കള്ളപ്പണക്കേസില്‍ ബിജെപി തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി ഉല്ലാസ് ബാബുവിനെ ചോദ്യംചെയ്തു

Keralam News Politics

കള്ളപ്പണക്കേസില്‍ ബിജെപി തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി ഉല്ലാസ് ബാബുവിനെ ചോദ്യം ചെയ്തു. കണ്ടെടുത്ത പണം തന്റേതാണെന്നും തിരികെ വേണമെന്നുമാവശ്യപ്പെട്ട് പരാതിക്കാരന്‍ ധര്‍മ്മരാജന്‍ ഇന്ന് വീണ്ടും കോടതിയില്‍ ഹര്‍ജി നല്‍കും. ഇതിനിടെ ചാത്തന്നൂര്‍ മണ്ഡലത്തിലെ ബിജെപിയുടെ പണമിടപാട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലം ഡിസിസി സെക്രട്ടറി ഡിജിപിക്ക് പരാതി നല്‍കി. വടക്കാഞ്ചേരിയിലെ ബിജെപി സ്ഥാനാര്‍ഥിയായിരുന്നു ജില്ലാ ജനറല്‍ സെക്രട്ടറി ആയ ഉല്ലാസ് ബാബു. തെരഞ്ഞെടുപ്പിന് ശേഷം 50 ലക്ഷം രൂപ ബിസിനസ് ആവശ്യത്തിനായി ചെലവഴിച്ചു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യുന്നത്. ധര്‍മരാജന്‍ 10 കോടി രൂപ തൃശൂരില്‍ എത്തിക്കുകയും അതില്‍ ആറ് കോടി ബിജെപി ജില്ലാ നേതാക്കള്‍ക്ക് നല്‍കി എന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഇതില്‍ 50 ലക്ഷത്തോളം രൂപ ഉല്ലാസ് ബാബുവിന് ലഭിച്ചു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചോദ്യംചെയ്യല്‍.

കൊടകര കള്ളപണക്കേസ് പശ്ചാത്തലത്തില്‍ ചാത്തന്നൂര്‍ മണ്ഡലത്തിലെ ബിജെപിയുടെ പണമിടപാട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് ഡിസിസി സെക്രട്ടറി പരാതി നല്‍കി. മണ്ഡലത്തില്‍ മാത്രമായി ഏഴ് കോടിയോളം രൂപ ചെലവഴിച്ചതായും തെരഞ്ഞെടുപ്പ് സമയത്ത് നിരവധി കര്‍ണാടക രജിസ്‌ട്രേഷന്‍ വാഹനങ്ങള്‍ മണ്ഡലത്തിലെത്തിയതായും പരാതി ഉണ്ട്. എല്‍ഡിഎഫ് ചാത്തന്നൂര്‍ മണ്ഡലം കമ്മിറ്റിയും അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനിടെ അന്വേഷണ സംഘം കണ്ടെത്തിയ പണവും വാഹനവും തിരികെ വേണമെന്ന് ആവശ്യപ്പെട്ട് ധര്‍മ്മരാജന്‍ കോടതിയില്‍ വീണ്ടും ഹര്‍ജി നല്‍കും. ഇരിങ്ങാലക്കുട ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹര്‍ജി നല്‍കുക.