പുത്തൂര്‍ കോവിഡ് മുക്തിയിലേക്ക്; മാതൃകയായി യുവാക്കളുടെ പ്രവര്‍ത്തനം

Local News

മലപ്പുറം: ഒതുക്കുങ്ങല്‍ പഞ്ചായത്തിലെ പതിനാലാം വാര്‍ഡ് കോവിഡ് മുക്തിയിലേക്ക്. കോവിഡ് കേസുകള്‍ അനിയന്ത്രിതമായി കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് മുന്‍പ് വാര്‍ഡുണ്ടായിരുന്നത്. ദിവസവും രോഗികളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വാര്‍ഡിനെ തിരിച്ചു പിടിക്കാന്‍ മുന്നിട്ടിറങ്ങിയത് ഒരു കൂട്ടം യുവാക്കളാണ്. ഇവര്‍ക്ക് നേതൃത്വം നല്‍കാന്‍ വാര്‍ഡ് മെമ്പര്‍ കങ്കാളത്ത് ഫൈസലും കൂടെയുണ്ട്.

സേവന മനോഭാവം മാത്രം കൈമുതലാക്കി അക്ഷീണരായി പ്രവര്‍ത്തിച്ച ഒരു വിഭാഗമാണ് ആര്‍ ആര്‍ ടി. തങ്ങള്‍ ചെയ്യുന്ന സേവനത്തിനു അവര്‍ പ്രതീക്ഷിക്കുന്നത് നാടിന്റെ നന്മ മാത്രം. ലോക്ക്ഡൗണായതു കൊണ്ടു ജോലിയില്ല, സാമ്പത്തിക പ്രതിസന്ധിയുണ്ടാവും. പക്ഷേ നാടിനെയും നാട്ടുകാരെയും ചേര്‍ത്തു പിടിക്കാന്‍ ഇവര്‍ക്ക് ഇതൊന്നും തടസ്സങ്ങളല്ല.

ഓരോ വാര്‍ഡിലും 5 ആര്‍.ആര്‍.ടികള്‍ക്കാണ് അനുമതിയുള്ളത്. പുത്തൂരില്‍ ഇവരെ സഹായിക്കാനായി 5 പേര്‍ കൂടെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ 6 പേരും നാട്ടിലെ ക്ലബ്ബായ പവര്‍ കോസ്‌കോയിലെ യുവാക്കളാണ്. മുന്‍പും പ്രതിസന്ധി ഘട്ടങ്ങളില്‍ ക്ലബ്ബ് പല സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം കൊടുത്തിരുന്നു. വാര്‍ഡിനു പുറത്ത് പോവേണ്ട സാഹചര്യങ്ങളില്‍ ആദ്യത്തെ 5 പേര്‍ പ്രവര്‍ത്തിക്കുമ്പോള്‍ വാര്‍ഡിനുള്ളില്‍ നിന്ന് തന്നെ ചെയ്യേണ്ട കാര്യങ്ങളിലാണ് പ്രധാനമായും അടുത്ത 5 പേര്‍ പങ്കാളികളാവുന്നത്. വീടുകളിലെ എന്ത് ആവശ്യത്തിനു വിളിച്ചാലും ഇവര്‍ ഓടിയെത്തും. വീട്ടിലേക്കുള്ള സാധനങ്ങള്‍ എത്തിച്ചു കൊടുക്കുക, കോവിഡ് നെഗറ്റീവായ ആളുകളുടെ വീട്ടില്‍ അണുനശീകരണം നടത്തുക, കോവിഡ് രോഗികളെ ആശുപത്രിയില്‍ എത്തിക്കുക അങ്ങനെ എന്തിനും തയ്യാറാണ് ഈ യുവാക്കള്‍. അറുനൂറോളം വീടുകളുള്ള വാര്‍ഡില്‍ ഈ പത്തു പേര്‍ എല്ലാവരെയും സമാധാനത്തോടെ വീട്ടിലിരുത്തി. അങ്ങനെ സമ്പര്‍ക്കം പൂര്‍ണമായും ഒഴിവായപ്പോള്‍ ഒരു ദിവസം 10 കേസുകള്‍ വരെ റിപ്പോര്‍ട്ട് ചെയ്ത വാര്‍ഡില്‍ കേസുകള്‍ ഇല്ലാതെയായി.

ആര്‍ ആര്‍ ടികള്‍ക്ക് പിന്തുണയുമായി അവരുടെ കൂടെ വാര്‍ഡ് മെമ്പര്‍ കങ്കാളത്ത് ഫൈസലുമുണ്ട്. കോവിഡ് വ്യാപനത്തിന്റെ ഓരോ ഘട്ടത്തിലും വാര്‍ഡില്‍ സമഗ്രമായ കോവിഡ് നിയന്ത്രണ പദ്ധതികള്‍ നടപ്പാക്കുന്നതിന് ഫൈസല്‍ പ്രാധാന്യം നല്‍കിയിരുന്നു. കോവിഡ് വ്യാപനത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ വാര്‍ഡിനെ 5 ഭാഗങ്ങളാക്കി തിരിച്ചു. ശേഷം വ്യാപനം കൂടുതലുള്ള രണ്ടു ഭാഗങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ നടപ്പിലാക്കി. മലപ്പുറത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിനു മുമ്പെ വാര്‍ഡില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണിനു സമാനമായ നിയന്ത്രണങ്ങളായിരുന്നു വാര്‍ഡ് മെമ്പര്‍ ഫൈസലിന്റെയും ഇബ്രാഹിം മാഷിന്റെയും നേതൃത്വത്തില്‍ നടപ്പാക്കിയത്. കൂടാതെ മഴ തുടങ്ങിയപ്പോള്‍ വരാന്‍ സാധ്യതയുള്ള പകര്‍ച്ച വ്യാധികള്‍ മുന്‍കൂട്ടി കണ്ടു കൊണ്ട് ഓരോ വീടുകളിലും ‘ക്ലീന്‍ അറ്റ് ഹോം’ പരിപാടി സംഘടിപ്പിച്ചു. ആര്‍ ആര്‍ ടി, ആശാവര്‍ക്കര്‍മാര്‍, അംഗനവാടി തൊഴിലാളികള്‍, ഹരിത സേന എന്നിവരുടെ സഹകരണത്തോടെ പരിപാടി വന്‍ വിജയമാക്കാനും സാധിച്ചു. പ്രദേശവാസിയായ ഷിബിന്‍ മുഹമ്മദാണ് റിപ്പോര്‍ട്ട് തയ്യാറാക്കല്‍, വാക്‌സിനേഷനു വേണ്ടിയുള്ള ഓണ്‍ലൈന്‍ ബുക്കിങ് തുടങ്ങിയ കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത്. നാട്ടുകാരുടെ രാഷ്ട്രീയ ഭേദമന്യേയുള്ള പിന്തുണയും ഫൈസലിനു ഇക്കാര്യത്തിലുണ്ടായിരുന്നു.

Leave a Reply

Your email address will not be published.