സിബിഎസ്ഇ പ്ലസ്ടു പരീക്ഷ മൂല്യനിര്‍ണയ മാനദണ്ഡങ്ങള്‍; മാര്‍ഗ്ഗരേഖ നാളെ പുറത്തിറക്കിയേക്കും

Keralam News

പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ മൂല്യനിര്‍ണയ മാനദണ്ഡങ്ങള്‍ സംബന്ധിച്ച മാര്‍ഗ്ഗരേഖ സിബിഎസ്ഇ നാളെ പുറത്തിറക്കിയേക്കും. ഒമ്പത്, പത്ത്, പതിനൊന്ന് ക്ലാസുകളിലെ വാര്‍ഷിക പരീക്ഷ ഫലങ്ങള്‍ കൂടി പരിഗണിച്ചാകും മൂല്യനിര്‍ണയമെന്നാണ് സൂചന. സിബിഎസ്ഇ, ഐസിഎസ്ഇ ബോഡുകള്‍ ഇതിനകം മാര്‍ക്കുകള്‍ ശേഖരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതോടൊപ്പം ക്ലാസിലെ പ്രകടനവും നിരന്തര മൂല്യനിര്‍ണയവും മാനദണ്ഡമായേക്കും. മൂല്യനിര്‍ണയത്തിന് രണ്ട് മാസം എടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ഫലപ്രഖ്യാപനം വൈകരുതെന്നും തീയതി ഉടന്‍ പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും. ഓഫ്‌ലൈന്‍ പരീക്ഷ ഒഴിവാക്കാന്‍ സംസ്ഥാന ഹയര്‍സെക്കണ്ടറി ബോഡുകള്‍ക്കും എന്‍ഐഒഎസിനും നിര്‍ദേശം നല്‍കണമെന്ന ആവശ്യവും ഹരജിയിലുണ്ട്. ബദല്‍ മൂല്യ നിര്‍ണയം ആവശ്യപ്പെട്ടുള്ള ഹരജിയായതിനാല്‍ മൂല്യനിര്‍ണയ മാര്‍ഗരേഖ സംബന്ധിച്ച വിശദാംശങ്ങള്‍ കേന്ദ്രം നാളെ കോടതിയെ അറിയിച്ചേക്കും. പരീക്ഷ റദ്ദാക്കാന്‍ തീരുമാനിച്ചെങ്കിലും മൂല്യനിര്‍ണയം സംബന്ധിച്ച് ആശയക്കുഴപ്പം തുടരുകയാണ്. പത്താം ക്ലാസ് പരീക്ഷ റദ്ദാക്കിയപ്പോള്‍ സ്വീകരിച്ചതാണ് മൂന്ന് വര്‍ഷത്തെ മാര്‍ക്ക് അടിസ്ഥാനമാക്കിയുള്ള മാനദണ്ഡം. അങ്ങനെയെങ്കില്‍ മൂല്യനിര്‍ണയത്തിന് ചുരുങ്ങിയത് രണ്ട് മാസം സമയമെടുത്തേക്കും. സമയബന്ധിതമായി മൂല്യനിര്‍ണയം പൂര്‍ത്തിയാക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published.