മാറി ചിന്തിക്കാന്‍ ഒരു മാതൃദിനം കൂടി

Feature News

അമിത എ

അമ്മ’ എന്ന രണ്ടക്ഷരത്തെ ഒരുപാട് അര്‍ത്ഥവ്യാഖ്യാനങ്ങള്‍ നല്‍കി നമ്മള്‍ പരിപോശിപ്പിക്കാറുണ്ട്. അമ്മ സ്നേഹമയി ആയിരിക്കണം, വാത്സല്യം ഉള്ളവളായിരിക്കണം, എന്തും ത്യജിക്കുന്നവളായിരിക്കണം, ഒരു കുടുംബിനി ആയിരിക്കണം. എന്നിങ്ങനെ പോവുന്നു അവ. പണ്ട് കാലം തൊട്ടെ അത്തരമൊരു മഹത്വവത്കരണത്തിലൂടെയാണ് അമ്മയെ ചിത്രീകരിച്ചിരിക്കുന്നത്. തുടര്‍ തലമുറയും ഇതേ കാഴ്ചപ്പാടിലൂടെയാണ് മുന്നോട്ടു പോവുന്നത്. പ്രതീക്ഷയുടെ അമിത ഭാരം കയ്യിലേല്‍പിച്ചു കൊടുത്തു കൊണ്ട് സ്വന്തം ഉത്തരവാദിത്തങ്ങളില്‍ നിന്ന്് കൈ കഴുകിയൊഴിയല്‍ മാത്രമാണ് ഇത്തരം മഹത്വവല്‍ക്കരണം. അതു മാത്രമല്ല, ഇത്തരം ചിന്തകളും വ്യാഖാനങ്ങളും അമ്മ എന്നത് ഒരു വ്യക്തി കൂടിയാണെന്നത് പലരും മറന്നു പോവാനും കാരണമാകുന്നു.

വാട്സ്ആപ്പ് പോലുള്ള സോഷ്യല്‍ മീഡിയകളിലെ മുളപൊട്ടി വരുന്ന അമ്മമാരുടെ ചിത്രങ്ങളിലേക്കൊതുങ്ങുകയാണ് ഇന്നത്തെ മാതൃദിനത്തിന്റെ ആഘോഷം. അത്തരമൊരു സ്റ്റാറ്റസിലൊ സ്റ്റോറിയിലോ ഒതുക്കാതെ മാതൃത്വത്തെ കുറിച്ച് അമ്മയെന്ന വ്യക്തിയെക്കുറിച്ച് ഈ ഒരു അവസരത്തിലെങ്കിലും തുറന്നു ചിന്തിക്കാനുള്ള ഒരു വികാസം ആരിലും ഉടലെടുത്തിട്ടില്ല എന്നുള്ളതാണ് വാസ്തവം. പക്ഷേ അതിനിടയിലും പ്രതീക്ഷ തരുന്ന മറ്റൊരു ചിത്രം കാണാം. വനിതാ ശിശു വികസന വകുപ്പ് മാതൃദിനത്തില്‍ പുറത്തിറക്കിയ പോസ്റ്റര്‍. പ്രതീക്ഷകളുടെ ഭാരമേല്‍പിക്കുന്നതിനു പകരം അമ്മമാരും സാധാരണ മനുഷ്യരാണെന്നോര്‍ക്കാനും അവരെ അവരായി തന്നെ അംഗീകരിക്കാനുമാണ് വനിതാശിശു വികസന വകുപ്പ് ആഹ്വാനം ചെയ്യുന്നത്. കണ്ടു മടുത്തശൈലികളില്‍ നിന്നും വ്യത്യസ്തമായ ഈ പോസ്റ്ററിനു അവര്‍ അഭിനന്ദനമര്‍ഹിക്കുന്നുണ്ട്.

ചുമതലകള്‍ക്കുള്ളിലും മഹത്വവത്കരണത്തിനുള്ളിലും അവരെ തളച്ചിടാതെ സ്വതന്ത്ര വ്യക്തിത്വമാക്കി മാറ്റുകയാണ് വേണ്ടത്. ഏതൊരു വ്യക്തിയെയും പോലെ ഒരു വ്യക്തി തന്നെയാണ് അമ്മ. ഈ മാതൃദിനത്തിലെങ്കിലും അതിനായി നമുക്ക് പരിശ്രമിക്കാം. അതിനായി വീടുകളില്‍ നിന്ന് തുടങ്ങാം. മാതൃദിന ആശംസകള്‍!

Leave a Reply

Your email address will not be published.