ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നിരക്ക് 500 രൂപയായി കുറച്ചതിനെതിരെ കോടതിയെ സമീപിച്ച് ലാബുടമകള്‍

Keralam News

സംസ്ഥാനത്ത് ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നിരക്ക് 500 രൂപയായി കുറച്ചതിനെതിരെ സ്വകാര്യ ലാബുടമകള്‍ ഹൈക്കോടതിയെ സമീപിച്ചു. നിരക്ക് കുറച്ച സര്‍ക്കാര്‍ ഉത്തരവ് ഐ.സി.എം.ആര്‍ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഉത്തരവ് റദ്ദാക്കണമെന്നുമാണ് ഹരജിയില്‍ ആവശ്യപ്പെടുന്നത്. അല്ലാത്ത പക്ഷം ലാബുകള്‍ക്ക് സബ്സിഡി നല്‍കി നഷ്ടം സര്‍ക്കാര്‍ നികത്തണമെന്നും ലാബുടകള്‍ വ്യക്തമാക്കി. നിരക്ക് കുറയ്ക്കുന്നത് സംസ്ഥാനത്തെ കോവിഡ് പരിശോധനകളുടെ ഗുണനിലവാരം തകര്‍ക്കും. ലാബുകളിലെ പരിശോധനകളുടെ നിരക്കുകള്‍ നിശ്ചയിക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നും ലാബുടമകള്‍ പറയുന്നു

നിരക്ക് 500 രൂപയാക്കിയ സര്‍ക്കാര്‍ നടപടി വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നും ലാബുടമകള്‍ ചൂണ്ടിക്കാട്ടി. നഷ്ടത്തില്‍ പ്രവര്‍ത്തിക്കാന്‍ തയ്യാറാകാത്തതിന്റെ പേരില്‍ കേസെടുക്കുമെന്ന് സര്‍ക്കാര്‍ ഭീഷണിപ്പെടുത്തുന്നുവെന്നും കൂട്ടിച്ചേര്‍ത്തു. കേസ് ഹൈക്കോടതി നാളെ പരിഗണിക്കും. സര്‍ക്കാര്‍ നിശ്ചയിച്ച തുകയായ 500 രൂപയ്ക്ക് ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് ചെയ്യാത്ത ലാബുകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. ചില ലാബുകള്‍ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിനു പകരം ചെലവു കൂടുതലുള്ള ട്രൂനാറ്റ് ടെസ്റ്റ് നടത്താന്‍ നിര്‍ബന്ധിക്കുന്നതായി വര്‍ത്തകള്‍ ഉയരുന്നുണ്ട്. ലാഭം കൊയ്യാനുള്ള സന്ദര്‍ഭമല്ല ഇതെന്നും മുഖ്യമന്ത്രി ഓര്‍മ്മപ്പെടുത്തിയിരുന്നു. വിശദമായ പഠനത്തിനു ശേഷമാണ് ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിന്റെ ചെലവ് 500 രൂപയായി കുറച്ചത്. ലാബുകളുടെ പരാതി ചര്‍ച്ച ചെയ്യാമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published.