ഹമാസ് റോക്കറ്റ് ആക്രമണത്തില്‍ ഭാര്യ കൊല്ലപ്പെടുമ്പോള്‍ ഫോണിന്റെ മറുതലയ്ക്കല്‍ ഉണ്ടായിരുന്നത് ഭര്‍ത്താവ്

News

ഹമാസ് റോക്കറ്റ് ആക്രമണത്തില്‍ ഭാര്യ കൊല്ലപ്പെടുമ്പോള്‍ ഫോണിന്റെ മറുതലയ്ക്കല്‍ ഉണ്ടായിരുന്നത് ഭര്‍ത്താവ്. സംഭവിച്ചത് എന്താണെന്ന് മനസ്സിലായിട്ടും ഒന്നും ചെയ്യനാകാത്ത നിസ്സഹായാവസ്ഥ. ഈ വേദനയില്‍ നിന്നും ഇനിയും സന്തോഷ് മുക്തനായിട്ടില്ല. ഏഴ് വര്‍ഷമായി സൗമ്യ ഇസ്രയേലില്‍ ജോലി ചെയ്യുന്നുണ്ട്. രണ്ടു വര്‍ഷം മുമ്പാണ് അവസാനമായി വീട്ടിലെത്തിയത്. മൃതദേഹം എങ്ങനേയും വീട്ടില്‍ എത്തിക്കാനാണ് ശ്രമം. ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ സന്തോഷ് (32)ആണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇസ്രയേല്‍-ഫലസ്തീന്‍ സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെയാണ് സൗമ്യ കെയര്‍ ടേക്കറായി ജോലി ചെയ്യുന്ന വീടിന് മുകളിലേക്ക് ഹമാസ് റോക്കറ്റ് പതിച്ചത്.

ഗസ്സ മുനമ്പ് അതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന ഇസ്രയേലിലെ അഷ്‌കലോണിലെ ഒരു വീട്ടിലായിരുന്നു സൗമ്യ ഉണ്ടായിരുന്നത്. ആക്രമണത്തില്‍ സൗമ്യ ഉള്‍പ്പടെ വീട്ടിലുണ്ടായിരുന്നു രണ്ടു സ്ത്രീകള്‍ കൊല്ലപ്പെടുകയും ഏതാനും പേര്‍ക്ക് പരിക്കേറ്റതായുമാണ് റിപ്പോര്‍ട്ട്. മൃതദേഹം നിലവില്‍ അഷ്‌ക്കലോണിലെ ബര്‍സിലായി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സൗമ്യയുടെ കുടുംബവുമായി സംസാരിച്ചിട്ടുണ്ടെന്നും സാധ്യമായ എല്ലാ സഹായങ്ങളും ഉറപ്പുനല്‍കിയിട്ടുണ്ടെന്നും വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ ട്വിറ്ററില്‍ കുറിച്ചു. സൗമ്യ-സന്തോഷ് ദമ്പതികള്‍ക്ക് ഏഴു വയസുള്ള ഒരു മകനുണ്ട്. ദുരന്തത്തിന്റെ ആഘാതത്തില്‍ നിന്നും സന്തോഷിന് ഇനിയും തിരിച്ചുവരാന്‍ ആയിട്ടില്ല. ഫോണ്‍ കോളില്‍ ഭാര്യയുടെ ശബ്ദം മുറിഞ്ഞപ്പോള്‍ തന്നെ സന്തോഷിന് കാര്യം പിടികിട്ടിയെന്നതാണ് വസ്തുത.

സൗമ്യയുമായി സന്തോഷ് ഫോണില്‍ സംസാരിക്കവെയാണ് അപകടമുണ്ടായത്. സന്തോഷിന്റെ കണ്ണില്‍ നിന്നും ഒരൊറ്റ നിമിഷം കൊണ്ട് നഷ്ടം വീട്ടുകാരും തിരിച്ചറിഞ്ഞു. ഞൊടിയിട കൊണ്ട് ആ വീട് ഒരു അലറിക്കരച്ചിലിന് സാക്ഷിയായി. ഇസ്രയേലിലെ പ്രശ്നങ്ങളെ കുറിച്ച് കുടുംബത്തിനും അറിയാമായിരുന്നു. ഇതു കാരണം നാട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു സൗമ്യ. ഇതിനിടെയാണ് റോക്കറ്റില്‍ ദുരന്തം എത്തുന്നത്. ഭര്‍ത്താവിനേയും മകനേയും ആശ്വസിപ്പിക്കാന്‍ നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും കഴിയാത്ത അവസ്ഥ.

ഫോണ്‍ ചാര്‍ജ് ചെയ്യാനോ ഫുഡ് കഴിക്കാനോ ഫോണ്‍ ഓഫ് ചെയ്യുമെന്നേയുള്ളൂ. അല്ലെങ്കില്‍ രാത്രി വരെ ഞങ്ങള്‍ ഫോണിലാണ്. ഭക്ഷണം കഴിക്കുകയാണെന്ന് പറഞ്ഞതോര്‍മ്മയുണ്ട്. ചെവിപൊട്ടുമാറുച്ചത്തില്‍ ശബ്ദം കേട്ടു. ഒരു സ്‌ഫോടന ശബ്ദം. പിന്നാലെ ഫോണ്‍ അങ്ങ് മറിഞ്ഞു. ഹലോ ഹലോ എന്ന് വിളിച്ചിട്ടും മറുതലയ്ക്കല്‍ ആളനക്കമില്ല.. ഒരു മിനിട്ട് കഴിഞ്ഞപ്പോള്‍ ആള് കൂടുന്നത് പോലെ ശബ്ദം കേട്ടു-സന്തോഷ് വേദന കടിച്ചമര്‍ത്തി വിശദീകരിക്കുന്നു

പെട്ടെന്ന് ഇസ്രയേലിലുള്ള പെങ്ങളെ വിളിച്ചു. അവളു വിളിച്ചിട്ട് പറഞ്ഞു, എടാ ശരിയാടാ അവിടെ അടുത്താണ് സംഭവം ഉണ്ടായത്. ഒരു പീസ് അങ്ങോട്ട് പോയി വീണതേയുള്ളൂ. അതൊന്നും അല്ലാര്‍ന്നു, എനിക്ക് അറിയാര്‍ന്നു, അവള്‍ക്ക് എന്തേലും ബുദ്ധിമുട്ടുണ്ടേല്‍ അവള്‍ പെട്ടെന്ന് എന്നെ വിളിക്കും.’ സന്തോഷ് പറഞ്ഞു. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സൗമ്യ നാട്ടിലേക്ക് വരാന്‍ ഇരിക്കുകയായിരുന്നെന്നും എന്നാല്‍ കോവിഡ് സാഹചര്യത്തില്‍ വരവ് നീണ്ടുപോയതാണെന്നും സന്തോഷ് പറഞ്ഞു.

കഞ്ഞിക്കുഴി പഞ്ചായത്ത് മുന്‍ മെമ്പര്‍മാരായ സതീശന്റെയും സാവിത്രിയുടെയും മകളാണ് കൊല്ലപ്പെട്ട സൗമ്യ. ഇന്ത്യന്‍ സമയം 6.30 ഓടെയാണ് സൗമ്യ ഷെല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. അഞ്ച് വര്‍ഷമായി സൗമ്യ ഇസ്രയേലില്‍ കെയര്‍ ടേക്കറായി ജോലി ചെയ്യുകയായിരുന്നു. ആക്രമണത്തില്‍ സൗമ്യ പരിചരിച്ചിരുന്ന ഇസ്രയേല്‍ വനിതയും മരിച്ചു. ഇസ്രയേലില്‍ ആദ്യമായാണ് ഷെല്‍ ആക്രമണത്തില്‍ ഒരു മലയാളി കൊല്ലപ്പെടുന്നത്.

Leave a Reply

Your email address will not be published.