ചെല്ലാനം തീരസംരക്ഷണത്തിനുള്ള പദ്ധതി ഇന്ന് പ്രഖ്യാപിക്കും; പ്രതീക്ഷയോടെ തീരദേശ നിവാസികൾ

Keralam News

കൊച്ചി: എറണാകുളത്തെ ചെല്ലാനം തീരസംരക്ഷണത്തിനായുള്ള 344 കോടിയുടെ പദ്ധതി ഇന്ന് പ്രഖ്യാപിക്കും. പതിറ്റാണ്ടുകളായി നീണ്ടുനിൽക്കുന്ന ദുരിതങ്ങൾ ഇതോടെ അവസാനിക്കുമെന്നും എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം ഉണ്ടാകുമെന്നുമാണ് ചെല്ലാനം തീരദേശത്തെ ജനങ്ങൾ പ്രതീക്ഷിക്കുന്നത്.

കിഫ്ബിയുടെ സഹകരണത്തോടെ 344.2 കോടി രൂപ ചിലവിൽ ജലസേചന വകുപ്പ് ടെട്രാപോഡുകള്‍ സ്ഥാപിക്കുന്ന പദ്ധതിയുടെ പ്രഖ്യാപനമാണ് ഇന്ന് നടക്കുക. കടലേറ്റം മൂലമുണ്ടാകുന്ന പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കുന്നതിനോടൊപ്പം ചെല്ലാനം തീരദേശ മേഖലയെ മാതൃകാ മത്സ്യ ഗ്രാമമാക്കി തീർക്കാനും ഈ പദ്ധതി ലക്ഷ്യം വെയ്ക്കുന്നുണ്ട്. ഇത് വിജയകരമായി നടപ്പിലായാൽ കേരളത്തിലെ ആദ്യത്തെ മാതൃകാ മത്സ്യ ഗ്രാമമായി ചെല്ലാനം മാറും.

ചെന്നൈ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന നാഷണല്‍ സെൻറര്‍ ഫോര്‍ കോസ്റ്റല്‍ റിസര്‍ച്ച് എന്ന സ്ഥാപനത്തിൽ നടത്തിയ പഠനമനുസരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. നൂതന സാങ്കേതിക വിദ്യകളും ഇതിനു വേണ്ടി ഉപയോഗപ്പെടുത്തും. ടെട്രാപോഡുകള്‍ക്കു പുറമെ ജിയോട്യൂബുകൾ സ്ഥാപിച്ചും തീരസംരക്ഷണം സാധ്യമാക്കാൻ ഉദ്ദേശിക്കുന്നുണ്ട്. ഏറ്റവു കൂടുതൽ കടലേറ്റ ഭീഷണി നേരിടുന്ന വച്ചാക്കല്‍, കമ്പനിപ്പടി, ചാളക്കചടവ് തുടങ്ങിയ ഭാഗങ്ങളിൽ കടൽ ഭിത്തി നിർമ്മിക്കുന്നതോടെ തന്നെ വലിയൊരു ആശ്വാസമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.