മാസ്‌ക് ധരിക്കാത്തതിനു പൊലീസ് മര്‍ദ്ദിച്ചെന്ന് പരാതി; അന്വേഷണം ഒരു മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി

Keralam News

കൊച്ചി: മാസ്‌ക് ധരിക്കാത്തതിനു പൊലീസ് മര്‍ദ്ദിച്ചെന്ന പരാതിയില്‍ ഒരു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കാന്‍ നിര്‍ദേശിച്ച് ഹൈക്കോടതി. കോഴിക്കോട് സ്വദേശി ടി.കെ.വൈശാഖാണ് മാസ്‌ക് ധരിക്കാത്തതിനു പോലീസ് ഉപദ്രവിച്ചെന്ന പരാതിയുമായി കോടതിയെ സമീപിച്ചത്. തുടര്‍ന്ന് കേസില്‍ അന്വേഷണം നടത്താന്‍ സംസ്ഥാന പോലീസ് മേധാവിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കുകയായിരുന്നു. എറണാകുളം മുനമ്പം പൊലീസിനെതിരെയാണ് പരാതി നല്‍കിയിട്ടുള്ളത്. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ജസ്റ്റിസ് ഡോ. കൗസര്‍ എടപ്പഗത്ത് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.

മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ ബലപ്രയോഗം വേണ്ടെന്നും നിയമപ്രകാരം നടപടിയെടുത്താല്‍ മതിയെന്നും ഹര്‍ജി പരിഗണിച്ചപ്പോള്‍ കോടതി അഭിപ്രായപ്പെട്ടിരുന്നു. പൊതുസ്ഥലത്ത് അല്‍പനേരം മാസ്‌ക് മാറ്റിയതിന്റെ പേരില്‍ പൊലീസ് അസഭ്യം പറഞ്ഞെന്നും സ്റ്റേഷനില്‍ കൊണ്ടുപോയി ഉപദ്രവിച്ചെന്നുമാണു റിസോര്‍ട്ട് ജീവനക്കാരനായ വൈശാഖിന്റെ പരാതി.

ഹര്‍ജിക്കാരന്‍ ഏപ്രില്‍ 18ന് ഡിജിപിക്കു നല്‍കിയ പരാതിയില്‍ എറണാകുളം റൂറല്‍ സ്പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി അന്വേഷണം നടത്തിയെന്നും കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിനു പരാതിക്കാരനെ കസ്റ്റഡിയിലെടുത്തപ്പോള്‍ നടപടി ക്രമങ്ങളാണു പാലിച്ചതെന്നു ഡിവൈ.എസ്.പിയുടെ റിപ്പോര്‍ട്ടിലുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പൊലീസ് അസഭ്യം പറയുകയോ ഉപദ്രവിക്കുകയോ ചെയ്തിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വിശദമായ അന്വേഷണത്തിനുള്ള കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് എറണാകുളം റൂറല്‍ ജില്ലാ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ ഡിവൈഎസ്പിയെ അന്വേഷണത്തിനു നിയോഗിച്ചെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഒരു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കാന്‍ കോടതി നിര്‍ദ്ദേശിച്ചത്.

Leave a Reply

Your email address will not be published.