കെ.ആർ ഗൗരിയമ്മ; ഭൂപരുഷ്കരണ നിയമത്തിനു ചുക്കാൻ പിടിച്ച മന്ത്രി; മറഞ്ഞത് പ്രതിബദ്ധതയുടെ മുഖം

Breaking Keralam News

തിരുവനന്തപുരം: കേരളത്തിന്റെ വിപ്ലവ നായികയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഒന്നാംനിര നേതാവുമായിരുന്ന കെ ആര്‍ ഗൗരിയമ്മ അന്തരിച്ചു. 102 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കുറച്ചുനാളുകളായി ചികിത്സയിലായിരുന്നു.

ആധുനിക കേരളത്തിന്റെ ചരിത്രവുമായി വേര്‍പെടുത്താനാവാത്ത വിധം കെട്ടുപിണഞ്ഞു കിടക്കുന്നു ഗൗരിയമ്മയുടെ ജീവിതം. അസാമാന്യ ധീരതയും ത്യാഗസന്നദ്ധതയും പ്രതിബദ്ധതയും സേവനോമുഖതയും ചേര്‍ന്ന ജീവിതമായി ഗൗരിയമ്മയുടേത്.

1957ല്‍ ഇഎംഎസിന്റെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്ന ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയില്‍ അംഗമായിരുന്നു. 1957, 1960 കേരള നിയമസഭകളില്‍ ചേര്‍ത്തലയില്‍ നിന്നും 1965 മുതല്‍ 1977 വരെയും 1980 മുതല്‍ 2006 വരെയും അരൂരില്‍ നിന്നും നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു.

അഭിഭാഷകയായി പ്രാക്ടീസ് ചെയ്യുമ്പോഴാണ് കെ ആർ ഗൗരിയമ്മ കമ്യുണിസ്റ്റ് പാർടിയിൽ ചേരുന്നത്. മികച്ച വാഗ്മിയും സംഘാടകയുമായ അവർക്ക് അംഗത്വം നൽകിയതാകട്ടെ പി കൃഷ്ണപിള്ള. ഇ എം എസ്, എ കെ ജി, നായനാർ, വി എസ് തുടങ്ങിയ നേതാക്കൾക്കൊപ്പം പാർടി കെട്ടിപ്പടുക്കുന്നതിൽ ഗൗരിയമ്മയും വലിയ പങ്കുവഹിച്ചു.1957ൽ ഇഎംഎസിന്റെ നേതൃത്വത്തിൽ കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തിലേറിയപ്പോൾ റവന്യൂ വകുപ്പ്  ഏൽപിച്ചു. കേരള ചരിത്രത്തിൽ സുവർണ ലിപികളിൽ രേഖപ്പെടുത്തിയ ഭൂപരിഷ്കരണ നിയമം നടപ്പാക്കുന്നതിന് ചുക്കാൻ പിടിക്കാനുള്ള നിയോഗവും അവർക്കായി. 

ആദ്യ മന്ത്രിസഭയിൽ അംഗമായ ഗൗരിയമ്മ സത്യപ്രതിജ്ഞചെയ്ത് മന്ത്രിക്കസേരയിൽ ഇരുന്നപ്പോഴുണ്ടായ അനുഭവം എഴുതി: “”57 ഏപ്രിൽ അഞ്ചിന് ഞങ്ങൾ അധികാരമേറ്റു. അതൊരു ലോക സംഭവമായിരുന്നു. സ്വാതന്ത്ര്യം കിട്ടിയ പത്താം കൊല്ലം അധികാരമേറ്റ കമ്യൂണിസ്റ്റ് മന്ത്രിസഭയ്ക്ക് എന്തെന്ത് പ്രശ്നങ്ങളായിരുന്നു?. ഭരണ പരിചയമില്ലാത്ത എനിക്ക് ആദ്യമൊക്കെ ഫയൽ നോക്കാൻ അറിയില്ല.
സാങ്കേതികത്വത്തെക്കാൾ, അതിൽ നരകിക്കുന്ന മനുഷ്യരുടെ ദുരിതമാണല്ലോ പ്രധാനം. ആ ദുരിതവും വേദനയും കഷ്ടപ്പാടും എന്തെന്നറിയുകയും പരിഹാരം തേടാനുള്ള തീവ്രസമരത്തിൽ പങ്കെടുക്കുകയും ചെയ്ത എനിക്ക്, പിന്നെ ഫയൽ പഠിക്കാൻ പ്രയാസം തോന്നിയില്ല. അപ്പോഴും കൃഷിക്കാരുടെ പ്രശ്നങ്ങൾ ഒരു വിചാരമായി, വികാരമായി അലട്ടി. കർഷകസംഘം നേതാക്കളായ ഇ ഗോപാലകൃഷ്ണമേനോൻ, പന്തളം പി ആർ മാധവൻപിള്ള, സി എച്ച് കണാരൻ എന്നിവരുമായും പാർടി നേതൃത്വവുമായും ചർച്ചചെയ്തു. ഡിപ്പാർട്‌മെന്റുമായി ആലോചിച്ചു. അതിന്റെയൊക്കെ ഫലമായി ഒരാശയം രൂപംപൂണ്ടു. അത് വാക്കുകളായി, വകുപ്പുകളായി, നിയമരേഖയായി സമ്പൂർണമാക്കിയപ്പോഴേക്കും ഏപ്രിൽ പത്ത്‌. 11ന് ഓർഡിനൻസ്‌. കാർഷിക പരിഷ്കരണ നിയമങ്ങൾക്ക്തറക്കല്ലിട്ടത് അന്നാണ്. രാജവാഴ്ചക്കും ജന്മിത്വത്തിനും ഏൽപിച്ച പ്രഹരമായിരുന്നു ഒഴിപ്പിക്കൽ നിരോധന ഓർഡിനൻസ്. എന്റെ ജീവിതത്തിലെ അനുസ്മരണീയ ദിനം”.

Leave a Reply

Your email address will not be published.