ലക്ഷദ്വീപില്‍ നടക്കുന്നത് സാംസ്‌കാരിക അധിനിവേശം: മുല്ലപ്പള്ളി

Keralam News Politics

ലക്ഷദ്വീപില്‍ നടക്കുന്നത് സാംസ്‌കാരിക അധിനിവേശമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ദ്വീപ് നിവാസികളെ പീഡിപ്പിക്കുന്നവര്‍ രാജ്യത്തിന്റെ ശത്രുക്കളാണ്. എ.ഐ.സി.സി സംഘത്തിന് സന്ദര്‍ശനാനുമതി നിഷേധിച്ചത് ഫാഷിസമാണെന്നും മുല്ലപ്പള്ളി പറഞ്ഞു. അതേസമയം പ്രതിഷേധങ്ങള്‍ ശക്തമാകുമ്പോഴും ജനദ്രോഹ പരിഷ്‌കാരങ്ങളുമായി വീണ്ടും ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ രംഗത്ത് വന്നു. ദ്വീപില്‍ ഫിഷറീസ് വകുപ്പിലെ 39 പേരെ കൂട്ടത്തോടെ സ്ഥലം മാറ്റി.

ലക്ഷദ്വീപിലെ എയര്‍ ആംബുലന്‍സുകള്‍ സ്വകാര്യവത്കരിക്കാനാണ് വേറൊരു പുതിയ നീക്കം. ഇതിനായി സ്വകാര്യ കമ്പനികളില്‍ നിന്നും ടെണ്ടര്‍ വിളിച്ചു. എയര്‍ ആംബുലന്‍സുകളില്‍ രോഗികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ലക്ഷദ്വീപില്‍ ആശുപത്രി സൌകര്യം കുറവായതിനാല്‍ ഗുരുതരാവസ്ഥയിലുള്ളവരെ കേരളത്തിലെത്തിച്ചാണ് ചികിത്സ നല്‍കുന്നത്. രോഗി ഗുരുതരാവസ്ഥയിലാണോ എന്നു തീരുമാനിക്കാനുള്ള അവകാശം ദ്വീപിലെ മെഡിക്കല്‍ ഓഫീസര്‍മാരില്‍ നിന്ന് എടുത്തുമാറ്റി ഹെല്‍ത്ത് സര്‍വീസ് ഡയറക്ടര്‍ ചെയര്‍മാനായ നാലംഗ സമിതിക്ക് കൈമാറി. ഈ സമിതിയുടെ തീരുമാനത്തിന് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ അംഗീകാരവും വേണമെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ കെ. പട്ടേലിന്റെ നിര്‍ദേശപ്രകാരം ഹെല്‍ത്ത് സര്‍വീസ് ഡയറക്ടര്‍ കഴിഞ്ഞ ദിവസമാണ് ഉത്തരവ് ഇറക്കിയത്.

Leave a Reply

Your email address will not be published.