കാര്‍ട്ടൂണിസ്റ്റ് മഞ്ജുളിനെതിരെ നടപടി ആവശ്യപ്പെട്ട് കേന്ദ്രം

News

രാഷ്ട്രീയ കാര്‍ട്ടൂണിസ്റ്റായ മഞ്ജുളിനെതിരെ നടപടിയെടുക്കണമെന്ന് ട്വിറ്ററിനോട് ആവശ്യപ്പെട്ട് കേന്ദ്രം. മഞ്ജുളിന്റെ ട്വീറ്റുകള്‍ ഇന്ത്യന്‍ നിയമങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര ലോ എന്‍ഫോഴ്സ്മെന്റ് ട്വിറ്ററിനോട് നടപടി സ്വീകരിക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. കേന്ദ്ര നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. സര്‍ക്കാരിന്റെ ഏകാധിപത്യ നയങ്ങളുടെ ഭാഗമാണ് നീക്കമെന്ന് സാമൂഹിക, രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ വിമര്‍ശിച്ചു. കേന്ദ്രത്തിന്റെ നിര്‍ദേശം അറിയിച്ചുകൊണ്ട് ട്വിറ്റര്‍ അയച്ച ഇ-മെയില്‍ മഞ്ജുള്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. ‘മോദി ജിയുടെ സര്‍ക്കാര്‍ വിജയിക്കട്ടെ’ എന്ന അടിക്കുറിപ്പോടെയായിരുന്നു സ്‌ക്രീന്‍ഷോട്ട് പങ്കുവച്ചത്. താങ്കളുടെ ട്വീറ്റുകള്‍ രാജ്യത്തിന്റെ നിയമങ്ങള്‍ ലംഘിക്കുന്നതാണെന്നു ചൂണ്ടിക്കാട്ടി നടപടി സ്വീകരിക്കണമെന്ന് ഇന്ത്യന്‍ ലോ എന്‍ഫോഴ്സ്മെന്റ് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഇ-മെയിലില്‍ പറയുന്നു. എന്നാല്‍, ആവശ്യപ്രകാരം നടപടി സ്വീകരിച്ചിട്ടില്ലെന്നും ഇ-മെയിലില്‍ ട്വിറ്റര്‍ അറിയിച്ചിട്ടുണ്ട്.

ഉപയോക്താക്കളുടെ ശബ്ദങ്ങളെ മാനിക്കുകയും പ്രതിരോധിക്കുകയും ചെയ്യണമെന്നതില്‍ ട്വിറ്റര്‍ ഉറച്ചുവിശ്വസിക്കുന്നു. ഇതിനാല്‍ ഇത്തരത്തിലുള്ള നിയമനടപടി ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷകള്‍ ലഭിച്ചാല്‍ അത് ഉപയോക്താക്കളെ അറിയിക്കുന്നത് കമ്പനി നയമാണെന്നും ഇ-മെയിലില്‍ പറയുന്നു. കേന്ദ്ര നീക്കത്തെ നിയമോപദേശം തേടി കോടതിയില്‍ നേരിടുകയോ, പൗരസാമൂഹിക കൂട്ടായ്മകളെ ബന്ധപ്പെട്ട് സഹായം തേടുകയോ ചെയ്യാവുന്നതാണെന്നും മഞ്ജുളിനോട് ട്വിറ്റര്‍ നിര്‍ദേശിച്ചിട്ടുണ്ട്. അല്ലെങ്കില്‍ സ്വമേധയാ ട്വിറ്റര്‍ നീക്കം ചെയ്യാവുന്നതാണെന്നും പറയുന്നു.