കൊടകര കുഴല്‍പ്പണ കേസ് ഇ.ഡി അന്വേഷിക്കണമെന്ന ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

Keralam News

കൊടകര കുഴല്‍പ്പണ കേസ് ഇ.ഡി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈകോടതി ഇന്ന് പരിഗണിക്കും. നിയമസഭാ തെരഞ്ഞെടുപ്പില്‍ ചെലവഴിക്കാന്‍ കൊണ്ടുവന്ന കള്ളപ്പണമാണ് പിടികൂടിയതെന്ന് ആരോപണമുയര്‍ന്നിട്ടും ഇ.ഡി ഉദ്യോഗസ്ഥര്‍ നടപടിയെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടി ലോക് താന്ത്രിക് യുവജനതാദള്‍ ദേശീയ പ്രസിഡന്റ് സലീം മടവൂരാണ് ഹര്‍ജി സമര്‍പ്പിച്ചത്. കള്ളപ്പണം വെളുപ്പിക്കുന്നത് തടയല്‍ നിയമപ്രകാരം നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഇ.ഡി ഡയറക്ടര്‍ക്കും ഡെപ്യൂട്ടി ഡയറക്ടര്‍ക്കും നിവേദനം നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു.

കേസില്‍ ഇ.ഡി ഇന്ന് നിലപാട് അറിയിച്ചേക്കും. കൊടകര കള്ളപ്പണക്കേസില്‍ കഴിഞ്ഞ ദിവസം ഒരാള്‍ കൂടി അറസ്റ്റിലായിരുന്നു. മങ്കട സ്വദേശി സുല്‍ഫിക്കര്‍ ആണ് പിടിയിലായത്. കേസുമായി ബന്ധപ്പെട്ട് ബിജെപി മധ്യമേഖലാ സംഘടനാ സെക്രട്ടറി എല്‍. പത്മകുമാര്‍ ഉള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്തിരുന്നു. ബിജെപിയുടെ എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളുടെ ചുമതലയുള്ള നേതാവാണ് എല്‍. പത്മകുമാര്‍. ധര്‍മ്മ രാജന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. നേരത്തെ തൃശ്ശൂര്‍ ജില്ലാ പ്രസഡിന്റ് കെ കെ അനീഷ് അടക്കമുള്ള ബിജെപി നേതാക്കളെ ചോദ്യം ചെയ്തിരുന്നു.

Leave a Reply

Your email address will not be published.