എറണാകുളത്ത് നവജാത ശിശുവിനെ അമ്മ പാറമടയില്‍ കല്ലുകെട്ടി താഴ്ത്തി

Keralam News

എറണാകുളം കോലഞ്ചേരിയില്‍ നവജാത ശിശുവിനെ പാറമടയില്‍ കല്ല്‌കെട്ടി താഴ്ത്തിയെന്ന് അമ്മയുടെ മൊഴി. രക്തസ്രാവത്തെ തുടര്‍ന്ന് യുവതിയെ ആശുപത്രിയില്‍ ചികിത്സക്ക് പ്രവാശിപ്പിച്ചപ്പോഴാണ് പ്രസവവിവരവും കുഞ്ഞിനെ കല്ല് കെട്ടി താഴ്ത്തിയതും പുറത്തറിയുന്നത്. സ്‌കൂബ ഡൈവിംഗ് ടീം പാറമടയില്‍ തെരച്ചില്‍ നടത്തും. കോലഞ്ചേരി തിരുവാണിയൂരില്‍ ഒമ്പതാം വാര്‍ഡ് പഴുക്കാമറ്റത്താണ് സംഭവം. നവജാത ശിശുവിനെ പാറമടയില്‍ കല്ല് കെട്ടിത്താഴ്ത്തിയെന്നാണ് അമ്മയുടെ മൊഴി. ജൂണ്‍ ഒന്നാം തീയതിയാണ് കുഞ്ഞിന് ഇവര്‍ ജന്മം നല്‍കിയത്. എന്നാലിക്കാര്യം പുറത്താരും അറിഞ്ഞിരുന്നില്ല. അതിന് ശേഷം ഇവര്‍ക്ക് രക്തസ്രാവമുണ്ടാകുകയും തുടര്‍ന്ന് ആശാ വര്‍ക്കര്‍മാരെ അറിയിക്കുകയുമായിരുന്നു. അശാവര്‍ക്കറാണ് ഇവരെ ആശുപത്രിയിലെത്തിക്കുന്നത്. തൃപ്പൂണിത്തുറ താലൂക്കാശുപത്രിയില്‍ നടന്ന പരിശോധനയിലാണ് പ്രസവത്തെ തുടര്‍ന്നുണ്ടായ രക്തസ്രാവമാണ് ഇതെന്ന് അറിയുന്നത്. തുടര്‍ന്നാണ് യുവതിയോട് കുഞ്ഞിനെപ്പറ്റി അന്വേഷിക്കുന്നത്.

കുഞ്ഞിനെ പാറമടയില്‍ കല്ലുപയോഗിച്ച് കെട്ടിത്താഴ്ത്തിയെന്നായിരുന്നു യുവതിയുടെ മൊഴി. യുവതിയെ ഉടനെ തന്നെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യും. ഇവരെയും സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും. യുവതിയുടെ വീട് പൊലീസ് സീല്‍ ചെയ്തിട്ടുണ്ട്. അവിടെ പരിശോധന ആരംഭിച്ചിട്ടുണ്ട്. പാറമടയില്‍ തെരച്ചില്‍ നടത്താനും തീരുമാനിച്ചിട്ടുണ്ട്. ഇവര്‍ വീട്ടില്‍ ഒറ്റയ്ക്കാണ് താമസം. കഴിഞ്ഞ എട്ടുമാസമായി ഇവരെ ഭര്‍ത്താവ് ഉപേക്ഷിച്ച് പോയതാണ്. നാലുമക്കള്‍ വേറെയുമുണ്ട് യുവതിക്ക്. ഏതു സാഹചര്യത്തിലാണ് കുഞ്ഞിന്റെ കൊലപാതകമെന്നും, കൊലപ്പെടുത്തിയെന്ന വിവരം യാഥാര്‍ത്ഥ്യമാണോ എന്നുമാണ് പൊലീസ് പരിശോധിക്കുന്നത്.

Leave a Reply

Your email address will not be published.