അഞ്ച് ടേം ജയിച്ചത് പരിഗണിക്കണം, മന്ത്രിയാക്കണം’; പിണറായി വിജയന് കത്തുനല്‍കാനൊരുങ്ങി കോവൂര്‍ കുഞ്ഞുമോന്‍

Breaking News Politics

രണ്ടാം പിണറായി മന്ത്രിസഭയില്‍ പ്രാതിനിധ്യം വേണമെന്ന് ആവശ്യപ്പെട്ട് നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന് കത്തുനല്‍കാനൊരുങ്ങി കോവൂര്‍ കുഞ്ഞുമോന്‍. താന്‍ അഞ്ച് ടേം തുടര്‍ച്ചയായി തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചത് പരിഗണിച്ച് മന്ത്രിസ്ഥാനം നല്‍കണമെന്ന ആവശ്യമാണ് കുഞ്ഞുമോന്‍ മുന്നോട്ടുവെയ്ക്കുന്നത്. താന്‍ ഇടതുമുന്നണിയ്‌ക്കൊപ്പം ഉറച്ചുനിന്നതും കണക്കിലെടുക്കണമെന്നാണ് കുഞ്ഞുമോന്റെ പക്ഷം. തന്നെ മന്ത്രിയാക്കുന്നതുവഴി ആര്‍എസ്പി പ്രവര്‍ത്തകരെ പതുക്കെ ഇടതുമുന്നണിയിലെത്തിക്കാമെന്നും കുഞ്ഞുമോന്‍ പറഞ്ഞു.

2001 മുതല്‍ തുടര്‍ച്ചയായ അഞ്ച് തെരഞ്ഞെടുപ്പില്‍ കുന്നത്തൂരില്‍ നിന്നും കുഞ്ഞുമോന്‍ ജയിച്ചുകയറിയിരുന്നു. ആര്‍എസ്പിയുടെ യുവനേതാവായ ഉല്ലാസ് കോവൂരിനെ കുഞ്ഞുമോന്‍ 2790 വോട്ടുകല്‍ക്കാണ് ഇത്തവണ പരാജയപ്പെടുത്തിയത്.

ആര്‍എസ്പിയുടെ മുന്നണിമാറ്റത്തിനുശേഷം നടന്ന 2016-ലെ തെരഞ്ഞെടുപ്പിലും എല്‍ഡിഎഫ് സ്വതന്ത്രനായി മത്സരിച്ച കുഞ്ഞുമോന്‍ ആര്‍എസ്പിയുടെ കുത്തകമണ്ഡലമായിരുന്ന കുന്നത്തൂരില്‍ ആര്‍എസ്പി ചിഹ്നത്തിനെതിരെ വിജയം പിടിച്ചടക്കുകയായിരുന്നു.

ഇത്തവണ അട്ടിമറി സാധ്യതകള്‍ പ്രവചിക്കപ്പെട്ടിരുന്ന മണ്ഡലത്തില്‍ എംഎല്‍എയുടെ വികസനമുരടിപ്പ് പ്രധാന പ്രചാരണായുധമാക്കി വിജയിച്ചുകയറാമെന്ന് യുഡിഎഫ് കണക്കുകൂട്ടിയിരുന്നെങ്കിലും ജനം കുഞ്ഞുമോനൊപ്പം നില്‍ക്കുകയായിരുന്നു.

Leave a Reply

Your email address will not be published.