മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണവിഭാഗം മേധാവി ടോമിന്‍ തച്ചങ്കരി

Keralam News

തിരുവനന്തപുരം: ഡിജിപി ടോമിന്‍ ജെ തച്ചങ്കരിയെ കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ എംഡി സ്ഥാനത്ത് നിന്ന് മാറ്റി. ടാമിന്‍ തച്ചങ്കരിയുടെ പുതിയ നിയമനം മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണ വിഭാഗം മേധാവിയായാണ്. ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് (ഇന്‍വെസ്റ്റിഗേഷന്‍) ആയാണ് നിയമിച്ചത്. ഒരു വര്‍ഷമാണ് കാലാവധിയെന്ന് ഉത്തരവില്‍ പറയുന്നു. ഡിജിപി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥനെ മനുഷ്യാവകാശ കമ്മീഷന്റെ തലപ്പത്ത് നിയമിക്കുന്നത് ആദ്യമായാണ്. പുതിയ നിയമനം സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേക്കു പരിഗണിക്കുന്നതിനിടെയാണ്.

കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് ടോമിന്‍ ജെ തച്ചങ്കരിക്ക് ഡിജിപിയായി സ്ഥാനക്കയറ്റം ലഭിച്ചത്. ടോമിന്‍ ജെ തച്ചങ്കരിയെ ഡിജിപി ആയി സ്ഥാനക്കയറ്റം നല്‍കിയത് റോഡ് സേഫ്റ്റി കമ്മീഷണറായിരുന്ന എന്‍. ശങ്കര്‍ റെഡ്ഢി വിരമിച്ച ഒഴിവിലേക്കാണ് . ജൂണില്‍ സംസ്ഥാന പൊലീസ് മേധാവി പദവിയില്‍ നിന്ന് ലോക്നാഥ് ബെഹ്‌റ വിരമിക്കുമ്പോള്‍ ആ സമയത്തെ സംസ്ഥാനത്തെ ഏറ്റവും സീനിയര്‍ ഐപിഎസ് ഉദ്യോഗസ്ഥനായിരിക്കും ടോമിന്‍ ജെ തച്ചങ്കരി.

ടോമിന്‍ ജെ തച്ചങ്കരി നേരത്തെ കോഴിക്കോട്, ആലപ്പുഴ, ഇടുക്കി, എറണാകുളം, പാലക്കാട്, കണ്ണൂര്‍ ജില്ലകളുടെ പൊലീസ് മേധാവി ആയിരുന്നു. കണ്ണൂര്‍ റേഞ്ച് ഐജി, പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സ് എഡിജിപി, ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഫയര്‍ ഫോഴ്സ് മേധാവിയായും കെ എസ്‌നി ആര്‍ ടി സി ഉള്‍പ്പെടെ നിരവധി പൊതു മേഖലാ സ്ഥാപനങ്ങളുടെ തലവനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ടോമിന്‍ ജെ തച്ചങ്കരിക്ക് ഇനിയുള്ളത് രണ്ട് വര്‍ഷത്തെ സേവനകാലാവധിയാണ്.

അതേസമയം, ഡോ. ബി അശോകിനെ വീണ്ടും ഊര്‍ജ സെക്രട്ടറിയായി നിയമിച്ചു. മുന്‍മന്ത്രി എം എം മണിയുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്നാണ് ബി അശോകിനെ ഊര്‍ജ സെക്രട്ടറി സ്ഥാനത്ത് നിന്ന് നേരത്തെ മാറ്റിയിരുന്നു.

Leave a Reply

Your email address will not be published.