ലോകം കോവിഡ് മൂന്നാം തരംഗത്തിന്റെ തുടക്കത്തിൽ; ലോകാരോഗ്യ സംഘടനാ മേധാവി

Health India International Keralam News

ലോകം കോവിഡ് മൂന്നാം തരംഗത്തിന്റെ തുടക്കത്തിലാണെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഥനോം. ഇന്റർനാഷണൽ ഹെൽത്ത് റെഗുലേഷന്സിന്റെ അടിയന്തര സമിതിയെ അഭിസംബോധന ചെയ്തു സംസാരിക്കവെയാണ് നിലവിലെ അവസ്ഥയെക്കുറിച്ചു പറഞ്ഞത്.

കൊറോണ വൈറസ് രൂപാന്തരമാറ്റം വന്നു ദിനംപ്രതി വികസിച്ചുകൊണ്ടിരിക്കുന്നതിനാൽ, നിലവിൽ ഉള്ളതിലും കൂടുതൽ വ്യാപന ശേഷിയുള്ള വകഭേദങ്ങൾ ഇനിയും ഉണ്ടാകും. ഇപ്പോൾ 111 രാജ്യങ്ങളിൽ ഡെൽറ്റ വകഭേദം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത് ലോകമൊന്നാകെ വ്യാപിക്കുമെന്നാണ് കരുതുന്നതെന്ന് യു.എൻ റിപ്പോർട്ടുകളെ അടിസ്ഥാനമാക്കി ലോകാരോഗ്യ സംഘടനാ മേധാവി പറഞ്ഞു.

വാക്സിൻ എടുക്കുന്നവരുടെ എണ്ണം കൂടിയതിനാൽ വടക്കൻ അമേരിക്കയിലും യൂറോപ്പിലും കോവിഡ് വ്യാപനവും മരണവും കുറഞ്ഞിട്ടുണ്ട്. എന്നാൽ ആഗോളതലത്തിൽ കോവിഡ് രോഗികളുടെ എണ്ണം കൂടുകയാണ്. വാക്സിനുകൾ ലഭ്യമാകുന്നതിൽ ആഗോളതലത്തിൽ വലിയ അസമത്വമാണ് ഉള്ളതെന്നും, ഇത് മൂലം രാജ്യങ്ങൾ രണ്ടു രീതിയിലാണ് കോവിഡിനെതിരായി പ്രവർത്തിക്കുന്നതെന്നും മേധാവി കൂട്ടിച്ചേർത്തു.

വാക്സിൻ ലഭിച്ച രാജ്യങ്ങളിൽ കോവിഡ് നിയന്ത്രങ്ങൾ ലഘൂകരിച്ചു മുന്നോട്ട് നീങ്ങുവാൻ കഴുയുന്നുണ്ട്. ഇതേസമയം വാക്സിൻ ലഭിക്കാത്ത രാജ്യത്തെ അവസ്ഥ ദയനീയമാണ്. വൈറസിന്റെ കാരുണ്യത്തിലാണ് അവർ ഇപ്പോഴും ജീവിക്കുന്നത് എന്നാണ് ടെഡ്രോസ് നിലവിലെ സാഹചര്യത്തെക്കുറിച്ചു പറയുന്നത്.

എല്ലാ രാജ്യങ്ങൾക്കും തുല്യമായി വാക്സിൻ വിതരണം ചെയ്യണമെന്നും, ഇല്ലെങ്കിൽ കോവിഡ് നിരക്ക് ഉയരാൻ ഇടയാക്കുമെന്നും ടെഡ്രോസ് ഇതിനുമുൻപും പറഞ്ഞിരുന്നു.