കോവിഡ് 19 വൈറസ് ചൈനയിലെ വുഹാൻ ലാബിൽ നിന്ന്; യുഎസ്

Breaking News

കോറോണവൈറസ് ചൈനയിലെ വുഹാൻ ലാബിൽ നിന്ന് ചോർന്നതാണെന്ന സാധ്യത തള്ളിക്കളയാനാവില്ലെന്നും ഈ വിഷയത്തിൽ കൂടുതൽ അന്വേഷണം ആവശ്യം ഉണ്ടെന്നും യു എസ് നാഷണൽ ലബോറട്ടറി. 2020 മെയിലാണ് കാലിഫോർണിയയിലെ ലോറെൻസ് ലിവെർമോർ നാഷണൽ ലബോറട്ടറി ചൈനയിൽ നിന്ന് വൈറസ് ലീക്കായത് എന്നത് സംബന്ധിച്ച് പഠനം പൂർത്തിയാക്കിയത്. ഡൊണാൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റ് ആയ അവസാന കാലത്താണ് ലബോറട്ടറി തയാറാക്കിയ പഠനം സ്റ്റേറ്റ് ഡിപ്പാർട്മെന്റിന് കൈമാറിയത്.

ലോറെൻസ് ലിവെർമോറിന്റെ പഠനം പ്രധാനമായും കോവിഡ് 19 ന്റെ ജീനോമിക് വിലയിരുത്തലുകളിലായിരുന്നു ശ്രദ്ധയൂന്നിയിരുന്നത്. എന്നാൽ ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു വിടാൻ ലോറെൻസ് ലിവെർമോർ തയാറായില്ലെന്നും ജേണൽ പറയുന്നു. വൈറസ് ഉത്ഭവം കണ്ടെത്താനുള്ള സഹായം നൽകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ കഴിഞ്ഞ മാസം സഹായം പ്രഖ്യാപിച്ചിരുന്നു.

കോവിഡ് 19 വൈറസിന്റെ ഉത്ഭവം സംബന്ധിച്ചു പ്രധാനമായും രണ്ട് സാധ്യതകളാണ് യു എസ് ഇന്റലിജൻസ് ഏജൻസികൾ കണക്കു കൂട്ടുന്നത്. ചൈനയിലെ ലബോറട്ടറിയിൽ നിന്ന് മനപൂർവ്വമല്ലാതെ ചോര്‍ന്നതാവും എന്നാണ് ഒന്നാമത്തെ സാധ്യതയായി വിലയിരുത്തപ്പെടുന്നത്. വൈറസ് ബാധിച്ച ഏതെങ്കിലും ജീവിയിൽ നിന്ന് മനുഷ്യരിലേക്ക് പടർന്നു എന്നതാണ് രണ്ടാമത്തെ സാധ്യത. എന്നാൽ അധികൃതർ ഇതുവരെ ഈ വിഷത്തില്‍ ഒരു അന്തിമതീർപ്പിലെത്തിയിട്ടില്ല.