മതപരമായ പ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ എന്തിനാണ് പണം ചിലവാക്കുന്നത്; സര്‍ക്കാറിനാട് വിശദീകരണം തേടി ഹൈക്കോടതി

Keralam News

കേരള മദ്രസ അധ്യാപക ക്ഷേമനിധിയിലേക്ക് പണം നല്‍കുന്നത് സംബന്ധിച്ച് കേരള ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി. മതപരമായ പ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ എന്തിനാണ് പണം ചിലവാക്കുന്നതെന്നം കോടതി ചോദിച്ചു. 2019ലെ കേരള മദ്രസ അധ്യാപക ക്ഷേമനിധി ഫണ്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയായിരുന്നു കോടതിയുടെ പരാമര്‍ശങ്ങള്‍. സിറ്റിസണ്‍സ് ഓര്‍ഗനൈസേഷന്‍ ഫോര്‍ ഡെമോക്രസി ഇക്വാലിറ്റി ആന്‍ഡ് സെക്കുലറിസം എന്ന സംഘടനയുടെ പേരില്‍ വാഴക്കുളം സ്വദേശി മനോജ് എന്നയാളാണ് ഹൈക്കോടതിയെ സമീപിച്ചത്.

മദ്രസ അധ്യാപകര്‍ക്ക് പെന്‍ഷനും ആനുകൂല്യങ്ങളും നല്‍കുന്നതിനായി കൊണ്ടുവന്ന കേരള മദ്രസ അധ്യാപക ക്ഷേമനിധി നിയമത്തിനെതിയാരാണ് സംഘടന കോടതിയില്‍ ഹര്‍ജി നല്‍കിയത്. 2018 ഓഗസ്റ്റ് 31നാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പാസാക്കിയത്. ഇത് കൃത്യസമയത്ത് നിയമസഭയിലെത്തിയിട്ടില്ലെന്നാണ് ഹര്‍ജിക്കാരുടെ വാദം. അതിനാല്‍ നിയമം എത്രയും വേഗം റദ്ദാക്കണമെന്നാണ് സംഘടന കോടതി മുമ്പാകെ ആവശ്യപ്പെട്ടത്.

സര്‍ക്കാര്‍ പാസാക്കിയ ഈ നിയമ പ്രകാരമാണ് കേരള മദ്രസാ അധ്യാപക വെല്‍ഫയര്‍ ഫണ്ട് ബോര്‍ഡ് രൂപീകരിച്ചത്. 18നും 55നും ഇടയില്‍ പ്രായമുള്ള മദ്രസ അധ്യാപകര്‍ക്ക് ബോര്‍ഡിലെ അംഗങ്ങളാകാന്‍ വ്യവസ്ഥയുണ്ടായിരുന്നു. കൃത്യസമയത്ത് നിയമസഭയില്‍ പോലും വെക്കാത്ത ഓര്‍ഡിനന്‍സും അതുവഴി സ്ഥാപിതമായ ക്ഷേമനിധി ബോര്‍ഡും കാലഹരണപ്പെട്ടതാണെന്നാണ് ഹര്‍ജിക്കാര്‍ കോടതി മുമ്പാകെ പറഞ്ഞു.

മതപരമായ കാര്യങ്ങള്‍ മാത്രമാണ് മദ്രസാധ്യാപകര്‍ പഠിപ്പിക്കുന്നതെന്ന് ഹര്‍ജിക്കാര്‍ കോടതിക്കുമുന്നില്‍ ചൂണ്ടിക്കാണിച്ചു. ഖുറാന്‍ ഉള്‍പ്പെടെയുള്ള ഇസ്ലാമിക ഗ്രന്ഥങ്ങളെക്കുറിച്ചാണ് മദ്രസകളില്‍ പഠിപ്പിക്കുന്നത്. ഇതിനായി പൊതുപണം ചെലവഴിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. കേരളത്തിലെ മഗ്രസകള്‍ ഉത്തര്‍പ്രദേശിലേയോ ബംഗാളിലെയോ മദ്രസകള്‍ പോലെയല്ല പ്രവര്‍ത്തിക്കുന്നത് എന്നായിരുന്നു ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്താഖ്, കൗസര്‍ എഡപ്പഗത്ത് എന്നിവരടങ്ങിയ ബെഞ്ചിന്റെ നിരീക്ഷണം. അവിടെയെല്ലാം മതപരമായ കാര്യങ്ങള്‍ക്കൊപ്പം മറ്റുള്ളവയും പഠിപ്പിക്കുന്നുണ്ട്. കേരളത്തില്‍ മറ്റ് കാര്യങ്ങളുടെ പഠനം മദ്രസകളില്‍ നടക്കുന്നില്ലെന്നിരിക്കെ എന്തിനാണ് അധ്യാപകര്‍ക്ക് സര്‍ക്കാര്‍ പെന്‍ഷന്‍ നല്‍കുന്നതെന്നാണ് കോടതി ചോദിച്ചത്.

Leave a Reply

Your email address will not be published.