എം.എം. മണിയുടെ വിജയക്കുതിപ്പ് കാണിച്ചുതരുന്നത്

Breaking News Politics

ഇടുക്കി: ചില ചാനല്‍ സര്‍വ്വെകളില്‍ തോല്‍ക്കുമെന്ന് പറഞ്ഞ ഉടുമ്പന്‍ചോലയിലെ സിറ്റിങ് എംഎല്‍എയും മന്ത്രിയുമായ എം.എം. മണിയുടെ വിജയക്കുതിപ്പ് കാണിച്ചു തരുന്നത് പലകാര്യങ്ങളാണ്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഇ.എം. ആഗസ്തിയേക്കാള്‍ ഇരുപത്തി അയ്യായിരത്തിലേറെ വോട്ടിന്റെ ലീഡുമായാണ് എം.എം. മണി വിജയം ഉറപ്പിച്ചത്.വോട്ടെണ്ണി തുടങ്ങിയ സമയം മുതല്‍ ക്രമാനുഗതമായ മുന്നേറ്റമാണ് മന്ത്രി എംഎം മണി മണ്ഡലത്തില്‍ നേടിയത്. മൂന്ന് റൗണ്ട് എണ്ണി തീര്‍ന്നപ്പോള്‍ തന്നെ പതിനായിരത്തിന് മുകളിലേക്ക് ഭൂരിപക്ഷം ഉയര്‍ത്താനും എംഎം മണിക്ക് കഴിഞ്ഞിരുന്നു.
1996 ല്‍ കന്നി നിയമസഭ പോരാട്ടത്തില്‍ ആഗസ്തിയോടായിരുന്നു എംഎം മണി പരാജയപ്പെട്ടത്. ഇത്തവണ ശക്തമായ പോരാട്ടത്തിലൂടെ ഉടുമ്പന്‍ചോല തിരിച്ച് പിടിക്കുമെന്ന ആത്മവിശ്വാസം ആണ് പ്രചാരണ വേദികളില്‍ യുഡിഎഫ് പ്രകടിപ്പിച്ചിരുന്നത്. എന്നാല്‍ ഇത്തവണയും ലീഡ് നില 20000 ന് മുകളിലേക്ക് ഉയര്‍ത്തുമെന്നായിരുന്നു ഇടതുമുന്നണിയുടെ അവകാശവാദം. ഇത് ശരിവയ്ക്കുന്നതാണ് വോട്ടെണ്ണല്‍ തുടങ്ങി നാല് മണിക്കൂര്‍ പിന്നിടുമ്പോള്‍ വ്യക്തമാകുന്നത്.2001 മുതല്‍ തുടര്‍ച്ചയായി സിപിഎം ജയിച്ചിരുന്ന മണ്ഡലമാണ് ഉടുമ്പന്‍ചോല. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എം.എം. മണി 1109 വോട്ടിന്റെ ചെറിയ ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സേനാപതി വേണുവിനെ പരാജയപ്പെടുത്തിയത്.
ഉടുമ്പന്‍ചോലയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഇ.എം അഗസ്തി നല്ല മത്സരമാണ് കാഴ്ചവെച്ചതെന്ന് എം.എം മണി പ്രതികരിച്ചു. മണ്ഡലത്തിലെ പൊതു സ്ഥിതി മാത്രമാണ് വോട്ടിംഗില്‍ പ്രതിഫലിച്ചതെന്നും അദ്ദേഹം പറഞ്ഞു. അഗസ്തി തല മൊട്ടയടിക്കേണ്ടതില്ലെന്നും മണി പറഞ്ഞു.
തുടര്‍ഭരണം കിട്ടുമെന്നത് ശരിയാണെന്ന് ഇതുവരെയുള്ള വിധി വ്യക്തമാക്കുന്നെന്നും ജനങ്ങള്‍ക്കൊപ്പം സര്‍ക്കാര്‍ നിന്നതിന്റെ ഫലമാണ് ഇതെന്നും എം.എം മണി പ്രതികരിച്ചു.എല്‍.ഡി.എഫ് സര്‍ക്കാരിനെ ജനം നെഞ്ചേറ്റിയിരിക്കുന്നു. ഞാന്‍ ജയിച്ചതുകൊണ്ട് തലമൊട്ടയടിക്കുമെന്ന് ഇ.എം അഗസ്തി പ്രഖ്യാപിച്ചിരിക്കുകയാണ്. അദ്ദേഹത്തോട് തലമൊട്ടയടിക്കരുതെന്ന് ഞാന്‍ അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്.അദ്ദേഹം എന്റെ സുഹൃത്താണ്. എന്നെ വിളിച്ച് അഭിനന്ദിച്ചിരുന്നു. അദ്ദേഹം തലമൊട്ടയിക്കാന്‍ പാടില്ല എന്ന് ഞാന്‍ വീണ്ടും അഭ്യര്‍ത്ഥിക്കുകയാണ്. അതാണ് എന്നെ സംബന്ധിച്ച് ശരിയെന്നാണ് തോന്നുന്നത്, എം.എം മണി പറഞ്ഞു.
മന്ത്രിസഭയിലേക്ക് ഉറപ്പാണോ എന്ന ചോദ്യത്തിന് അതിന് ഇനി എന്തെല്ലാം കടമ്പയുണ്ടെന്നും അതെല്ലാം പാര്‍ട്ടി ആലോചിക്കുമെന്നുമായിരുന്നു എം.എം മണിയുടെ മറുപടി. ഞാന്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കണമെന്ന് പാര്‍ട്ടി തീരുമാനിച്ചു. ഇനി എന്ത് വേണമെന്ന് പാര്‍ട്ടി തീരുമാനിക്കും.
ഇടതുപക്ഷ ജനാധിപത്യമുന്നണി പ്രകടനപത്രിക അവതരിപ്പിച്ചു. ജനങ്ങളോടുള്ള പ്രതിബദ്ധത നിലനിര്‍ത്തും. ഈ കോവിഡ് കാലത്ത് കേരള ജനതയെ നെഞ്ചോടു ചേര്‍ത്തുപിടിച്ച് സര്‍ക്കാര്‍ ആശ്വാസം പകരും എന്ന കാര്യത്തില്‍ സംശയം വേണ്ടെന്നും എം.എം മണി പറഞ്ഞു.
ഉടുമ്പന്‍ചോലയില്‍ എം.എം മണി വിജയിച്ചാല്‍ തല മുണ്ഡനം ചെയ്യുമെന്നായിരുന്നു ഇ.എം അഗസ്തിയുടെ പ്രഖ്യാപനം. ചാനല്‍ സര്‍വേകള്‍ പെയ്ഡ് സര്‍വേകളാണെന്നും അഗസ്തി പറഞ്ഞിരുന്നു.
ജനവിധി മാനിക്കുന്നുവെന്നും താന്‍ പറഞ്ഞ വാക്ക് പാലിച്ച് തലമൊട്ടയടിക്കുമെന്നും ഇ.എം അഗസ്തി പറഞ്ഞിരുന്നു.മന്ത്രിയെന്ന നിലയില്‍ മണി നേടിയ വാര്‍ത്താ ശ്രദ്ധയും സര്‍ക്കാരിന്റെ നേട്ടങ്ങളും ഇത്തവണ സഹായകരമാകുമെന്ന എല്‍ഡിഎഫിന്റെ കണക്കു കൂട്ടല്‍ ശരിവയ്ക്കുന്നതാണ് ലീഡ് നില. മണ്ഡലം തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസ് നിയോഗിച്ചത് മുന്‍ എംഎല്‍എ കൂടിയായ മുതിര്‍ന്ന നേതാവ് ഇ.എം. ആഗസ്തിയെ ആയിരുന്നു. ബിഡിജെഎസിന്റെ സന്തോഷ് മാധവനാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി. എസ്എന്‍ഡിപി യോഗം യൂത്ത് മൂവ്മെന്റ് സംസ്ഥാന കൗണ്‍സിലറാണ് സന്തോഷ്.
25 വര്‍ഷത്തിനു ശേഷം എം.എം. മണിയും ഇ.എം. ആഗസ്തിയും ഒരു തിരഞ്ഞെടുപ്പു പോരാട്ടത്തില്‍, ഒരേ മണ്ഡലത്തില്‍ നേര്‍ക്കുനേര്‍ എന്ന കൗതുകവും ഇത്തവണയുണ്ടായി. 1996 ല്‍ എം.എം. മണി തന്റെ ആദ്യ നിയമസഭാ തിരഞ്ഞെടുപ്പു പോരാട്ടത്തില്‍ മല്‍സരിച്ചത് ഇ.എം. ആഗസ്തിക്കെതിരെയായിരുന്നു; ഉടുമ്പന്‍ചോലയില്‍ത്തന്നെ. അന്ന് തോറ്റു.
ഇത്തവണ, മണ്ഡലത്തിലെത്തിച്ച വികസനങ്ങള്‍ പറഞ്ഞാണ് മണി വോട്ടു ചോദിച്ചത്. ഇത്തവണ എല്‍ഡിഎഫ് സര്‍ക്കാരിനു ഭരണത്തുടര്‍ച്ച കിട്ടിയാല്‍ പട്ടയനിയമം ഭേദഗതി ചെയ്ത് നിയമനിര്‍മ്മാണം നടത്തുമെന്ന വാഗ്ദാനവുമുണ്ടായിരുന്നു. പട്ടയഭൂമിപ്രശ്നം നീറിനില്‍ക്കുന്ന മണ്ഡലത്തില്‍ അതില്‍പിടിച്ചായിരുന്നു ഇരുമുന്നണികളുടെയും പ്രചാരണം.
മുന്‍പ് എംഎല്‍എ ആയിരുന്നപ്പോള്‍ നടത്തിയ വികസനങ്ങള്‍ എണ്ണിപ്പറഞ്ഞായിരുന്നു ആഗസ്തിയുടെ വോട്ടു തേടല്‍. ഭൂപതിവു ചട്ടങ്ങള്‍ ഭേദഗതി ചെയ്യാമായിരുന്നിട്ടും എല്‍ഡിഎഫ് സര്‍ക്കാര്‍ അനങ്ങിയില്ലെന്ന് ആരോപിച്ച യുഡിഎഫ്, ഇത്തവണ അധികാരത്തിലെത്തിയാല്‍ ഭൂപതിവു ചട്ടങ്ങള്‍ ഭേദഗതി ചെയ്ത് നിയമനിര്‍മ്മാണം നടത്തുമെന്നും വാഗ്ദാനം ചെയ്തിരുന്നു.

Leave a Reply

Your email address will not be published.