മിനി ലോക്ഡൌണ്‍ തുടരുന്നു; പലയിടങ്ങളിലും ജനങ്ങള്‍ സഹകരിക്കാത്തത് തലവേദനയാകുന്നു

Breaking News

സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ മിനി ലോക്ഡൌണ്‍ തുടരുന്നു. പലയിടങ്ങളിലും ജനങ്ങള്‍ പൂര്‍ണമായും സഹകരിക്കാത്തത് പൊലീസിന് തലവേദനയായി. സർക്കാർ ഉദ്യോഗസ്ഥർ ജോലിക്ക് പോകുമ്പോൾ വകുപ്പ് മേധാവികളുടെ അനുമതിപത്രം കയ്യിൽ കരുതണമെന്നാണ് നിര്‍ദേശം.

കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തിലാണ് നിയന്ത്രണം കര്‍ശനമാക്കിയത്. രാവിലെ മുതല്‍ പൊലീസ് പരിശോധന ആരംഭിച്ചു. മാസ്ക് ധരിക്കാതെ യാത്ര ചെയ്യുന്നവര്‍, സത്യവാങ്മൂലമില്ലാതെ സഞ്ചരിക്കുന്നവര്‍, അനാവശ്യമായി യാത്ര നടത്തുന്നവര്‍ തുടങ്ങിയവര്‍ക്കെതിരെയെല്ലാം കര്‍ശന നടപടിയാണ് സ്വീകരിക്കുന്നത്. ഇരുചക്രവാഹനങ്ങളിലുള്ളവരെയും പ്രത്യേകം പരിശോധിക്കുന്നുണ്ട്. ചിലയിടങ്ങളില്‍ ആളുകള്‍ കൂട്ടത്തോടെ നിരത്തിലിറങ്ങിയത് ഗതാഗഗത കുരുക്കിനിടയാക്കി. അടിയന്തര ആവശ്യങ്ങൾക്ക് പോകുന്നവർ തിരിച്ചറിയൽ രേഖ കയ്യില്‍ കരുതണമെന്നാണ് നിര്‍ദേശം.

ഞായറാഴ്ച വരെ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രമേ തുറന്നു പ്രവർത്തിക്കൂ. ഹോട്ടലുകളിൽ പാഴ്സൽ സൗകര്യം മാത്രമാണുള്ളത്. സർക്കാർ ഓഫീസുകളിൽ 25 ശതമാനം ജീവനക്കാർ മാത്രമാണ് ഹാജരാകുന്നത്. തുണിക്കടകൾ, ജ്വല്ലറികൾ, ബാർബർ ഷോപ്പുകൾ തുടങ്ങിയവയൊന്നും തുറക്കുന്നില്ല. കെ. എസ്.ആര്‍.ടി.സി ബസുകള്‍ ദീര്‍ഘദൂര സര്‍വീസുകള്‍ നടത്തുന്നുണ്ടെങ്കിലും സര്‍വീസുകളുടെ എണ്ണം കുറവാണ്.

Leave a Reply

Your email address will not be published.