സിദ്ദീഖ് കാപ്പനെ അതീവ രഹസ്യമായി ജയിലിലേക്ക് മാറ്റിയെന്ന് കുടുംബം

Breaking News

ന്യൂഡൽഹി: കോവിഡ് ബാധിച്ച് ഡൽഹി എയിംസിൽ ചികിത്സയിലായിരുന്ന മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പനെ അതീവ രഹസ്യമായി മഥുര ജയിലിലേക്ക് മാറ്റിയെന്ന് കുടുംബം. വ്യാഴാഴ്ച രാത്രിയോടെയാണ് ഇദ്ദേഹത്തെ ജയിലിലേക്ക് മാറ്റിയത്. ആരോഗ്യസ്ഥിതി മെച്ചപ്പെട്ട സാഹചര്യത്തിലാണ് ഇദ്ദേഹത്തെ വീണ്ടും ജയിലിലേക്ക് മാറ്റിയതെന്ന് മഥുര ജയിൽ സൂപ്രണ്ട് പറഞ്ഞു. സുപ്രിംകോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് കാപ്പനെ എയിംസിലേക്ക് മാറ്റിയിരുന്നത്. 
ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ട ഒരു വിവരവും കുടുംബത്തിന് നൽകിയില്ലെന്ന് കാപ്പന്റെ അഭിഭാഷകൻ വിൽസ് മാത്യൂസ് പറഞ്ഞു. വെള്ളിയാഴ്ച രാവിലെ ഒന്നേകാലോടെയാണ് കാപ്പൽ ജയിലിൽ തിരിച്ചെത്തിയത്. ജയിൽ അധികൃതരുമായി ബന്ധപ്പെട്ടു കൊണ്ടിരിക്കുകണ്. ഇത് പൂർണമായ കോടതിയലക്ഷ്യമാണ്. ആവശ്യമായ ചികിത്സ നൽകണമെന്ന് സുപ്രിംകോടതി കൃത്യമായി പറഞ്ഞിട്ടുണ്ടായിരുന്നു- അദ്ദേഹം ചൂണ്ടിക്കാട്ടി.
കോവിഡ് വാർഡിലല്ല ആദ്യം സിദ്ദീഖ് കാപ്പനെ പ്രവേശിപ്പിച്ചിരുന്നതെന്ന് ഭാര്യ റൈഹാനത്ത് പറഞ്ഞു. പിന്നീട് കോവിഡ് വാർഡിലേക്ക് മാറ്റി. പൊലീസ് ആശുപത്രിയെയും കോടതിയെയും തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്. എനിക്ക് ആശുപത്രിയിൽ വച്ച് കാപ്പനെ കാണാൻ കഴിഞ്ഞിട്ടില്ല. കാണാൻ പറ്റുമെന്ന പ്രതീക്ഷയിൽ ഇപ്പോഴും ഡൽഹിയിലാണ്. മഥുരയിലേക്ക് തിരിച്ചു കൊണ്ടു പോകുമെന്ന കാര്യത്തിൽ എനിക്ക് വിവരമൊന്നും കിട്ടിയിരുന്നില്ല- അവർ പറഞ്ഞു.

Leave a Reply

Your email address will not be published.