മുഹമ്മദ് ആമിർ ബ്രിട്ടീഷ് പൗരത്വം സ്വീകരിച്ച് ഐപിഎലിൽ കളിക്കും

International News

പാകിസ്താൻ താരം മുഹമ്മദ് ആമിർ ബ്രിട്ടീഷ് പൗരത്വം സ്വീകരിച്ച് ഐപിഎലിൽ കളിക്കും. ഒരു പാക് മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ഇംഗ്ലണ്ടിൽ തന്നെ താമസിച്ച് ബ്രിട്ടീഷ് പൗരത്വം എടുക്കാനുള്ള ശ്രമത്തിലാണ് താനെന്നും അദ്ദേഹം പറഞ്ഞു.

“ഞാൻ ഇപ്പോഴും ക്രിക്കറ്റ് ആസ്വദിക്കുന്നുണ്ട്. ആറോ ഏഴോ വർഷങ്ങൾ കൂടി ഞാൻ ക്രിക്കറ്റ് കളിക്കും. എങ്ങനെ കാര്യങ്ങൾ മുന്നോട്ടുപോകുമെന്ന് നോക്കാം. എൻ്റെ കുട്ടികൾ ഇംഗ്ലണ്ടിൽ വളരും, ഇവിടെത്തന്നെ പഠിക്കും. അതുകൊണ്ട് തന്നെ ഞാൻ കൂടുതലും ഇവിടെയാവുമെന്നതിൽ സംശയമില്ല. ഇപ്പോൾ എങ്ങനെയാണ് ബ്രിട്ടീഷ് പൗരത്വം സ്വന്തമാക്കുക എന്നതിനെപ്പറ്റി ഞാൻ ആലോചിച്ചിട്ടില്ല. മറ്റ് അവസരങ്ങളെപ്പറ്റിയും ഇപ്പോൾ ആലോചനയില്ല. ഭാവിയിൽ ബ്രിട്ടീഷ് പൗരത്വം ലഭിച്ചതിനു ശേഷം ഇക്കാര്യങ്ങളെപ്പറ്റി ആലോചിക്കും. ബ്രിട്ടീഷ് പൗരത്വമെടുത്ത് ഐപിഎലിൽ കളിക്കുക എന്നതാണ് ആലോചിക്കുന്നത്.”- ആമിർ പറഞ്ഞു.

അതേസമയം, ഐപിഎൽ രണ്ടാം പാദത്തിൽ ന്യൂസീലൻഡ്, ഇംഗ്ലണ്ട് താരങ്ങൾ കളിക്കാനെത്തില്ലെന്ന് റിപ്പോർട്ടുകളുണ്ട്. നിലവിൽ സെപ്തംബർ-ഒക്ടോബർ വിൻഡോയിൽ ബാക്കിയുള്ള മത്സരങ്ങൾ നടത്താനാണ് ബിസിസിഐയുടെ തീരുമാനം. എന്നാൽ, ഈ വിൻഡോയിൽ കളിച്ചാൽ ഇരു രാജ്യങ്ങളുടെയും താരങ്ങൾ എത്തില്ലെന്നാണ് നിലവിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Leave a Reply

Your email address will not be published.