ലക്ഷദ്വീപിന് കേരളവുമായുള്ള ആത്മബന്ധം തകര്‍ക്കുന്നത് ചെറുക്കും: ഹംദുള്ള സെയ്ദ്

News

തിരുവനന്തപുരം: ലക്ഷദ്വീപിന് കേരളവുമായുള്ള അത്മബന്ധം തകര്‍ത്തുകൊണ്ടാണ് സംഘപരിവാര്‍ സാംസ്‌ക്കാരിക അധിനിവേശം നടപ്പാക്കുന്നതെന്നും ഇതിനെ ദ്വീപ് ജനത ഒറ്റകെട്ടായി ചെറുക്കുമെന്നും ലക്ഷദ്വീപ് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് ഹംദുള്ള സെയ്ദ് വ്യക്തമാക്കി. ലക്ഷദ്വീപിലെ സാംസ്‌ക്കാരിക അധിനിവേശത്തിനെതിരെ സംസ്‌ക്കാര സാഹിതിയുടെ വെബിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ സംഘപരിവാറിന്റെ താല്‍പര്യങ്ങളാണ് നടപ്പാക്കുന്നത്. കൊച്ചിയും കോഴിക്കോടുമായുള്ള ഗതാഗത,ചരക്ക് നീക്കം അവസാനിപ്പിച്ച് അത് മംഗലാപുരം വഴിയാക്കാനാണ് ശ്രമം. കേരള ഹൈക്കോടതിക്ക് പകരം ദ്വീപിനെ ബംഗളൂരും ഹൈക്കോടതിയുടെ പരിധിയിലാക്കാനുള്ള നീക്കവും ആശങ്കപ്പെടുത്തുന്നതാണ്. കുറ്റകൃത്യനിരക്ക് കുറഞ്ഞ ദ്വീപില്‍ ഗുണ്ടാ നിയമം അടിച്ചേല്‍പ്പിച്ചത്് ജനാധിപത്യ പ്രതിഷേധത്തെ അടിച്ചമര്‍ത്താനാണ്. ലക്ഷദ്വീപിന്റെ പൈതൃകത്തെയും സാംസ്‌ക്കാരിക തനിമയെയും തകര്‍ക്കാനുള്ള നീക്കത്തിനെതിരെ ദ്വീപ് ജനതയുടെ പോരാട്ടത്തിന് കേരളം നല്‍കുന്ന പിന്തുണ കരുത്തുപകരുന്നതാണെന്നും ഹംദുള്ള സയിദ് പറഞ്ഞു. ലക്ഷദ്വീപ് പി.സി.സി ജനറല്‍ സെക്രട്ടറി വി.കെ കോയ മുഖ്യപ്രഭാഷണം നടത്തി. സംസ്‌ക്കാര സാഹിതി സംസ്ഥാന ചെയര്‍മാന്‍ ആര്യാടന്‍ ആധ്യക്ഷം വഹിച്ചു. ജനറല്‍ കണ്‍വീനര്‍ എന്‍.വി പ്രദീപ്കുമാര്‍, ഷിബു വൈക്കം പ്രസംഗിച്ചു. സംസ്ഥാന ജില്ലാ ഭാരവാഹികള്‍ പങ്കെടുത്തു.

ലക്ഷദ്വീപിലെ സാംസ്‌ക്കാരിക അധിനിവേശത്തിനെതിരെ സംസ്‌ക്കാര സാഹിതി കലാരൂപങ്ങളുമായി സാംസ്‌ക്കാരിക പ്രതിരോധം തീര്‍ക്കുമെന്ന് ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഗോഡ പട്ടേലിനെ നീക്കണമെന്നാവശ്യപ്പെട്ട് 14ന് നിയോജകമണ്ഡലം തലങ്ങളില്‍ നിന്നും രാഷ്ട്രപതിക്ക് 10,000 കത്തുകള്‍ അയക്കും. കോവിഡ് ലോക്ഡൗണ്‍ തീരുന്നമുറക്ക് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സംസ്ഥാനത്തും ലക്ഷദ്വീപിലും സാംസ്‌ക്കാരിക പ്രതിരോധ സദസുകള്‍ ഒരുക്കും.