ഉത്തര്‍പ്രദേശില്‍ ബസും മണ്ണുമാന്തി യന്ത്രവും കൂട്ടിയിടിച്ച് 17 മരണം

India News

ഉത്തര്‍പ്രദേശില്‍ ബസും മണ്ണുമാന്ത്രി യന്ത്രവും കൂട്ടിയിടിച്ച് 17 മരണം. 24 പേര്‍ക്ക് പരിക്ക്. ഇതില്‍ പലരുടെയും നില ഗുരുതരമാണെന്നാണ് വിവരം. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലുള്ള സാച്ചെന്തിയില്‍ ഇന്നു വൈകീട്ടാണ് അപകടമുണ്ടായത്. യുപി റോഡ്വേയ്സിന്റെ ശതാബ്ദി എസി ബസാണ് അപകടത്തില്‍പെട്ടത്. കാണ്‍പൂരില്‍നിന്ന് അഹ്‌മദാബാദിലേക്കു പോകുകയായിരുന്ന ബസ് എതിരെ വന്ന മണ്ണുമാന്ത്രി യന്ത്രത്തില്‍ കൂട്ടിയിടിച്ചു മറിഞ്ഞാണ് അപകടം. അമിതവേഗതയാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

15 പേരുടെ മൃതദേഹങ്ങള്‍ സംഭവസ്ഥലത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ദാരുണമായ അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ഉത്തര്‍പ്രേദശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 50,000 വീതവും ദുരിതാശ്വാസ തുകയായി പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. അപകടത്തിലെ ഇരകള്‍ക്ക് രണ്ടുലക്ഷം രൂപ നല്‍കുമെന്ന് യോഗി ആദിത്യനാഥും അറിയിച്ചു.