കൊവിഡിനും വര്‍ഗീതയ്ക്കുമെതിരെയുള്ള പോരാട്ടത്തില്‍ പിണറായിയെ പിന്തുണക്കാന്‍ ആഹ്വാനം ചെയ്ത് ശശി തരൂര്‍ എം.പി

News Politics

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ തുടര്‍ഭരണം ഉറപ്പാക്കിയ എല്‍.ഡി.എഫ് സര്‍ക്കാരിന് അഭിനന്ദനവുമായി കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എം.പിയുമായ ശശി തരൂര്‍.

44 വര്‍ഷത്തിനിടയില്‍ ആദ്യമായി സംഭവിച്ച ഈ തുടര്‍ഭരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിക്കുന്നുവെന്ന് ശശി തരൂര്‍ ട്വീറ്റ് ചെയ്തു.

’44 വര്‍ഷത്തിനിടയില്‍ ആദ്യമായി തുടര്‍ഭരണത്തിന് തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന് അഭിനന്ദനങ്ങള്‍. അദ്ദേഹത്തിലും അദ്ദേഹത്തിന്റെ സര്‍ക്കാരിലും ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസത്തെ മാനിക്കേണ്ടതാണ് നമ്മുടെ കടമ. കൊവിഡിനും വര്‍ഗീതയ്ക്കുമെതിരെയുള്ള പോരാട്ടത്തില്‍ അദ്ദേഹത്തെ നമ്മള്‍ പിന്തുണയ്ക്കണം,’ ശശി തരൂര്‍ ട്വീറ്റ് ചെയ്തു.

ജനവിധി അംഗീകരിക്കുന്നെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചിരുന്നു. അപ്രതീക്ഷിതമായ ഒരു പരാജയമാണ് ഉണ്ടായിരിക്കുന്നതെന്നും ജനങ്ങള്‍ നല്‍കിയ വിധിയെ ആദരവോടെ അംഗീകരിക്കുന്നെന്നും ചെന്നിത്തല പറഞ്ഞു.

പരാജയ കാരണങ്ങള്‍ യു.ഡി.എഫ് കൂടി വിലയിരുത്തും. പാളിച്ചകള്‍ വിലയിരുത്തും. കൂട്ടായ ചര്‍ച്ചകളിലൂടെ മുന്നോട്ടുപോകും. കേരളത്തില്‍ നിലനില്‍ക്കുന്ന ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ അഴിമതിയും കൊള്ളയും ഞങ്ങള്‍ എടുത്ത് പറഞ്ഞിരുന്നു. അത് ഇല്ലാതായെന്ന് ഈ വിജയത്തോടെ കരുതേണ്ടെന്നും ചെന്നിത്തല പറഞ്ഞു.

കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ 99 സീറ്റിലാണ് എല്‍.ഡി.എഫ് ലീഡ് ചെയ്യുന്നത്. 41 സീറ്റില്‍ യു.ഡി.എഫ് മുന്നേറുമ്പോള്‍ ഒറ്റ സീറ്റില്‍ പോലും എന്‍.ഡി.എയ്ക്ക് ലീഡില്ല.

Leave a Reply

Your email address will not be published.