രാജ്യത്ത് 24 മണിക്കൂറില്‍ 6,148 കോവിഡ് മരണം: ഏറ്റവും ഉയര്‍ന്ന പ്രതിദിന മരണനിരക്ക്

Health News

രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുമ്പോഴും മരണസംഖ്യ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 6148 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന കൂടിയ മരണ നിരക്കാണിത്. ഇതോടെ മരണസംഖ്യ 3,59,676 ആയി. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 94,052 പേര്‍ക്ക് കോവിഡ് ബാധിച്ചു. രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 2,91,83,121 ആയി. 1,51,367 പേര്‍ രോഗമുക്തി നേടി. അതേസമയം രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നത് ആശ്വാസമാണ്. 4.69 ആണ് രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. തുടര്‍ച്ചയായി മൂന്നാം ദിവസമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ചില്‍ താഴെ എത്തുന്നത്.

തമിഴ്നാട്ടിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 17,321 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ തമിഴ്നാട്ടില്‍ കോവിഡ് ബാധിച്ചത്. കേരളം(16,204) മഹാരാഷ്ട്ര(10,989) കര്‍ണാടക(10,959) എന്നിങ്ങനെയാണ് കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ബിഹാറില്‍ മരണനിരക്കില്‍ മാറ്റം വന്നതാണ് പ്രതിദിന കണക്കിലെ വന്‍ വര്‍ധനവിന് കാരണം. ബിഹാറില്‍ നേരത്തെ കണക്കില്‍പ്പെടാത്ത 3971 മരണങ്ങളാണ് കഴിഞ്ഞ ദിവസം പുതിയതായി രേഖപ്പെടുത്തിയത്.