ഫ്‌ലിന്റോഫുമായി അന്ന് നടന്ന ‘കുപ്രസിദ്ധ സംഭാഷണം’ വെളിപ്പെടുത്തി യുവരാജ് സിങ്

News Sports

2007 ലെ ടി20 ലോകകപ്പും, യുവരാജ് സിങ്ങിനെയും കുറിച്ച് ഓര്‍ക്കുന്നവര്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്തതാണ് അന്ന് ഗാലറിയിലേക്ക് താരം തുടരെ പറത്തിവിട്ട ആറ് സിക്‌സറുകള്‍. ഇന്ത്യന്‍ ക്രിക്കറ്റിലെ തന്നെ അവിസ്മരണീയ സംഭവം. എന്നാല്‍ ഇംഗ്ലീഷ് താരം ഫ്‌ലിന്റോഫ് ഇല്ലായിരുന്നെങ്കില്‍ അന്നത് സംഭവിക്കില്ലായിരുന്നു എന്നാണ് യുവരാജ് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ’22 യാണ്‍സ് വിത്ത് ഗൗരവ് കപൂര്‍’ എന്ന പോഡ്കാസ്റ്റിലാണ് യുവരാജ് മനസ് തുറന്നത്. ടി20 വേള്‍ഡ് കപ്പില്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു യുവരാജ് സിങ്ങിന്റെ മാസ്മരിക പ്രകടം. ഇംഗ്ലീഷ് ബൗളര്‍ സ്റ്റുവാര്‍ട്ട് ബോര്‍ഡിനെ തുടരെ ആറ് തവണ യുവി അതിര്‍ത്തി കടത്തിയപ്പോള്‍ സഹതാരങ്ങള്‍ക്ക് ആവേശം അടക്കി നിര്‍ത്താനായില്ല. ഗാലറിയിലുള്ളവര്‍ക്കും ആവോളം ആവേശം. നേരത്തെ, ലോകകപ്പിന് തൊട്ട് മുന്‍പ് ഓവലില്‍ ഇംഗ്ലണ്ടിനെതിരായ ഏകദിന മത്സരത്തില്‍ ഒരോവറില്‍ അഞ്ച് സിക്‌സര്‍ പറത്തി, ഇംഗ്ലീഷ് ബൗളര്‍മാര്‍ തനിക്ക് എത്ര പ്രിയപ്പെട്ടതാണെന്ന് യുവരാജ് പറഞ്ഞുവെച്ചിരുന്നു.

എന്നാല്‍, യുവിയുടെ സിക്‌സറിനോടൊപ്പം തന്നെ അന്ന് വൈറലായിരുന്നു ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ ആന്‍ഡ്രൂ ഫ്‌ലിന്റോഫുമായുള്ള താരത്തന്റെ ഏറ്റുമുട്ടല്‍. ബാറ്റിങ്ങിനിടെ പ്രകോപിതായി ഫ്‌ലിന്റോഫിനടുത്തേക്ക് ബാറ്റുമായി ചെല്ലുന്ന യുവിയെ അംപയറും, സഹതാരം ധോണിയും ചേര്‍ന്ന് തടഞ്ഞു നിര്‍ത്തുകയായിരുന്നു. ഫ്‌ലിന്റോഫിനെതിരെ നേരത്തെ രണ്ട് ബൗണ്ടറികള്‍ ഞാന്‍ അടിച്ചിരുന്നു. അതില്‍ അദ്ദേഹം വളരെ അസ്വസ്ഥനാവുകയുണ്ടായി. എന്നോട് എന്തൊക്കെയോ അയാള്‍ വിളിച്ച് പറഞ്ഞു. ഞാനും തിരിച്ച് എന്തൊക്കെയോ പറഞ്ഞു. നിന്റെ പിടലി ഞാന്‍ തകര്‍ക്കുമെന്ന് ഫ്‌ലിന്റോഫ് എന്നോട് പറഞ്ഞു. എന്റെ ബാറ്റ് എവിടെ വരെ പോകുമെന്ന് അറിയണോ എന്ന് ഞാന്‍ തിരിച്ചും പറഞ്ഞു. അത് അല്‍പം ഗൗരവമായ തര്‍ക്കത്തിലേക്ക് നീങ്ങുകയായിരുന്നു. എല്ലാ പന്തും ഗാലറിക്ക് പുറത്തേക്ക് പറത്താനാണ് അന്ന് തോന്നിയതെന്നും യുവരാജ് പറയുന്നു.

എല്ലാ ദേഷ്യവും ഏറ്റുവാങ്ങാന്‍ പക്ഷേ മുന്നിലെത്തിയത് ഫാസ്റ്റ് ബൗളര്‍ സ്റ്റുവാര്‍ട്ട് ബോര്‍ഡ് ആയിരുന്നു എന്ന് മാത്രം. ഫ്‌ലിന്റോഫിനോടുള്ള കോപം ഉള്ളില്‍ വെച്ച് യുവി ബാറ്റ് വീശിയപ്പോള്‍, പിറന്നത് ചരിത്രം. പന്ത്രണ്ട് പന്തുകളില്‍ നിന്നും അര്‍ധ ശതകം തികച്ച യുവരാജ്, ടി20 യിലെ ഏറ്റവും വേഗത്തില്‍ 50 നേടുന്ന താരവുമായി. ഓവറിലെ ആറ് സിക്‌സറിനെ കുറിച്ചും യുവരാജ് പോഡ്കാസ്റ്റില്‍ വിശദമാക്കി.