കടലാക്രമണ ബാധിതരായ നൂറ് കുടുംബങ്ങള്‍ക്ക് കൂടി ഭവനമൊരുങ്ങുന്നു

Local News

മലപ്പുറം : കടലാക്രമണത്തില്‍ വീടും സ്ഥലവും നഷ്ടമായ നൂറ് കുടുംബങ്ങള്‍ക്ക് കൂടി തലചായ്ക്കാന്‍ സുരക്ഷ സ്ഥാനമൊരുങ്ങുന്നു. നിലവിലെ ഫിഷര്‍മെന്‍ ഭവന സമുച്ചയത്തിന് സമീപം പുതിയ ഫ്‌ലാറ്റുകളുടെ നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് തുടക്കമായി.നാല് കോടി രൂപ ചെലവഴിച്ചാണ് കൂടുതല്‍ സൗകര്യത്തോടെ ഭവന സമുച്ചയം നിര്‍മ്മിക്കുന്നത്. 540 ചതുശ്ര അടിയിലാണ് ഓരോ ഫ്‌ലാറ്റും നിര്‍മ്മിക്കുക.ഇതിന്റെ തറ നിര്‍മ്മാണം ആരംഭിച്ചു.18 മാസം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തീകരിക്കാനാണ് തീരുമാനം.12 ബ്ലോക്കുകളില്‍ ഇരുനില വീടുകളാണ് നിര്‍മ്മിക്കുക. നിലവിലെ ഫ്‌ലാറ്റില്‍ 128 കുടുംബങ്ങളാണ് താമസിക്കുന്നത്. പുതുതായി 100 നിര്‍മ്മിക്കുന്ന ഫ്‌ലാറ്റില്‍ 100 കുടുംബങ്ങള്‍ക്ക് കൂടി താമസിക്കാനാകും.ഇരു ഫ്‌ലാറ്റുകള്‍ക്കുമായുള്ള മലിന ജല സംസ്‌ക്കരണ പ്ലാന്റും നിര്‍മ്മിക്കുന്നുണ്ട്.കൂടാതെ ശുദ്ധജല പദ്ധതിയും നടപ്പാക്കും. കടലാക്രമണത്തില്‍ വീടും, സ്ഥലവും നഷ്ടമായവര്‍ക്ക്കൂടുതല്‍ സൗകര്യമൊരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ കൂടുതല്‍ ഫ്‌ലാറ്റുകള്‍ നിര്‍മ്മിക്കുന്നത്
അതേ സമയം മേഖലയിലെ കടല്‍ഭിത്തി നിര്‍മാണത്തില്‍ ഗവണ്‍മെന്റിന്റെ അടിയന്തര ശ്രദ്ധയുണ്ടാകണമെന്ന് സ്ഥലം ലോകസഭാ എം.പി.യായ ഇ.ടി.മുഹമ്മദ് ബഷീര്‍ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു. കടല്‍ഭിത്തി നിര്‍മാണത്തിന്റെ ചുമതല സംസ്ഥാന സര്‍ക്കാറിന് കൈമാറിയതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ ഗൗരവപരമായ സമീപനം ഇക്കാര്യത്തില്‍ സ്വീകരിക്കണമെന്നും ഇ.ടി.യോഗത്തില്‍ ആവശ്യപ്പെട്ടു. പൊന്നാനി പാര്‍ലമെന്റ് മണ്ഡലത്തില്‍ ഉള്‍ക്കൊള്ളുന്ന തീരപ്രദേശങ്ങളത്രയും വലിയ തോതിലുള്ള കടലാക്രമണ ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. ജനങ്ങളുടെ സുരക്ഷിതത്തവും അവരുടെ ജീവിതമാര്‍ഗവും എല്ലാം തന്നെ മുടങ്ങുന്ന ഒരു സാഹചര്യം വന്നുചേര്‍ന്നിട്ടുണ്ട്. ഇക്കാര്യത്തിന് ഗവണ്‍മെന്റ് മറ്റ് ഏതിനേക്കാളും മുന്‍ഗണന നല്‍കണമെന്നും കേന്ദ്ര സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ഇക്കാര്യത്തില്‍ ചെയ്യേണ്ട കാര്യങ്ങള്‍ക്കായി പ്രത്യേകമായി കേന്ദ്ര സര്‍ക്കാറുമായി സംസ്ഥാന സര്‍ക്കാര്‍ സംസാരിക്കണമെന്നും സര്‍ക്കാര്‍ ഉത്തരവാദിത്വം നിര്‍വ്വഹിക്കണമെന്നും എം.പി ചൂണ്ടിക്കാട്ടി. തുടര്‍ന്ന് മറുപടി പറഞ്ഞ മുഖ്യമന്ത്രി തീരദേശവുമായി ബന്ധപ്പെട്ട കാര്യത്തില്‍ ഗൗരവമായ ശ്രദ്ധയുണ്ടാകുമെന്ന് വ്യക്തമാക്കി.