പോരാട്ടം അവസാനിച്ചു, അവന്‍ കോവിഡിന് കീഴടങ്ങി’; സഹോദരന്റെ വിയോഗത്തില്‍ ഹൃദയഭേദകമായ കുറിപ്പുമായി നടി മഹി വിജ്

Entertainment News

കോവിഡ് ബാധിച്ച് മരിച്ച സഹോദരനെ ഓര്‍ത്ത് വികാരഭരിതമായ കുറിപ്പുമായി നടി മഹി വിജ്. കുറച്ച് ദിവസങ്ങള്‍ പിന്നോട്ട് പോയി മറ്റാര്‍ക്കും വിട്ടുകൊടുക്കാത്ത രീതിയില്‍ നിന്നെ കെട്ടിപ്പിടിക്കണം. ഞങ്ങള്‍ നിന്നെ ഒരുപാട് സ്‌നേഹിച്ചു, പക്ഷെ ദൈവം ഞങ്ങളേക്കാളേറെയും. സഹോദരന്റെ ചിത്രം പങ്കുവെച്ച് മഹി വിജ് സാമൂഹ്യ മാധ്യമങ്ങളില്‍ കുറിച്ചു. കോവിഡ് ബാധ സ്ഥിരീകരിച്ച് ചികിത്സയില്‍ പ്രവേശിപ്പിച്ച സഹോദരന് കിടക്ക ലഭിക്കാനായി മഹി സഹായം അഭ്യര്‍ഥിച്ചിരുന്നു. ശേഷം നടന്‍ സോനു സൂദാണ് വേണ്ട സഹായങ്ങള്‍ ചെയ്തുകൊടുത്തത്.

25 വയസുകാരനായ മഹിയുടെ സഹോദരന്റെ വിയോഗത്തില്‍ സോനുവും സാമൂഹ്യ മാധ്യമങ്ങളിലൂടെ അനുശോചനം രേഘപ്പെടുത്തി. രക്ഷപെടാനുള്ള സാധ്യത വളരെ കുറവാണെന്ന് അറിഞ്ഞിട്ടും നിരന്തരം ഡോക്ടര്‍മാരുമായി സംസാരിച്ചിരുന്നെന്നും യാഥാര്‍ത്ഥ്യത്തെക്കുറിച്ച് അവന്റെ മാതാപിതാക്കളോട് തുറന്നുപറയാനുള്ള ധൈര്യം ഉണ്ടായിരുന്നില്ലെന്നും സോനു കുറിച്ചു. സംഗീത് ശിവന്റെ മമ്മൂട്ടി ചിത്രമായ അപരിചിതനിലൂടെ മഹി മലയാള സിനിമയില്‍ അഭിനയിച്ചിരുന്നു. മഹി സിനിമയില്‍ ഇപ്പോള്‍ അത്ര സജീവമല്ല.