിന്റെ ജോലിസ്ഥലത്തെ വാക്‌സിനേഷന്‍ നയത്തിന്റെ ഭാഗമായ ഈ വാക്‌സിനേഷന്‍ പ്രോഗ്രാം ജാംനഗര്‍, വഡോദര, ഹസിറ, ദാഹെജ്, പടല്‍ഗംഗ, നാഗോഥെയ്ന്‍, കനികട, ഗാഡിമോഗ, സാഹോദോള്‍, ബരാബങ്കി, ഹോസ്ഫിയാര്‍പൂര്‍ എന്നിവിടങ്ങളിലെ റിലയന്‍സിന്റെ തൊഴില്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ (ഒഎച്ച്‌സി) വിതരണം ചെയ്യും.

അപ്പോളോ, മാക്‌സ്, മണിപ്പാല്‍ പോലുള്ള ആശുപത്രികളുമായും റിലയന്‍സ് വാക്‌സിനേഷനായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഇതിനകം വാക്‌സിനേഷന്‍ ലഭിച്ച ചില ജീവനക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും വാക്‌സിനേഷന്‍ ചെലവുകള്‍ പൂര്‍ണമായും തിരികെ നല്‍കും. റിലയന്‍സിന്റെ 3.30 ലക്ഷത്തിലധികം ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും വാക്‌സിന്റെ ആദ്യ ഷോട്ട് നല്‍കി കഴിഞ്ഞു.

എല്ലാ ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ജൂണ്‍ 15 നകം ആദ്യ ഷോട്ട് വാക്‌സിനേഷന്‍ നല്‍കാനാണ് റിലയന്‍സ് ലക്ഷ്യമിടുന്നത്. 13,000ത്തോളം റീട്ടെയില്‍, ജിയോ സ്റ്റോറുകളിലെ സ്റ്റോര്‍ ലെവല്‍ സ്റ്റാഫ് ഉള്‍പ്പെടെയുള്ള റിലയന്‍സിന്റെയും റിലയന്‍സ് ഗ്രൂപ്പ് കമ്പനികളിലെയും ജീവനക്കാര്‍ക്ക് ഈ പദ്ധതി വഴി സൗജന്യമായി വാക്‌സിനേഷന്‍ ലഭ്യമാക്കും.

സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് അവരുടെ ജീവനക്കാര്‍ക്ക് വേണ്ടി വാക്‌സിന്‍ വാങ്ങാനുള്ള അനുമതി ലഭിച്ചതോടെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും (കോവിഷീല്‍ഡ്) ഭാരത് ബയോടെക്കില്‍ (കോവാക്‌സിന്‍) നിന്നും റിലയന്‍സ് വാക്‌സിന്‍ വാങ്ങി. ജീവനക്കാര്‍ക്കായുള്ള പ്രതിരോധ കുത്തിവയ്പ്പ് പദ്ധതി മുംബൈയിലും കമ്പനിയുടെ ചില നിര്‍മ്മാണ സ്ഥലങ്ങളിലും നല്‍കി തുടങ്ങി. അടുത്ത ആഴ്ചയോടെ മറ്റ് പ്രധാന നഗരങ്ങളിലും സംസ്ഥാന തലസ്ഥാനങ്ങളിലും വാക്‌സിനേഷന്‍ ആരംഭിക്കാനാണ് കമ്പനിയുടെ പദ്ധതി. ഇതിനായി ആശുപത്രികളുമായും ക്ലിനിക്കുകളുമായും റിലയന്‍സ് പങ്കാളിത്തം ആരംഭിച്ചിട്ടുണ്ട്.

റിലയന്‍സിന്റെ വിപുലമായ പ്രതിരോധ കുത്തിവയ്പ്പ് സംവിധാനം ജീവനക്കാരെയും അവരുടെ കുടുംബങ്ങളെയും സുരക്ഷിതരാക്കുക മാത്രമല്ല, പൊതുജനാരോഗ്യ സംവിധാനങ്ങളിലെ വാക്‌സിനേഷന്റെ സമ്മര്‍ദ്ദം ഗണ്യമായി കുറയ്ക്കാനും സഹായിക്കും. ഇതുവഴി മഹാമാരിയെ തുടര്‍ന്നുള്ള വെല്ലുവിളികളെ കൂടുതല്‍ ഫലപ്രദമായി നേരിടാന്‍ ഇന്ത്യയെ സഹായിക്കുക കൂടിയാണ് റിലയന്‍സ് ചെയ്യുന്നത്.

Leave a Reply

Your email address will not be published.