ട്രിപ്പിള്‍ ലോക് ഡൗണ്‍ പിന്‍വലിച്ചെങ്കിലും ജാഗ്രതയോടെ മലപ്പുറം

Keralam News

കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞതിനെ തുടര്‍ന്ന് ട്രിപ്പിള്‍ ലോക് ഡൗണ്‍ പിന്‍വലിച്ചെങ്കിലും മലപ്പുറം ജില്ലയില്‍ ആരോഗ്യ ജാഗ്രത കര്‍ശനമായി തുടരുകയാണ്. ഇപ്പോഴും സംസ്ഥാനത്ത് പ്രതിദിന രോഗികളുടെ എണ്ണത്തില്‍ മലപ്പുറം തന്നെയാണ് മുന്നിലുള്ളത്.

മെയ് 16 ന് പ്രഖ്യാപിച്ച ട്രിപ്പിള്‍ ലോക്ഡൗൺ രണ്ടാഴ്ച്ചക്ക് ശേഷമാണ് മലപ്പുറത്ത് പിൻവലിച്ചത്. ടിപിആര്‍ സര്‍വ നിയന്ത്രണത്തിനുമപ്പുറം 42.6 ലെത്തിയതോടെയായിരുന്നു ജില്ലയില്‍ ട്രിപ്പിള്‍ ലോക്ഡൗൺ പ്രഖ്യാപിക്കേണ്ടി വന്നത്. പതിനാല് ദിവസത്തെ കര്‍ശന നിയന്ത്രണത്തിലൂടെ ഇത് 12.34 ലെത്തിക്കാനായതോടെയാണ് ട്രിപ്പിള്‍ ലോക്ഡൗൺ പിൻവലിച്ചത്. പക്ഷെ ജില്ലയില്‍ പ്രതിദിന രോഗബാധിതരുടെ എണ്ണത്തില്‍ കുറവുവന്നിട്ടില്ല. ട്രിപ്പിള്‍ ലോക്ഡൗൺ പ്രഖ്യാപിച്ച മെയ് 16 ന് 4424 ആയിരുന്നു രോഗികളുടെ എണ്ണമെങ്കില്‍ ഇന്നലെ അത് 3990ലേ എത്തിയിട്ടുള്ളൂ. ഈ സാഹചര്യത്തില്‍ ജാഗ്രത നിർദേശം കര്‍ശനമായിതന്നെ പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.

ട്രിപ്പില്‍ ലോക്ഡൗൺ പിൻവലിച്ചെങ്കിലും മറ്റു ജില്ലയില്‍ നിലവിലുളള ലോക്ഡൗൺ നിയന്ത്രണങ്ങള്‍ മലപ്പുറം ജില്ലയില്‍ ശക്തമായി തുടരുമെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി. 64,040 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 45,039 പേരാണ് ചികിത്സയിലുള്ളത്. എന്നാൽ കൊവിഡ് വാക്സിന്‍റെ ലഭ്യതക്കുറവ് ജില്ലയില്‍ വാക്സിനേഷന് പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്.

Leave a Reply

Your email address will not be published.