നിര്‍മിക്കുന്ന രണ്ട് ചിത്രങ്ങളിലെയും തൊഴിലാളികള്‍ക്ക് സൗജന്യ വാക്‌സിന്‍ പ്രഖ്യാപനവുമായി നിര്‍മാതാവ് ബാദുഷ

Entertainment News

സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമായി പടര്‍ന്നതോടെ സിനിമാ മേഖല വലിയ പ്രതിസന്ധിയിലാണ്. വലിയ ഒരു സംഘം തൊഴിലാളികളുടെ ജീവിതം വഴിമുട്ടിയിരിക്കുകയാണ് സിനിമകളുടെ ചിത്രീകരണമടക്കമുള്ള എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെച്ചതോടെ. ഇതിനിടെ സിനിമയില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മുഴുവന്‍ തൊഴിലാളികള്‍ക്കും സൗജന്യ വാക്‌സിന്‍ പ്രഖ്യാപിച്ചിരിക്കുകയാണ് പ്രൊഡക്ഷന്‍ കണ്ട്രോളറും നിര്‍മാതാവുമായ എന്‍.എം ബാദുഷ.

ടി.കെ. രാജീവ് കുമാര്‍ സംവിധാനം ചെയ്ത് ഷെയിന്‍ നിഗം പ്രധാന വേഷത്തിലെത്തുന്ന ‘ബര്‍മുഡ’, കമല്‍ കെ.എം സംവിധാനം ചെയ്ത് വിനായകന്‍, കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍ എന്നിവര്‍ അഭിനയിച്ച ‘പട’ എന്നീ ചിത്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികള്‍ക്കാണ് സൗജന്യ വാക്‌സിന്‍ നല്‍കുക. ‘ബര്‍മുഡ’-യുടെ സഹ നിര്‍മാതാവും ‘പട’-യുടെ പ്രൊഡക്ഷന്‍ കണ്ട്രോളറുമാണ് ബാദുഷ. ഇനി മുതല്‍ താന്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സിനിമകളിലും സൗജന്യ വാക്‌സിന്‍ അനുവദിക്കുമെന്നും ബാദുഷ വ്യക്തമാക്കി. മലയാള സിനിമയിലെ എല്ലാ സംഘടനകളും തങ്ങളുടെ അംഗങ്ങള്‍ക്ക് സൗജന്യ വാക്‌സിനേഷന് സൗകര്യമൊരുക്കേണ്ടതാണെന്നും ബാദുഷ ആവശ്യപ്പെട്ടു.

അതെ സമയം ബാദുഷയുടെ പ്രഖ്യാപനത്തിന് പിന്തുണയുമായി നിരവധി താരങ്ങളാണ് കുറിപ്പിന് താഴെ രംഗത്തുവന്നിട്ടുള്ളത്. നടന്‍ ധര്‍മജന്‍, ഷറഫുദ്ദീന്‍, ഇര്‍ഷാദ് അലി, സംവിധായകന്‍ സലാം ബാപ്പു എന്നിവര്‍ ബാദുഷക്ക് പിന്തുണ അറിയിച്ചു. എന്‍.എം ബാദുഷയുടെ ഫേസ്ബുക്ക് കുറിപ്പ്: സുപ്രധാന വിവരം അറിയിക്കാനാണ് ഈ കുറിപ്പ്. ഈ കാലവും കടന്നു പോയി എല്ലാ മേഖലകളും സജീവമാകുന്ന സമയത്തിലേക്ക് ഇനി അധികദൂരമില്ല. ഒപ്പം സിനിമ മേഖലയും സജീവമാകും. ഒരു പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എന്ന നിലയില്‍ എന്റെ സെറ്റില്‍ ജോലി ചെയ്യുന്ന എല്ലാവരുടെയും ആരോഗ്യവും ജീവനും കാത്തു സൂക്ഷിക്കുന്നതില്‍ ഞാന്‍ ബദ്ധശ്രദ്ധനാണ്.

എല്ലാവരും വാക്‌സിനേഷനെടുത്താല്‍ ആരോഗ്യ കാര്യത്തെക്കുറിച്ച് ഭയമില്ലാതെ സെറ്റില്‍ പ്രവര്‍ത്തിക്കാനാകും. സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവരും വാക്‌സിനേഷന്‍ നടത്തിയാല്‍ സിനിമ സുഗമമായി പ്രവര്‍ത്തിക്കാനുള്ള അനുമതിക്ക് സര്‍ക്കാരിന് മുന്‍ഗണന നല്‍കാനുമാകും. ഞാന്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന 2 ചിത്രങ്ങളാണ് ഈ കൊവിഡ് കാലയളവില്‍ പാതി വഴിയില്‍ നിലച്ചത്. ഞാന്‍ കൂടി നിര്‍മാണ പങ്കാളിയായിട്ടുള്ള 24 ഫ്രെയിംസിന്റെ ബാനറില്‍ നിര്‍മിച്ച് ശ്രീ ടി.കെ. രാജീവ് കുമാര്‍ സംവിധാനം നിര്‍വഹിക്കുന്ന ബര്‍മുഡയും E4 എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ നിര്‍മിച്ച് കമല്‍ സംവിധാനം നിര്‍വഹിക്കുന്ന, ഞാന്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറാകുന്ന പട എന്ന സിനിമയും. ഈ രണ്ടു ചിത്രങ്ങളുടെയും തുടര്‍ ചിത്രീകരണത്തില്‍ പങ്കെടുക്കുന്ന സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മുഴുവന്‍ തൊഴിലാളികള്‍ക്കും ഞാനും നിര്‍മാതാക്കളും ചേര്‍ന്ന് സൗജന്യമായി വാക്‌സിനേഷന്‍ നല്‍കും.

ഇനിയങ്ങോട്ട് ഞാന്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സിനിമകളിലും ഈ രീതി അവലംബിക്കും. സിനിമയിലെ എല്ലാ സംഘടനകളും തങ്ങളുടെ അംഗങ്ങള്‍ക്ക് സൗജന്യ വാക്‌സിനേഷന് സൗകര്യമൊരുക്കേണ്ടതാണ്.

-എന്ന് നിങ്ങളുടെ ബാദുഷ