വാക്‌സിൻ ക്ഷാമം ജൂലൈ വരെ നീണ്ടേക്കും, മുന്നറിയിപ്പുമായി അടാർ പൂനാവാല

India News

ന്യൂ ഡൽഹി: രാജ്യത്ത് കൊവിഡ് വാക്സിനുകൾ സുലഭമാകാൻ ജൂലൈ വരെ കാക്കേണ്ടി വരുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് ചീഫ് എക്സിക്യൂട്ടീവ് അടാർ പൂനാവാല. പ്രതിദിനം ഉയരുന്ന രോഗനിരക്കവും വാക്‌സിൻ ക്ഷാമവും മൂലം രാജ്യം കടുത്ത പ്രതിസന്ധി നേരിടവേ ആണ് പ്രതിരോധ മരുന്നിനായി മാസങ്ങൾ കാക്കേണ്ടി വരുമെന്ന അറിയിപ്പ് വന്നിട്ടുള്ളത്.

60 മുതൽ 70 ദശലക്ഷം വരെ ഡോസുകളുടെ പ്രതിമാസ ഉല്പാദനത്തിൽ നിന്നും 100 ദശലക്ഷം വാക്സിനുകളുടെ ഉത്പാദനം എന്ന ലക്ഷ്യത്തിലേക്ക് ജൂലൈയോടെ എത്താനാകുമെന്നാണ് അടാർ പൂനാവാല അറിയിച്ചത്. ഫിനാൻഷ്യൽ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ സിഇഒ ഇങ്ങനെ പറഞ്ഞത്.

മെയ് ഒന്ന് മുതൽ 18 വയസ്സിന് മുകളിലുള്ളവർക്ക് വാക്‌സിൻ ലഭ്യമാക്കും എന്നുള്ള സർക്കാർ പ്രഖ്യാപനത്തിന് പിന്നാലെയാണ് അടാർ പൂനാവാലയുടെ ഈ അറിയിപ്പ്. ജനസംഖ്യാനുപാതികമായി നോക്കിയാൽ ഇന്ത്യയിൽ വെറും 2 ശതമാനത്തിന് മാത്രമേ ഇതുവരെയും വാക്സിൻ നൽകാനായിട്ടുള്ളൂ.

വാക്സിൻ ക്ഷാമത്തെ തുടർന്ന് രാഷ്ട്രീയക്കാരും മറ്റും രാജ്യവ്യാപകമായി സെറം ഇൻസ്റ്റിറ്റ്യൂട്ടിനെ അപകീർത്തിപ്പെടുത്തിയെന്ന് പറഞ്ഞ പൂനാവാല, കേന്ദ്രനയത്തിന് ഉത്തരവാദി കമ്പനിയല്ല, സർക്കാരാണ് എന്ന് അറിയിച്ചു. ആവശ്യപ്പെട്ട കണക്കനുസരിച്ചാണ് മരുന്ന് ഉത്പാദനം നടത്തിയതെന്നും 100 കോടിയിലധികം മരുന്നിന്റെ ആവശ്യം രാജ്യത്തുണ്ടാകുമെന്ന് പ്രതീക്ഷിച്ചതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published.