ലക്ഷദ്വീപില്‍ പട്ടിണി: ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് കലക്ടര്‍ക്ക് കത്ത്

News

ലക്ഷദ്വീപില്‍ ഇതുവരെയും സര്‍ക്കാര്‍ സഹായമെത്തിയില്ല. പഞ്ചായത്തുകള്‍ ഫണ്ടില്ലാത്തതിനാല്‍ നിസഹായവസ്ഥയിലാണ്. ലക്ഷദ്വീപിലെ പട്ടിണി പരിഹരിക്കാനായി ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്യണമെന്നാണവശ്യപ്പെട്ട് കവരത്തി പഞ്ചായത്ത്, കലക്ടര്‍ക്ക് കത്ത് നല്‍കി. ഭക്ഷ്യക്കിറ്റുകളില്ലെങ്കില്‍ പഞ്ചായത്തിന് ഫണ്ട് അനുവദിക്കണമെന്ന് പഞ്ചായത്ത് കത്തില്‍ ആവശ്യപ്പെടുന്നു. രണ്ട് മാസത്തോള മായി പല ദ്വീപിലെ പല വീടുകളും പട്ടിണിയിലാണ്.

അതിനിടെ ലോക്ഡൗണ്‍ അവസാനിക്കും വരെ ലക്ഷദ്വീപില്‍ ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. അമിനി സ്വദേശിയും ലക്ഷദ്വീപ് വഖഫ് ബോര്‍ഡ് അംഗവുമായ കെ.കെ. നാസിഹ് ആണ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. ദ്വീപിലെ 80 % ജനങ്ങളും ദിവസ വേതനക്കാരാണ്. ലോക് ഡൗണ്‍ കൂടി വന്നതോടെ അമിനി, കവരത്തി ദ്വീപുകളിലെല്ലാം ഭക്ഷ്യക്ഷാമമുള്ളതായും ഹര്‍ജിയില്‍ പറയുന്നു. സൗജന്യ ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്യാന്‍ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി. ജസ്റ്റിസുമാരായ അനില്‍.കെ.നരേന്ദ്രന്‍, സിയാദ് റഹ്‌മാന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് ഹര്‍ജി പരിഗണിക്കുക.