സ്വര്‍ണവില ഏറ്റവും ഉയര്‍ന്ന നിരക്കില്‍

Keralam News

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഏറ്റവും ഉയര്‍ന്ന നിരക്കില്‍ തന്നെ തുടരുന്നു. കഴിഞ്ഞ മൂന്നു ദിവസം തുടര്‍ച്ചയായി ഇന്ധന വില വര്‍ധിച്ചിരുന്നു. ശനിയാഴ്ച പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില പവന് 35,680 രൂപയും ഗ്രാമിന് 4460 രൂപയുമായി. മെയ് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണം ഇന്ന് വില്‍ക്കപ്പെടുന്നത്. വെള്ളിയാഴ്ച പവന് 35,600 രൂപയും ഗ്രാമിന് 4450 രൂപയുമായിരുന്നു നിരക്ക്. ഈ മാസം സ്വര്‍ണം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വിലനിലവാരം പവന് 35,040 രൂപയാണ്. മെയ് ഒന്നാം തീയതിയായിരുന്നു ഇത്.

മെയ് മാസം ഇതുവരെ പവന് 640 രൂപയുടെ വിലവര്‍ധനവാണ് ഉണ്ടായത്. ഏപ്രിലില്‍ 1720 രൂപയാണ് പവന് വില കൂടിയത്. ഇതേസമയം, മാര്‍ച്ചില്‍ 1560 രൂപയും ഫെബ്രുവരിയില്‍ 2640 രൂപയും പവന് വില കുറഞ്ഞിരുന്നു. കഴിഞ്ഞമാസം സ്വര്‍ണം കുറിച്ച ഏറ്റവും ഉയര്‍ന്ന നിരക്ക് 36,080 രൂപയും (ഏപ്രില്‍ 22) ഏറ്റവും കുറഞ്ഞ നിരക്ക് 33,320 രൂപയുമായിരുന്നു (ഏപ്രില്‍ 1). സംസ്ഥാനത്തെ വെള്ളി നിരക്കിലും ഇന്നലെ ചെറിയ മാറ്റം സംഭവിച്ചു. 1 ഗ്രാം വെള്ളിക്ക് 71.50 രൂപയാണ് വില. 8 ഗ്രാം വെള്ളിക്ക് വില 572 രൂപ.

24 കാരറ്റ് സ്വര്‍ണം 10 ഗ്രാമിന് 47,760 രൂപയാണ് എംസിഎക്സില്‍ (മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച്) സ്വര്‍ണം വില കുറിച്ചത്. വ്യാപാരത്തിനിടെ ഒരുഘട്ടത്തില്‍ 48,000 രൂപ നിലവാരം മറികടക്കുകയും ചെയ്തിരുന്നു. ആഗോള കറന്‍സികള്‍ക്കെതിരെ ഡോളര്‍ നേരിടുന്ന ക്ഷീണമാണ് ഇപ്പോള്‍ സ്വര്‍ണത്തിന് ഗുണം ചെയ്യുന്നത്. കഴിഞ്ഞ ഒരു മാസം കൊണ്ട് അമേരിക്കന്‍ ഡോളറിന്റെ വിനിമയ മൂല്യം 3 ശതമാനത്തോളം ഇടിഞ്ഞു. കഴിഞ്ഞ ആഴ്ചയും 0.80 ശതമാനം തകര്‍ച്ച ഡോളര്‍ രേഖപ്പെടുത്തി. ഈ പശ്ചാത്തലം മുന്‍നിര്‍ത്തി സ്വര്‍ണം ഹ്രസ്വകാലത്തേക്ക് മുന്നേറുമെന്ന നിരീക്ഷണമാണ് വിപണി വിദഗ്ധരുടേത്.

അമേരിക്കയുടെ സാമ്പത്തിക കണക്കുകളിലെ പതര്‍ച്ചയും സ്വര്‍ണത്തിന് നേട്ടമാകുന്നുണ്ട്. അടുത്ത ആഴ്ചയും ഡോളര്‍ സൂചിക നഷ്ടത്തില്‍ ചുവടുവെയ്ക്കുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ അമേരിക്കയുടെ ട്രഷറി വരുമാനവും ക്രമപ്പെട്ടു നില്‍ക്കുകയാണ്. ബോണ്ടുകളുടെ കുതിപ്പ് സാവധാനമായി. എക്കാലത്തേയും ഉയര്‍ച്ചയിലേക്ക് സൂചികകള്‍ ചലിക്കുന്നതുകൊണ്ട് ഡൗ ജോണ്‍സും നാസ്ദാഖും ഇപ്പോള്‍ ഗൗരവമായ സമ്മര്‍ദ്ദത്തിലാണ്. ഈ പശ്ചാത്തലത്തില്‍ നിക്ഷേപര്‍ സുരക്ഷിത നിക്ഷേപമായ സ്വര്‍ണത്തിലേക്ക് വീണ്ടും ശ്രദ്ധ തിരിക്കുമെന്നാണ് പ്രതീക്ഷ.

Leave a Reply

Your email address will not be published.