മൂന്നാറില്‍ കൊവിഡ് പ്രോട്ടകോള്‍ ലംഘിച്ച് ധ്യാനം; നൂറിലേറെ പുരോഹിതര്‍ക്ക് കൊവിഡ്; രണ്ട് വൈദികര്‍ മരിച്ചു

Breaking News

മൂന്നാറിലെ ധ്യാനകേന്ദ്രത്തിലെ വാര്‍ഷിക ധ്യാന യോഗത്തില്‍ പങ്കെടുത്ത നൂറിലധികം സിഎസ്‌ഐ പുരോഹിതര്‍ക്ക് കൊവിഡ്. രോഗബാധയുണ്ടായ രണ്ട് വൈദികര്‍ മരിച്ചു. അഞ്ച് പേരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. സിഎസ്‌ഐ ബിഷപ്പ് ധര്‍മ്മരാജ് റസാലം വീട്ടില്‍ നിരീക്ഷണത്തിലാണ്.

ഏപ്രില്‍ 13 മുതല്‍ 17 വരെയായിരുന്നു സമ്മേളനം നടന്നത്. വിവിധ പള്ളികളില്‍ നിന്നായി 350 പുരോഹിതര്‍ പങ്കെടുത്തിരുന്നു. കൊവിഡ് പ്രോട്ടകോളുകളെല്ലാം കാറ്റില്‍ പറത്തിയായിരുന്നു സമ്മേളനം. ആരും തന്നെ മാസ്‌കോ മറ്റ് സുരക്ഷാ മാനദണ്ഡങ്ങളോ പാലിച്ചിരുന്നില്ല. സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്ക് കൊവിഡ് ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് രൂപതയുടെ തന്നെ മെഡിക്കല്‍ കോളേജായ കാരക്കോണം മെഡിക്കല്‍ കോളേജില്‍ ഇവരെ പ്രവേശിപ്പിക്കുകയായിരുന്നു. 150 ഓളം വൈദികര്‍ക്ക് നിലവില്‍ കൊവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ 50 പേരുടെ നില ഗുരുതരമാണ്. അഞ്ചിലേറെ പേരുടെ നില അതീവ ഗുരുതരമാണ്.

തിരുവനന്തപുരത്ത് നിന്ന് ബസ്സിലാണ് ഇവര്‍ മൂന്നാറിലെത്തിയത്. കൊവിഡ് സ്ഥിരീകരിച്ച വൈദികരുടെ കുടുംബാംഗങ്ങള്‍ ഇടപഴകിയ മറ്റുള്ളവര്‍ എന്നിവരിലേക്കുള്ള രോഗവ്യാപന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.

കൊവിഡ് രണ്ടാം തരംഗത്തിന്റെ ഭാഗമായി മധ്യകേരള ധ്യാനം മാറ്റിവെച്ചിരുന്നു. പക്ഷെ ദക്ഷിണ കേരള ധ്യാനം അധികൃതര്‍ രഹസ്യമായി നടത്തുകയായിരുന്നു. സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ അനുസരിച്ച് യോഗത്തില്‍ 50 പേര്‍ക്ക് മാത്രമേ പങ്കെടുക്കാനാവൂ. ഈ നിയന്ത്രണം നിലനില്‍ക്കെയാണ് 350 വൈദികരെ പങ്കെടുപ്പിച്ച് ധ്യാനയോഗം നടന്നത്.

Leave a Reply

Your email address will not be published.