സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളുടെ പ്രതിനിധികളുമായി കൊവിഡ് 19 മുന്നൊരുക്കങ്ങള്‍ വിലയിരുത്തി മുഖ്യമന്ത്രി

Breaking News

സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളുടെ പ്രതിനിധികളുമായി കൊവിഡ് 19 മുന്നൊരുക്കങ്ങള്‍ വിലയിരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് 19 പ്രതിരോധത്തിനായി സംസ്ഥാനത്ത് ഒൻപതു ദിവസത്തെ ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രി കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങുന്നത്.
ബൈക്ക് ആംബുലൻസിന് പകരമല്ല

ബൈക്ക് ആംബുലൻസിന് പകരമാകില്ലെന്ന് മുഖ്യമന്ത്രി തദ്ദേശസ്ഥാപനങ്ങളോടു പറഞ്ഞു. ആലപ്പുഴ പുന്നപ്രയിൽ ഗുരുതരാവസ്ഥയിലായ കൊവിഡ് രോഗിയെ ബൈക്കിൽ ആശുപത്രിയിലേയ്ക്ക് മാറ്റിയ സംഭവത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. അടിയന്തര സാഹചര്യങ്ങളിൽ ആംബുലൻസിനു പകരം ഉപയോഗിക്കാവുന്ന വാഹനങ്ങള്‍ തദ്ദേശസ്ഥാപനങ്ങള്‍ കണ്ടെത്തി വെക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. ഇന്നലെ പുന്നപ്രയിൽ കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രത്തിൽ നിന്ന് രോഗിയെ രണ്ട് സന്നദ്ധ സേവകര്‍ ബൈക്കിൽ ആശുപത്രിയിലെത്തിച്ചിരുന്നു. പിപിഇ കിറ്റ് ധരിച്ച് രോഗിയെ നടുവിൽ ഇരുത്തി ആശുപത്രിയിലെത്തിച്ച നടപടിയെ മുഖ്യമന്ത്രി അഭിനന്ദിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് സമാനസാഹചര്യം ആവര്‍ത്തിക്കാതിരിക്കാൻ മുഖ്യമന്ത്രിയുടെ നിര്‍ദേശം.

​വാര്‍ഡുതല സമിതികള്‍ വേണം

കൊവിഡ് 19 പ്രതിരോധത്തിനായി സംസ്ഥാനത്ത് വാര്‍ഡുതല സമിതികള്‍ രൂപീകരിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. ഈ സമിതികള്‍ വീടുകള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തണം. വീടുകളിൽ കഴിയുന്ന കൊവിഡ് രോഗികള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ എത്തിക്കേണ്ടതും വാര്‍ഡുതല സമിതികളാണ്. ഇതിനായി സന്നദ്ധ പ്രവര്‍ത്തകരെയും ഉപയോഗിക്കാം. ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ നിര്‍ദേശം.

വാക്സിനേഷനിൽ ഏകോപനം വേണം

അതിര്‍ത്തിയിൽ നടക്കുന്ന വാക്സിനേഷൻ പ്രവര്‍ത്തനങ്ങളിൽ ഏകോപനം വേണമെന്ന് മുഖ്യമന്ത്രി ആവ്യപ്പെട്ടു. വാക്സിനേഷനിൽ വാര്‍ഡ്തല സമിതികളിലെ അംഗങ്ങള്‍ക്കായിരിക്കും മുൻഗണന. കൊവിഡ് 19 ബാധിച്ചു മരണപ്പെടുന്നവരുടെ മൃതദേഹങ്ങള്‍ സംസ്കരിക്കാനും വാര്‍ഡ്തല സമിതികളാണ് നേതൃത്വം നല്‍കേണ്ടത്. ഇതിനായി ആവശ്യമായ നടപടിക്രമങ്ങള്‍ പാലിക്കുകയും ചെയ്യണം. പഞ്ചായത്ത് തലത്തിൽ മെഡിക്കൽ രംഗത്തു പ്രവര്‍ത്തിക്കുന്നവരുടെ പട്ടിക തയ്യാറാകക്കണമെന്നും ആംബുലൻസിനു പകരം ഉപയോഗിക്കാവുന്ന വാഹനങ്ങളുടെ പട്ടിക തയ്യാറാക്കി വെക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ പോലീസിൻ്റെയും വാര്‍ഡ് തല സമിതിയുടെയും ശ്രദ്ധയിൽപ്പെടുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published.