കോവിഡ് മാനദണ്ഡം ലംഘിച്ച് നടത്തിയ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ അഭിമുഖം നിര്‍ത്തിവെച്ചു

Keralam News

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കോവിഡ് മാനദണ്ഡം ലംഘിച്ച് അഭിമുഖം നടത്തി. നഴ്‌സ്, ക്ലീനിംഗ് സ്റ്റാഫ് തസ്തികയിലേക്കാണ് അഭിമുഖം നടന്നത്. ആയിരക്കണക്കിന് പേര്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ എത്തിയതോടെ അഭിമുഖം നിര്‍ത്തിവെച്ചു. മെഡിക്കല്‍ കോളജിലെ കോവിഡ് വാര്‍ഡിലേക്ക് നഴ്‌സ്, ക്ലീനിംഗ് സ്റ്റാഫ് എന്നീ തസ്തികയിലേക്കാണ് ഇന്റര്‍വ്യൂ നടത്താനിരുന്നത്. പത്രത്തില്‍ അറിയിപ്പ് കണ്ടതിനെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഉദ്യോഗാര്‍ഥികള്‍ അഭിമുഖത്തില്‍ പങ്കെടുക്കാനായി എത്തി. 11 മണിക്ക് പറഞ്ഞ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ രാവിലെ 6 മണി മുതല്‍ക്കേ ആളുകള്‍ എത്തിത്തുടങ്ങിയിരുന്നു. സ്ഥലത്ത് ആള്‍ക്കൂട്ടം നിയന്ത്രിക്കാന്‍ വേണ്ടിയുള്ള മുന്‍കരുതലുകളൊന്നും തന്നെ ഉണ്ടായിരുന്നില്ല.

തിരക്ക് കൂടിയതോടെ ടോക്കന്‍ സംവിധാനം ഏര്‍പ്പെടുത്തിയെങ്കിലും തിരക്ക് നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. ഇന്റര്‍വ്യൂ നടത്തിപ്പില്‍ അപാകത ഉണ്ടെന്നും ടോക്കന്‍ സംവിധാനം ശരിയായ രീതിയിലല്ല പ്രവര്‍ത്തിച്ചതെന്നും ഉദ്യോഗാര്‍ഥികള്‍ ആരോപിച്ചു. സംഭവം വിവാദമായതോടെ പൊലീസ് സ്ഥലത്തെത്തി ഉദ്യോഗാര്‍ഥികളെ പിരിച്ചുവിട്ടു. അഭിമുഖത്തില്‍ പങ്കെടുക്കാന്‍ എത്തിയവരില്‍ നിന്ന് അപേക്ഷ സ്വീകരിച്ച ശേഷം സമയബന്ധിതമായി തുടര്‍നടപടി സ്വീകരിക്കാമെന്ന ഉറപ്പിന്‍മേലാണ് ഉദ്യോഗാര്‍ഥികള്‍ പിരിഞ്ഞുപോയത്.